Latest News

ജയില്‍ സന്ദര്‍ശകര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു; തടവുകാരോട് രാഷ്ട്രീയം പറയുന്നതിനും വിലക്ക്


കൊച്ചി: ജയിലില്‍ തടവുകാരെ കാണാനെത്തുന്നവര്‍ ഇനി രാഷ്ട്രീയം പറയരുതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ആധാര്‍ കാര്‍ഡ് ഹാജരാക്കുന്ന സന്ദര്‍ശകരെ മാത്രം തടവുകാരെ സന്ദര്‍ശിക്കാ!ന്‍ അനുവദിച്ചാല്‍ മതിയെന്നും കേന്ദ്രം നിര്‍ദേശിച്ചു. [malabarflash.com]

കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ 10 ദിവസത്തിനകം നടപ്പാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന ജയില്‍ മേധാവി ജയില്‍ സൂപ്രണ്ടുമാര്‍ക്കു സര്‍ക്കുലര്‍ നല്‍കി. തീവ്രവാദ ബന്ധമുള്ളവര്‍ തടവുകാരെ സന്ദര്‍ശിച്ച് ആശയപ്രചാരണം നടത്തുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്.

ഭാവിയില്‍ കാണാനെത്തുന്നവരുടെ പട്ടിക തടവുകാരനില്‍നിന്നു ജയില്‍ പ്രവേശന സമയത്തു തന്നെ വാങ്ങി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. ആഴ്ചയില്‍ ഒരു ദിവസമായിരുന്നു ഇതുവരെ സന്ദര്‍ശകരെ അനുവദിച്ചിരുന്നത്. പരമാവധി ഏഴു സന്ദര്‍ശകരെ കാണാനും അനുമതിയുണ്ടായിരുന്നു.

ഇനി മൂന്നു സന്ദര്‍ശകരെ അനുവദിച്ചാല്‍ മതിയെന്നാണു നിര്‍ദേശം. ഇവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് നമ്പര്‍ സന്ദര്‍ശക റജിസ്റ്ററില്‍ രേഖപ്പെടുത്തണം. ആധാര്‍ രേഖ കൈവശമുള്ളവര്‍ക്കു മാത്രമേ കൂടിക്കാഴ്ച അനുവദിക്കുകയുള്ളൂവെന്ന വിവരം തടവുകാരും പൊതുജനങ്ങളും കാണുംവിധം പരസ്യപ്പെടുത്തിയശേഷമാണ് ആധാര്‍ നിര്‍ബന്ധമാക്കേണ്ടത്.

നിലവില്‍ വോട്ടര്‍ ഐഡി ഉള്‍പ്പെടെ ഏതു തിരിച്ചറിയല്‍ രേഖയും ഉപയോഗിക്കാമായിരുന്നു. കാണാനെത്തുന്നവര്‍ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ മാത്രമേ തടവുകാരുമായി സംസാരിക്കുന്നുള്ളൂ എന്നുറപ്പുവരുത്തണം. ഒരു കാരണവശാലും സംസാരത്തില്‍ രാഷ്ട്രീയം പാടില്ല. കൂടാതെ ജയില്‍ഭരണം, ജയിലിലെ അച്ചടക്കം, മറ്റു തടവുകാരെ സംബന്ധിക്കുന്ന വിഷയങ്ങള്‍ എന്നിവയും സംസാരിക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തെ സംബന്ധിച്ച് അപ്രായോഗികമാണു പുതിയ നിര്‍ദേശങ്ങളില്‍ പലതും. രാഷ്ട്രീയത്തടവുകാര്‍ ഏറെയുള്ള കേരളത്തിലെ ജയിലുകളില്‍, ഇവരില്‍ പലരും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹികളുമാണ്.

സംസ്ഥാനത്ത് നല്ലൊരു ശതമാനം പേര്‍ക്ക് ആധാര്‍ കാര്‍ഡും ഇല്ല. എട്ടും പത്തും വര്‍ഷം ജയില്‍വാസം ശിക്ഷ ലഭിച്ച് എത്തുന്നവര്‍, ഭാവിയില്‍ തങ്ങളെ സന്ദര്‍ശിക്കുന്നവരുടെ പട്ടിക എങ്ങനെ മുന്‍കൂട്ടി നല്‍കും എന്നതാണു മറ്റൊരു സംശയം.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.