മഞ്ചേശ്വരം: സുഹൈലിനും നൗഷാദിനും ഇരുളടഞ്ഞ ഭൂതകാലത്തിൽനിന്ന് പുതിയ പുലരിയിലേക്കുള്ള ചുവട‌് വയ‌്പായിരുന്നു ശങ്കർ റൈയുടെ തെരഞ്ഞെടുപ്പ‌് പര്യടനം. വർഷങ്ങൾ നീണ്ട യൂത്ത‌് ലീഗ‌് ബന്ധം അവസാനിപ്പിച്ച‌് ഇരുവരും കൊടിയമ്മ ജങ‌്ഷനിൽ പര്യടനവാഹനമെത്തുന്നതു കാത്തുനിന്നു.[www.malabarflash.com]
രക്തഹാരമണിയിച്ച‌് എൽഡിഎഫ‌് സ്ഥാനാർഥിയും ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്തും ചേർന്ന‌് ചെങ്കൊടിത്തണലിലേക്ക‌് വരവേറ്റു. പര്യടനവാഹനം ശാന്തിപ്പള്ളയിലെത്തിയപ്പോൾ തലയിൽ കൈവച്ച‌് അനുഗ്രഹിച്ച സുഹ‌്റാബീവി അയൽപക്കത്തെ സെയ‌്ദുവിന്റെ വീട്ടിലേക്കുള്ള വഴികാട്ടിയായി.
സ്ഥാനാർഥിക്ക‌് മാലയിടാൻ കർഷകത്തൊഴിലാളി നാരായണനും എഴുപത്തഞ്ചുകാരനായ ബാലനുമെല്ലാം കാത്തിരുന്നു. ഉമയും സൈനബയും അച്ചബി ബീവിയുമെല്ലാം സ‌്നേഹാഭിവാദ്യമരുളി. തുളുവിൽ വോട്ട്യഭ്യർഥിച്ചപ്പോൾ നിറഞ്ഞ കൈയടി.
കായ‌്ച്ചൊഴിഞ്ഞ കശുമാവിൻ തോട്ടങ്ങൾ പിന്നിട്ട‌് മളിയിൽ എത്തിയപ്പോൾ മാലപ്പടക്കത്തിന്റെ കാതടപ്പിക്കുന്ന ശബ്ദമാണ് വരവേറ്റത്. ആവേശം അലതല്ലുന്ന മുദ്രാവാക്യവുമായി എൺപതുകാരി ലക്ഷ‌്മിയമ്മയും ബാബുഷെട്ടിയും. സെൽഫിയെടുക്കാൻ ഓടിവന്ന ആറാം ക്ലാസുകാരൻ കശ്യയെ ചേർത്തുപിടിച്ച‌് മാലയണിയിച്ചു.
കളത്തൂരിൽ രണ്ടാഴ‌്ച മുമ്പ് ഇടിവെട്ടേറ്റ‌് തകർന്നവീട‌് സന്ദർശിച്ച‌് നാരായണ മൂല്യയെ ആശ്വസിപ്പിച്ചു. ദുരിതാശ്വാസ നടപടി വേഗത്തിലാക്കാമെന്ന‌് സ്ഥാനാർഥിയുടെ ഉറപ്പ‌്. ശിവപുരവും വനാതിർത്തിയും പിന്നിട്ട‌് പര്യടന വാഹനം മൈരള ഗ്രാമത്തിൽ എത്തിയപ്പോൾ വീട്ടുമുറ്റത്ത‌് സ്വീകരണകേന്ദ്രമൊരുക്കി സോമനാഥ‌് കാത്തുനിന്നു.
മൊഗ്രാൽ ജങ‌്ഷനിൽനിന്നാണ‌് എൽഡിഎഫ‌് സ്ഥാനാർഥിയുടെ മൂന്നാംഘട്ട പൊതുപര്യടനത്തിന‌് തുടക്കമായത‌്. നിറഞ്ഞ സദസ്സിൽ മന്ത്രി
എ കെ ശശീന്ദ്രൻ ഉദ‌്ഘാടനം ചെയ്‌തു. കെ സി സലിം അധ്യക്ഷനായി. പേരാൽ ജങ‌്ഷനിൽ കുഞ്ഞപൂജാരിയും അബ്ദുള്ളയുമൊക്കെ ഹാരമണിയിച്ചു സ്വീകരിച്ചു.
എ കെ ശശീന്ദ്രൻ ഉദ‌്ഘാടനം ചെയ്‌തു. കെ സി സലിം അധ്യക്ഷനായി. പേരാൽ ജങ‌്ഷനിൽ കുഞ്ഞപൂജാരിയും അബ്ദുള്ളയുമൊക്കെ ഹാരമണിയിച്ചു സ്വീകരിച്ചു.
ചെങ്കൊടി കെട്ടിയ ഓട്ടോറിക്ഷയിൽ എല്ലാവർക്കും തണ്ണിമത്തൻ ജ്യൂസ‌് വിതരണം ചെയ‌്ത അബ്ദുള്ള പ്രസംഗം കേൾക്കാൻ പറ്റാത്തതിന്റെ നേരിയ നിരാശയിലായിരുന്നു. അരിവാൾ ചുറ്റിക നക്ഷത്രം മാലയിൽ ലോക്കറ്റാക്കിയ ഹരീശും സത്താറും സ്ഥാനാർഥിയെ കണ്ടതോടെ ആവേശത്തിലായി.
ബദരിയനഗറിൽ ചെറുമകൾ അനയെ ഒക്കത്തിരുത്തിയാണ് നാരായണി എത്തിയത്.അവരും ചന്ദ്രാവതിയും ഹസ‌്തദാനം നൽകി പറഞ്ഞു–- ‘നമ്മൾ ജയിക്കും’.
കിദൂർ, ബായിക്കട്ട, ബംബ്രാണ, പി കെ നഗർ, ആരിക്കാടി ജങ‌്ഷൻ, ആരിക്കാടി കടവത്ത‌്, മുളിയടുക്ക, കുണ്ടംഗറടുക്ക, കോയിപ്പാടി എന്നീ കേന്ദ്രങ്ങളിലും തകർപ്പൻ സ്വീകരണം ഏറ്റുവാങ്ങി.


No comments:
Post a Comment