നെടുമ്പാശേരി: മർദനങ്ങൾക്കും കൊടിയ യാതനകൾക്കും വിട നൽകി വിദേശത്തെ 14 മാസത്തോളം നീണ്ട ജയിൽവാസത്തിനൊടുവിൽ കബീർ നാട്ടിൽ തിരിച്ചെത്തി.[www.malabarflash.com]
കുവൈറ്റിലുള്ള ബന്ധുവിനു നൽകാൻ സുഹൃത്തുക്കൾ കൊടുത്തുവിട്ട ഉണക്ക ഇറച്ചിപ്പൊതിയിൽ കഞ്ചാവ് കണ്ടെത്തിയ കേസിൽപ്പെട്ടാണ് പെരുമ്പാവൂർ സൗത്ത് വല്ലം പറക്കുന്നൻ വീട്ടിൽ പി.എസ്. കബീർ (47) ജയിലിൽ കഴിഞ്ഞത്. ഒടുവിൽ നിരപരാധിയെന്നു തെളിഞ്ഞതോടെ കുവൈറ്റിൽ ടാക്സി ഡ്രൈവറായി ജോലി നോക്കിയിരുന്ന കബീറിന്റെ മോചനം സാധ്യമാകുകയായിരുന്നു.
കുവൈറ്റിൽ നിന്ന് വെളളിയാഴ്ച രാവിലെ 9.30 മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഖത്തർ എയർവെയ്സ് വിമാനത്തിലാണ് കബീർ തിരികെയെത്തിയത്.
2013ൽ കുവൈറ്റിലേക്കുപോയ കബീർ 2015ൽ ആദ്യ അവധിക്കുവന്ന് കുവൈറ്റിലേക്ക് മടങ്ങിയപ്പോഴാണ് ഇയാൾ കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങിയത്. കൂടെ ജോലി ചെയ്യുന്ന ചെമ്പറക്കി സ്വദേശി അൽത്താഫ്, പെരുമ്പാവൂർ കൊത്താശേരി സ്വദേശി റിൻഷാദ് എന്നിവർക്ക് കൊടുക്കുന്നതിനായി ബന്ധുക്കൾ കൊടുത്തു വിട്ട ഉണക്കിയ ഇറച്ചിപ്പൊതിയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ഇത് കുവൈറ്റ് വിമാനത്തവളത്തിൽ നടന്ന പരിശോധനയിൽ കണ്ടെടുക്കുകയായിരുന്നു. തുടർന്ന് നിരപരാധിത്വം തെളിയിക്കാനാവാതെ വന്നതുകൊണ്ട് കബീർ ജയിലായി. 15 വർഷം തടവും 10,000 ദിനാർ പിഴയും ആണ് കോടതി ശിക്ഷയായി വിധിച്ചത്. ഇത് നാട്ടിലറിഞ്ഞതിനെത്തുടർന്ന് ഭർത്താവ് നിരപരാധിയാണെന്ന് കാണിച്ചു ഭാര്യ പെരുമ്പാവൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കബീർ നിരപരാധിയാണന്ന് തെളിയുകയും യഥാർഥ പ്രതികളെ പിടികൂടുകയും ചെയ്തു. കേരള പോലീസിന്റെ റിപ്പോർട്ട് സഹിതം ഇന്ത്യൻ എംബസി നടത്തിയ ഇടപെടലുകളാണ് കബീറിന്റെ മോചനം സാധ്യമാക്കിയത്. അറിയാതെയാണങ്കിലും കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് പിടിയിലായതിനാൽ കുവൈറ്റ് പോലീസ് അതിക്രൂരമായി മർദിച്ചുവെന്ന് കൊച്ചിയിലെത്തിയ കബീർ പറഞ്ഞു. മൂന്നാമത്തെ കോടതിയിൽ അപ്പീൽ നൽകിയതിനുശേഷമാണ് നിരപരാധിത്വം തെളിയിക്കുവാൻ സാധിച്ചത്.
അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി കെ.സി. ജോസഫ് എന്നിവരുടെ ഇടപെടലുകളും മോചനം എളുപ്പമാക്കാൻ കാരണമായെന്നും കബീർ വ്യക്തമാക്കി.
കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തിലെത്തിയ കബീറിനെ പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു അബേൽ ജെയ്ക്കബ്, പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് എൻ.എ. ഹസൻ, എസ്.എ. മുഹമ്മദ്, എം.ഇ. നജീബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത് -
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment