Latest News

അന്യമതക്കാരിയായ സഹപാഠിയോട് സംസാരിച്ച കോളജ് വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: അന്യമതക്കാരിയായ സഹപാഠിയോട് സംസാരിച്ച കോളജ് വിദ്യാര്‍ത്ഥിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അറസ്റ്റ് ചെയ്തു.[www.malabarflash.com]

ഫാറൂഖ് നഗറിലെ കൊടിയില്‍ താഹ യാസിന്‍(30), മൊയ്തീന്‍ പള്ളിക്ക് സമീപത്തെ മുഹമ്മദ് താഹ(28), അള്ളാംകുളം എംകെ ഹൗസില്‍ അബ്ദുള്‍ മജീദ്(32) എന്നിവരാണ് അറസ്റ്റിലായത്.കേസില്‍ പ്രതികളായ ആറോളം പേരെ തിരിച്ചറിഞ്ഞതായി ഡിവൈഎസ്പി പറഞ്ഞു. 

ബുധനാഴ്ച്ച ഉച്ചയ്ക്കാണ് ആലക്കോട് രയരോം വട്ടക്കയം സ്വദേശിയും തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ ഒന്നാം വര്‍ഷം ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥിയുമായ ലാല്‍ജിത്ത്.കെ.സുരേഷിനെ(19) കാറില്‍ തട്ടിക്കൊണ്ടുപോയി അള്ളാംകുളത്തെ വിജനമായ ഗ്രൗണ്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചത്.

ലാല്‍ജിത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികള്‍ ഉപയോഗിച്ച ഷെവര്‍ലേ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കോളജ് വിട്ട് ആലക്കോടേക്ക് ബസ് കയറാനായി മന്നയിലെ ബസ്റ്റോപ്പില്‍ നില്‍ക്കുമ്പേള്‍ ഇവിടെയെത്തിയ സഹപാഠിയായ അന്യമതക്കാരിയോട് സംസാരിച്ച ലാല്‍ജിത്തിനെ കാറിലെത്തിയ രണ്ടംഗസംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബസില്‍ കയറ്റിവിട്ട ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു.

കാറില്‍ അള്ളാംകുളത്തെ ഗ്രൗണ്ടില്‍ കൊണ്ടുപോയശേഷം ഇവര്‍ ഫോണില്‍ വിവരമറിയച്ചതു പ്രകാരം അവിടെ കാറിലും ഒരു ബൈക്കിലുമായി എത്തി കാത്തുനിന്ന പത്തോളം വരുന്ന സംഘം മര്‍ദ്ദിച്ചുവെന്നാണ് പരാതി. അവശനിലയിലായ യുവാവിനെ ഗ്രൗണ്ടില്‍ ഉപേക്ഷിച്ചു പോയ സംഘത്തിലെ ഒരാള്‍ പിന്നീട് ബൈക്കില്‍ തിരികെയെത്തി ലാല്‍ജിത്തിനെ പിന്നില്‍ കയറ്റി ടാഗോര്‍ വിദ്യാനികേതന് സമീപത്തെ ബസ്‌റ്റോപ്പില്‍ ഇറക്കിവിടുകയും ബസിന് നല്‍കാന്‍ 20 രൂപ കൊടുക്കുകയും ചെയ്തുവത്രേ. മേലില്‍ അന്യമതത്തില്‍ പെട്ട പെണ്‍കുട്ടികളോടേ സംസാരിച്ചാല്‍ കഴുത്തറക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണേ്രത ഇയാള്‍ സ്ഥലം വിട്ടത്.

വീട്ടിലെത്തുമ്പോഴേക്കും അവശനിലയിലായ ലാല്‍ജിത്തിനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ലാല്‍ജിത്ത് പട്ടികജാതി വിഭാഗത്തില്‍ പെട്ടതായതിനാല്‍ കേസ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ ഏറ്റെടുക്കുകയായിരുന്നു. ജാതി വിളിച്ച് അപമാനിച്ചതിനും മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയതതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കേസില്‍ അറസ്റ്റിലായ താഹ മുഹമ്മദ് 2015 ല്‍ തളിപ്പറമ്പില്‍ വെച്ച് തിരുവനന്തപുരം സ്വദേശിയായ ഒരു വൈദികനെ കാറിന് വഴി നല്‍കിയില്ലെന്ന് ആരോപിച്ച് അക്രമിച്ച കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു. 

പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ വഴി പരിശോധിച്ചാണ് ഇവരെ പിടികൂടിയത്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.