Latest News

ഹൗസിംഗ് ലോണ്‍ അനുവദിക്കാമെന്ന് ഉറപ്പു നല്‍കിയ ബാങ്ക് ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥനെ കബളിപ്പിച്ചു

തിരുവനന്തപുരം: വസ്തു വാങ്ങി വീട് വയ്ക്കുന്നതിനായി വായ്പയെടുക്കുന്നതിനായി ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും പോലീസ് ഉദ്യോഗസ്ഥന് വായ്പ നിഷേധിച്ച ബാങ്കിനെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധം കത്തുന്നു.[www.malabarflash.com]

തിരുവനന്തപുരം പൂന്തുറ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി പ്രസാദിനാണ് സാലറി അക്കൗണ്ട് ഉള്ള ബാങ്കില്‍ അപേക്ഷയും അനുബന്ധ രേഖകളും സമര്‍പ്പിച്ചിട്ടും കയ്‌പ്പേറിയ ദുരനുഭവം ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. തിരുവനന്തപുരം പട്ടത്തുളള ബാങ്കില്‍ നിന്നാണ് എസ്.ഐക്ക് വായ്പ നിഷേധിച്ചത്.

സെയ്ത് അലി അലിയാര്‍ എന്ന പൊതു പ്രവര്‍ത്തകന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലുടെ ബാങ്ക് അധികൃതര്‍ എസ്.ഐയെ കബളിപ്പിച്ച വിവരം പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് വി പ്രസാദിനായി രംഗത്ത് വന്നിരിക്കുന്നത്. കൂടാതെ ബാങ്കിന്റെ ഭാഗത്തുന്നുണ്ടായ കയപേറിയ അനുഭവങ്ങളും മററു ചിലരും പങ്കുവെയ്ക്കുന്നുണ്ട്.

പോലീസ് ഉദ്യോഗസ്ഥനായ വി പ്രസാദിന് കഴിഞ്ഞ നാല് വര്‍ഷമായി ഈ ബാങ്കില്‍ അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടിലാണ് ഇദ്ദേഹത്തിന്റെ സാലറി പോലും വന്നു ചേരുന്നത്. ബാങ്ക് ആവശ്യപ്പെട്ട എല്ലാ രേഖകളും അദ്ദേഹം സമയബന്ധിതമായി ബാങ്കില്‍ സമര്‍പ്പിച്ചു. രേഖകള്‍ പരിശോധിച്ച ബാങ്ക് അധികൃതര്‍ 21 ലക്ഷം രൂപ ഉടന്‍ തന്നെ ലോണ്‍ നല്‍കാമെന്ന് അറിയിച്ച പ്രകാരം ശ്രീ പ്രസാദ് വസ്തുവിന് മൂന്നര ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. വസ്തുവിന്റെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും ബാങ്ക് നല്കാമെന്നേറ്റ ലോണ്‍ നല്‍കിയില്ല.

ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഇദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് രേഖകള്‍ എല്ലാം ഒപ്പിച്ചെടുത്തത്. ബാങ്കിന്റെ നിരുത്തരവാദപരമായ പെരുമാറ്റം കാരണം വസ്തുവിന് നല്‍കിയ അഡ്വാന്‍സ് പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ്. എന്തു കൊണ്ടാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും ലോണ്‍ നല്‍ക്കാത്തതെന്തെന്നുള്ള ചോദ്യത്തിനും ഇതുവരെ ബാങ്ക് അധികൃതര്‍ കൃത്യമായ മറുപടി നല്‍കിയതുമില്ല.

വളരെ സത്യസന്ധനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ അണുവിടപോലും കൃത്യവിലോപം കാണിക്കാത്ത മുഖം നോക്കാതെ നിയമം നടപ്പിലാക്കുന്ന പൊതുജന സമ്മതനും സാമ്പത്തിക, സാമൂഹിക അച്ചടക്കമുള്ള ഇദ്ദേഹത്തിന് ബാങ്കില്‍ നിന്നും ഉണ്ടായ ദുരനുഭവം സഹപ്രവര്‍ത്തകരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

ഇദ്ദേഹം മുമ്പ് മംഗലാപുരം പോലീസ് സ്‌റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരിക്കുന്ന സമയം ഒരു വാഹനത്തില്‍ അനധികൃതമായി കടത്തുകയായിരുന്ന നാലര കിലോ സ്വര്‍ണ്ണം പിടിച്ചെടുക്കുകയും കുറ്റവാളികള്‍കള്‍ക്ക് നിയമപരമായ ശിക്ഷ വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു. സ്വര്‍ണ്ണം കോടതിയിലെത്തിക്കാതെ തിരികെ നല്‍കിയാല്‍ അഞ്ചു ലക്ഷം രൂപ നല്കാമെന്നുള്ള കള്ളക്കടത്തുകാരുടെ വാഗ്ദാനം നിരസിച്ച കേരള പോലീസ് സേനയിലെ വളരെ ബ്രില്യന്റായ ഈ ഇന്‍സ്‌പെക്ടറുടെ സ്വന്തമായി ഒരു വീട് എന്ന വളരെ നാളത്തെ സ്വപ്നമാണ് എസ്ബിഐ ലോണ്‍ നല്‍കാത്തത് കാരണം തകര്‍ന്നടിഞ്ഞത്.

ജനസമ്മിതിയുള്ള സത്യസന്ധനും മിടുക്കനുമായ ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് ബാങ്കില്‍ നിന്നും ഇതുപോലുള്ള അനുഭവം ആണുള്ളതെങ്കില്‍ സാധാരണക്കാരോട് ബാങ്കുകള്‍ ഏതു വിധമായിരിക്കും ക്രൂരമായി പെരുമാറുക എന്ന ചോദ്യം മുന്നില്‍ വെച്ചാണ് അലി അലിയാരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

1 comment:

  1. ഇന്ത്യയിലെ പ്രമുഖ വെബ് പോർട്ടലായ മലബാർ ഫ്‌ളാഷിലൂടെ എന്റെയൊരു പോസ്റ്റ് അച്ചടിച്ച് വന്നതിൽ വളരെയധികം സന്തോഷമുണ്ട്.മലബാർ ഫ്‌ളാഷിനു ഒരായിരം നന്ദി...!!!

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.