Latest News

ഓടുന്ന ബസിനുള്ളില്‍ അടിപിടി; കണ്ണൂരില്‍ യുവാവ് കുത്തേറ്റു മരിച്ചു

കണ്ണൂര്‍: ബസിനുള്ളിലുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി അറഫാത്ത് (25) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെ കണ്ണൂര്‍ താഴെചൊവ്വയിലാണ് സംഭവം.[www.malabarflash.com]

കൂത്തുപറമ്പില്‍നിന്ന് കണ്ണൂരിലേക്കു വന്ന 'ദൃശ്യ' ബസിനുള്ളിലാണ് സംഭവം. ബസ് താഴെചൊവ്വയിലെത്തിയപ്പോഴേക്കും മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ഒരുകാര്‍ ബസ്സിനെ തടഞ്ഞിട്ടു. ഇതില്‍നിന്നിറങ്ങിയാണ് അറഫാത്തുള്‍പ്പെടെ മൂന്നുപേര്‍ ബസ്സിനുള്ളിലേക്ക് കയറിയത്. ബസ് ക്ലീനര്‍ ഉണ്ണിക്കുട്ടനെ അന്വേഷിച്ചായിരുന്നു ഇവരെത്തിയത്. ഉണ്ണിക്കുട്ടനെ കണ്ടയുടനെ അടിപിടിയും തുടങ്ങി. ഇതിനിടെയില്‍ അറഫാത്തിന്റെ കാലിന്റെ തുടയില്‍ കുത്തേറ്റു. ഇതെങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല.

താഴെചൊവ്വ പാലത്തിനടുത്ത് ട്രാഫിക് നിയന്ത്രണത്തിനായി പോലീസുണ്ടായിരുന്നു. ബസ് ഇതുവഴി കടന്നുപോകുമ്പോള്‍ ഉള്ളില്‍ നടക്കുന്ന തര്‍ക്കം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. മോഷണശ്രമമാകാം പ്രശ്‌നത്തിന് കാരണമെന്ന് കണക്കാക്കി പോലീസ് ബസ്സിനെ പിന്തുടര്‍ന്നു. വേഗം കുറച്ചാണ് ബസ് പോയിരുന്നത്. 50 മീറ്റര്‍ അകലെയെത്തിയപ്പോള്‍ അറഫാത്തുള്‍പ്പെടെ രണ്ടുപേര്‍ ബസ്സില്‍നിന്ന് പുറത്തേക്ക് ചാടി.

ഇയാളുടെ കാലില്‍നിന്ന് രക്തം ചീറ്റുന്നുണ്ടായിരുന്നു. പോലീസിനെ കണ്ടതോടെ കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. ഉടനെ അതുവഴിവന്ന ആംബുലന്‍സില്‍ പോലീസ് അറഫാത്തിനെ ജില്ലാ ആസ്​പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുറിവിലൂടെ രക്തം വാര്‍ന്നതാകാം മരണകാരണമെന്നാണ് നിഗമനം. മറ്റ് പരിക്കുകളൊന്നും അറഫാത്തിന്റെ ശരീരത്തിലുണ്ടായിരുന്നില്ല. ബസ് ജീവനക്കാരനടക്കം രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്.

മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമിക്കാനെത്തിയവരെ രക്ഷപ്പെടുത്താനായാണ് കാര്‍ ബസ്സിനൊപ്പം വന്നതെന്നാണ് പോലീസ് പറയുന്നത്. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന. ഇതേക്കുറിച്ചറിയാന്‍ കസ്റ്റഡിയിലുള്ളവരെ കണ്ണൂര്‍ ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യുന്നുണ്ട്. 

ഫ്‌ളൈയിങ് സ്‌ക്വാഡ് എസ്.ഐ. രമേശ്, ട്രാഫിക് അഡീഷണല്‍ എസ്.ഐ. പി.വി.മോഹനന്‍ എന്നിവരാണ് സംഭവം നടക്കുന്ന ഘട്ടത്തില്‍ സ്ഥലത്തുണ്ടായിരുന്നത്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.