Latest News

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഫാ.റോബിന്‍ വടക്കഞ്ചേരിയെ രൂപതയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂർ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ പുരോഹിതന് സഭാ പരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പീഡനത്തിന് പോലീസ്‌ അറസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് സഭാ നടപടി.[www.malabarflash.com]

 വൈദികനെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി വികാരി സ്ഥാനത്തു നിന്നു നീക്കികൊണ്ട് മാനന്തവാടി രൂപത ബിഷപ്പ് ജോസ് പൊരുന്നേടംസര്‍ക്കുലര്‍ പുറത്തിറക്കി.

വൈദികനെ സംരക്ഷിക്കാൻ ഉന്നത ഇടപെടൽ നടക്കുന്നതായും  പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ക്രിസ്തുരാജ ആശുപത്രി അധികൃതർക്കെതിരെയും വൈദികനെ രക്ഷപെടുത്താൻ ശ്രമിച്ചവർക്കെതിരെയും കേസെടുക്കാനും  പോലീസ് ആലോചിക്കുന്നു. മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഫാദർ പ്രവർത്തിച്ചിരുന്നത്. തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രി സേക്രട് ഹാർഡ് കന്യാസ്ത്രീ മഠത്തിന് കീഴിലുള്ളതാണ്.

തലശ്ശേരി അതിരൂപതയ്ക്ക് കീഴിലാണ് ഈ മഠത്തിന്റെ പ്രവർത്തനം. പെൺകുട്ടിയേയും നവജാത ശിശുവിനേയും ഒളിവിൽ താമസിപ്പിച്ചത് വൈത്തിരിയിലെ മഠത്തിലാണ്. മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഈ മഠമെന്നാണ് സൂചന. അതുകൊണ്ട് തന്നെ രണ്ട് രൂപതകളെ പ്രതിസന്ധിയിലാക്കുന്നതാണ് റോബിന്റെ പീഡനം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളം പുത്തൻവേലിക്കര ലൂർദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിൻ ഫിഗരിസ് പീഡിപ്പിച്ച കേസിൽ പെൺകുട്ടിയെ പരിശോധിച്ച വനിതാ ഡോക്ടർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. വിചാരണ കോടതി ഡോക്ടറെ താക്കീത് ചെയ്യുകയും ഇത്തരം തെറ്റ് ഇനി ആവർത്തിക്കരുതെന്നും നിർദ്ദേശിച്ച് ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

അന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള 2012ലെ പോക്സോ നിയമപ്രകാരം ഡോ. അജിതയ്ക്കെതിരെ കേസ് എടുത്തത്. കേരളത്തിൽ ആദ്യമായാണ് പീഡനകേസിൽ പരിശോധിച്ച ഡോക്ടർക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇത് കോടതി ശരിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യം കൊട്ടിയൂരിലെ പീഡനത്തിലും ഉണ്ട്.

റോബിനെ സഹായിച്ചവരെല്ലാം പോസ്‌കോ പ്രകാരം അകത്താകാൻ സാധ്യത ഏറെയാണ്. എന്നാൽ ഇത് ഒഴിവാക്കാനുള്ള കള്ളക്കളികൾ സജീവമാണ്. പെൺകുട്ടിയെ ചികിൽസിച്ച ആശുപത്രി, പ്രസവം എടുത്ത ഡോക്ടർ, ഒളിവിൽ താമസിപ്പിച്ച കന്യാസ്ത്രീ മഠം എന്നിവരെല്ലാം പോസ്‌കോ പ്രകാരം പ്രതിസന്ധിയിലാകുമെന്ന തിരിച്ചറിവ് സഭയ്ക്ക് വന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ഫാദർ റോബിനെ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത ആദ്യമേ രംഗത്ത് വന്നത്.

കുട്ടികൾക്കെതിരായ അക്രമം തടയുന്നതിനുള്ള പോക്സോ വകുപ്പാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ തന്നെ വിചാരണ കഴിയുംവരെ വൈദികന് ജാമ്യം ലഭിക്കില്ല. പീഡനത്തിന് ഇരയായ പെൺകുട്ടിയേയും പ്രസവിച്ച കുട്ടിയേയും ചൈൽഡ് ലൈൻ കണ്ടെത്തിയത് വയനാട്ടിലെ വൈത്തിരിയിലെ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ നിന്നാണ്. 

പെൺകുട്ടിയുടെ പ്രായം പതിനാറാണെന്ന് ഇവർക്കും അറിയാമായിരുന്നുവെന്നാണ്  പോലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ ഈ അനാഥാലയത്തിന് എതിരേയും ആശുപത്രിക്കെതിരേയും കുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും കേസ് എടുക്കണ്ടി വരും. ജാമ്യമില്ലാത്ത വകുപ്പായതിനാൽ ഇവർക്കെല്ലാം ദീർഘകാലം അകത്തു കിടക്കേണ്ടിയും വരും. 

ആശുപത്രി അധികൃതരും കന്യാസ്ത്രീകളും മറ്റേതെങ്കിലും സഭാ പ്രമുഖന്റെ പേര് മൊഴിയായി നൽകിയാൽ അവർക്കെതിരേയും കേസെടുക്കേണ്ടി വരും. അങ്ങനെ കത്തോലിക്കാ സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഈ പീഡനം മാറുകയാണ്.

കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ എജെഎം ഹയർസെക്കൻഡറി സ്‌കൂൾ മാനെജരുമായ റോബിൻ വടക്കുംചേരിയുടെ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. നേരത്തെയും ഇതെ സ്‌കൂളിൽ നിന്നും സമാനമായ രീതിയിൽ പീഡന ആരോപണം ഉയർന്നിരുന്നു. ഇതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് കണ്ണൂർ എസ്‌പി ശിവവിക്രം വ്യക്തമാക്കിയിട്ടുണ്ട്. 

പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി 20 ദിവസം മുമ്പ് ജന്മംനൽകിയ ആൺകുഞ്ഞിനെ  പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.