Latest News

കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമരത്തിന് പിന്തുണയുമായി നവദമ്പതികളെത്തി

ഉദുമ: കാസർകോട് പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്ലറ്റ് ജനവാസ കേന്ദ്രമായ കൂളിക്കുന്നിൽ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമരസമിതി നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന് പിന്തുണയുമായി നവദമ്പതികളെത്തി.[www.malabarflash.com]

ഞായറാഴ്ച വിവാഹിതരായ കാസർകോട് പബ്ലിക് സർവൻസ് കോ-ഓപറേറ്റീവ് ബാങ്ക് ജീവനക്കാരൻ മാങ്ങാട് കൂളിക്കുന്ന് അണിഞ്ഞയിലെ ടി.മഹേഷും ഭാര്യ രാജപുരം പടിമരുതി ലെ അശ്വതിയുമാണ് കതിർ മണ്ഡപത്തിൽ നിന്നും നേരെ സമര പന്തലിലെത്തിയത്. 

ഭാര്യയുടെ കൈ പിടിച്ച് സമര പന്തലിലെത്തിയ നവദമ്പതികളെ സമര സമിതി ഭാരവാഹികൾ സ്വീകരിച്ചു. ഇരുവരും മിനുട്സ് ബുക്കിൽ ഒപ്പു ചാർത്തി സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഒരു നാടു മുഴുവൻ നടത്തുന്ന സമരത്തിന് ഞങ്ങളുടെ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് മഹേഷ് പറഞ്ഞു.
മദ്യനിരോധ സംസ്ഥാന സമിതിയംഗങ്ങളും , ജില്ലാ കമ്മിറ്റിയംഗങ്ങളും സമര പന്തൽ സന്ദർശിച്ചു. ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് മേൽ മദ്യഷാപ്പ് അടിച്ചേൽപ്പിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സംസ്ഥാന സമിതിയംഗം ടി.കെ ഗീതാമ്മ പറഞ്ഞു.
മദ്യം സർക്കാറിന് ലാഭമല്ല , മനുഷ്യനും നാടിനും സമൂഹത്തിനും സാമ്പത്തികമായും, സാമൂഹികമായും , നഷ്ടം വരുത്തുന്നതും പൊതുസമൂഹത്തിന്റെ സമാധാനം കെടുത്തുന്നതുമാണ് മദ്യമെന്നും , ഭരണകൂടം തന്നെ അതിന്റെ വിൽപനക്കാരാകുന്നത് ശരിയല്ലെന്നും മദ്യനിരോധന സമിതി ജില്ലാ പ്രസിഡണ്ട് എ.യു മത്തായി പറഞ്ഞു.
ഇരുപത് ദിവസം പിന്നിട്ട അനിശ്ചിതകാല രാപ്പകൽ സമരത്തിന് എല്ലാവിധ പിന്തുണയും അർപ്പിക്കുന്നതായും ഇത്തരം ജനകീയ സമരങ്ങൾ സമൂഹത്തിന് മാതൃകപരമാണെന്നും , കൂളിക്കുന്ന് മദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറണമെന്നും മദ്യനിരോധന സമിതി അംഗങ്ങളായ പി.ജെ പൗലോസ്,രാജൻ പൊയിനാച്ചി,സിസ്റ്റർ എ.ഇ മേരി, ഏലിയാമ്മ എന്നിവർ ആവശ്യപ്പെട്ടു.
സമരസമിതി കൺവീനർ മുഹമ്മദ് കുഞ്ഞി കുളത്തിങ്കൽ സ്വാഗതം പറഞ്ഞു. ചെയർമാൻ ഗോപാലൻ നായർ എടച്ചാൽ അധ്യക്ഷത വഹിച്ചു.
വോയ്സ് ഓഫ് കുന്നാറ, ഡി.എ.ഡബ്ല്യു.ഡി.എഫ് ഉദുമ ഏരിയ കമ്മിറ്റി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, വൈസ് പ്രസിഡണ്ട് റഊഫ് ഉദുമ, പള്ളിക്കര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ബി ഷാ നവാസ് എന്നിവർ സമര പന്തൽ സന്ദർശിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.