Latest News

കുവൈത്തില്‍ മലയാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; കൊലപാതകമെന്ന് ബന്ധുക്കള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദുരൂഹസാഹചര്യത്തില്‍ മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി അയ്യത്തായില്‍ റിയാസിനെയാണ് (32) അഹ്മദിയിലെ സ്വദേശി പാര്‍പ്പിട മേഖലയിലെ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com] 

അതേസമയം, റിയാസിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമര്‍പ്പിച്ചു.
പരാതി സ്വീകരിച്ച മുഖ്യമന്ത്രിയുടെ ഓഫിസ് തുടര്‍നടപടികള്‍ക്കായി അഡീഷനല്‍ ചീഫ് സെക്രട്ടറി, നോര്‍ക്ക തുടങ്ങിയവക്ക് കൈമാറിയതായി അറിയിച്ചിട്ടുണ്ട്. 

സ്‌പോണ്‍സര്‍ ഇരുമ്പുദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. പരിസരവാസികളും സുഹൃത്തുക്കളുമായ മലയാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കളുടെ പരാതി. 

അഹ്മദിയിലെ സ്വദേശി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്ന റിയാസ് വ്യാഴാഴ്ച രാവിലെ വരെ നാട്ടില്‍ വിളിക്കുകയും വീട്ടുകാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം. റിയാസ് വീടിനുമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് സ്‌പോണ്‍സര്‍ പോലീസിന് നല്‍കിയ മൊഴി.
എന്നാല്‍, സ്‌പോണ്‍സര്‍ റിയാസിനെ കൊലപ്പെടുത്തി കെട്ടിടത്തിനു മുകളില്‍നിന്നും താഴോട്ട് എറിഞ്ഞുവെന്നാണ് ഇയാളുടെ സുഹൃത്തായ മലയാളി റിയാസിന്റെ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.