Latest News

കൊല്ലം നഗരത്തെ നടുക്കി വന്‍ അഗ്‌നിബാധ: പത്തു കോടിയുടെ നഷ്ടം

കൊല്ലം: നഗരത്തെ നടുക്കി ചിന്നക്കട – പായിക്കട റോഡില്‍ വന്‍ അഗ്‌നിബാധ. ചിന്നക്കട കാര്‍ത്തിക ഹോട്ടലിലേക്കുള്ള പ്രവേശന കവാടത്തിനു സമീപം ലോഹപ്പാത്രങ്ങളുടെ സംഭരണശാല ഉള്‍പ്പെടെ 11 കടകളാണു കത്തിനശിച്ചത്.[www.malabarflash.com]

ശനി പുലര്‍ച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. ഗൃഹോപകരണങ്ങളും തുണിത്തരങ്ങളും ഉള്‍പ്പെടെയുള്ള വില്‍പനശാലകളാണു കത്തിയത്. വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളും ഓയിലും വില്‍ക്കുന്ന കട ഉണ്ടായിരുന്നത് അഗ്‌നിബാധയുടെ വ്യാപ്തി വര്‍ധിക്കാനിടയാക്കി.
10 സ്‌റ്റേഷനുകളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ മൂന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം രാവിലെ എട്ടു മണിയോടെയാണു തീയണച്ചത്. പത്തു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണു പ്രാഥമിക വിലയിരുത്തല്‍.
പുലര്‍ച്ചെ നാലരയോടെയാണു ചിന്നക്കട മുസ്‌ലിം ജമാഅത്ത് പള്ളിക്ക് എതിര്‍വശത്തെ കടകളില്‍ തീപിടിച്ചത്. ചാമക്കടയില്‍ നിന്നും കടപ്പാക്കടയില്‍ നിന്നുമുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ എത്തുമ്പോള്‍ ഒരു വരിയിലെ 11 കടകളില്‍ തീ ആളിക്കത്തുകയായിരുന്നു.
ഓടിട്ടതും തടി കൊണ്ടു നിര്‍മിച്ച തട്ടുകളോടു കൂടിയതുമായ ഇരുനില കടകളായിരുന്നതിനാല്‍ തീപിടിച്ച ഉടന്‍ ആളിക്കത്തി. തടി ഭാഗങ്ങള്‍ റോഡിലേക്കു തെറിച്ചു വീണു കത്തി. തീ വ്യാപിക്കുന്നതു വന്‍ദുരന്തത്തിന് ഇടയാക്കുമെന്നു വന്നതോടെ ജില്ലയിലെ മറ്റ് എട്ടു സ്‌റ്റേഷനുകളില്‍ നിന്നു കൂടി അഗ്‌നിശമനസേനയെ വിളിച്ചു വരുത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് ഇടയാക്കിയതെന്നാണു പ്രാഥമിക നിഗമനം. ഈ ഭാഗത്ത് എവിടെയെങ്കിലും വെള്ളിയാഴ്ച രാത്രി വെല്‍ഡിങ് ജോലികളോ അതുപോലെ വല്ലതും നടത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
വിവിധ ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍മാരായ ഹരികുമാര്‍, ഉല്ലാസ്, രാംകുമാര്‍, ബൈജു, ക്ലീറ്റസ്, ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ജില്ലാ ഫയര്‍ ആര്‍ഡ് സേഫ്റ്റി ഓഫിസര്‍ കെ.കെ.ഷിജു, ടെക്‌നിക്കല്‍ ഡയറക്ടര്‍ ഇ.ബി.പ്രസാദ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
എസിപിമാരായ ജോര്‍ജ് കോശി, സി.അശോകന്‍, ഈസ്റ്റ് സിഐ എസ്.മഞ്ജുലാല്‍, എസ്‌ഐ രൂപേഷ് രാജ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിച്ചു. 

എംഎല്‍എമാരായ എം.മുകേഷ്, എം.നൗഷാദ്, മേയര്‍ വി.രാജേന്ദ്രബാബു, സിപിഐ ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.