Latest News

നാലുദിവസം പ്രായമുള്ള നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി

കോഴഞ്ചേരി: നാലുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍നിന്ന് സ്ത്രീ തട്ടിക്കൊണ്ടുപോയി. റാന്നി മാടത്തുംപടി കാവുംമൂലയില്‍ സജി-അനിത ദമ്പതിമാരുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്.[www.malabarflash.com]

വ്യാഴാഴ്ച രാവിലെ 11.10 ഓടെയാണ് സംഭവം. പോലീസും നാട്ടുകാരും വ്യാപകതിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ ഡി.എം.ഒ.യോട് ആരോഗ്യമന്ത്രി പി.കെ.ശൈലജ അടിയന്തരറിപ്പോര്‍ട്ട് തേടി.

ഞായറാഴ്ച രാവിലെ 8.30നാണ് അനിത പ്രസവിച്ചത്. ബുധനാഴ്ച വന്ധ്യംകരണശസ്ത്രക്രിയ നടത്തിയശേഷം അനിതയെ ലേബര്‍റൂമില്‍ കിടത്തിയിരിക്കുകയായിരുന്നു. അനിതയുടെ അമ്മയും സജിയുമായിരുന്നു വാര്‍ഡില്‍ കുഞ്ഞിനടുത്ത്. തുണി കഴുകുന്നതിന് അമ്മൂമ്മ പുറത്തേക്കു പോയപ്പോള്‍ കുഞ്ഞിനെ സജിയെ ഏല്പിച്ചു. പ്രസവവാര്‍ഡില്‍ ഡോക്ടറെക്കാത്ത് സജി ഇരിക്കുമ്പോള്‍, കുട്ടിയെ പാല്‍ കൊടുക്കാന്‍ കൊണ്ടുപോകാനെന്നുപറഞ്ഞ് ഏകദേശം 30 വയസ്സു പ്രായമുള്ള സ്ത്രീ വന്നു. ഇവര്‍ കുഞ്ഞിനെ വാങ്ങി അകത്തേക്കുപോയി. കഴിഞ്ഞദിവസം ആശുപത്രിയില്‍ ഇവരെ പരിചയപ്പെട്ടിരുന്നു. ഈ സ്ത്രീ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി എന്നാണു പരിചയപ്പെടുത്തിയിരുന്നത്.

അല്പം കഴിഞ്ഞപ്പോള്‍ നഴ്‌സ് വന്ന് കുട്ടി എവിടെയെന്നു ചോദിച്ചപ്പോഴാണ്, മോഷ്ടിക്കപ്പെട്ടതു മനസ്സിലായത്. ദമ്പതിമാരുടെ രണ്ടാമത്തെ കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോയത്.

സംഭവമറിഞ്ഞ് കോഴഞ്ചേരി സി.ഐ.യും ആറന്മുള എസ്.ഐ.യും എത്തി, ആശുപത്രിയിലെ സി.സി.ടി.വി. പരിശോധിച്ചു. ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ കുഞ്ഞുമായി കാന്‍സര്‍ സെന്റര്‍ പേവാര്‍ഡിനു മുമ്പിലൂടെ കവാടത്തിലേക്കു നടന്നുവരുന്നത് അതില്‍ കണ്ടു. 11.12 ആണ് ക്യാമറയിലെ സമയം. 11.15ന് മാതൃശിശുവാര്‍ഡിനു മുമ്പിലെ ക്യാമറയില്‍, ഇവര്‍ ഓട്ടോയില്‍ ഗേറ്റുകടന്നു പോകുന്ന ദൃശ്യവും ലഭിച്ചു.

ജില്ലയിലെ എല്ലാ പോലീസ്സ്‌റ്റേഷനുകളിലേക്കും തിരുവല്ല, ചെങ്ങന്നൂര്‍ െറയില്‍വേ സ്റ്റേഷനുകളിലേക്കും വിവരം നല്‍കി. രണ്ടുമണിയോടെ കൈക്കുഞ്ഞുമായി ഒരു യുവതി പത്തനംതിട്ട കുലശേഖരപേട്ടയില്‍ക്കൂടി പോകുന്നതായി വിവരം ലഭിച്ചു. പോലീസ് ഇവിടംമുതല്‍ മൈലപ്രവരെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

കോട്ടയം കങ്ങഴ പത്തനാട് പനയ്ക്കപതാലില്‍ പാസ്റ്ററാണ് സജി. സജിയുടെ സഹോദരിയെയുംമറ്റും അറിയാമെന്ന് അനിതയോടും ഈ സ്ത്രീ പറഞ്ഞിരുന്നു.

ആശുപത്രിയിലെ സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.