ഹൊസങ്കടി: വാട്സ് ആപ്പ് ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘം ഹൊസങ്കടിയില്‍ താവളമടിക്കുന്നു. സംഘം തമ്മിലുള്ള തര്‍ക്കം ചൊവ്വാഴ്ച രാത്രി നാട്ടുകാര്‍ ഇടപെടുന്നത് വരെ എത്തി കാര്യങ്ങള്‍. നിശ്ചയിച്ചുറപ്പിച്ച പണം നല്‍കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.[www.malabarflash.com]
നാട്ടുകാര്‍ ഓടിക്കുന്നതിനിടയില്‍ ബൈക്കില്‍ നിന്ന് വീണ് ഒരു യുവാവിന്റെ കൈയൊടിഞ്ഞിട്ടുണ്ട്. പെണ്‍വാണിഭ സംഘത്തെ നാട്ടുകാര്‍ തിരിച്ചറിഞ്ഞെങ്കിലും പോലീസില്‍ ഏല്‍പ്പിച്ചിട്ടില്ല. സദാചാര ഗുണ്ടായിസം ആരോപിച്ച് പോലീസ് തങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് ഭയന്നാണ് പോലീസില്‍ ഏല്‍പ്പിക്കാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 11 മണിക്ക് ഹൊസങ്കടിക്ക് സമീപത്തെ പെട്രോള്‍ പമ്പിന് സമീപമാണ് തര്‍ക്കം നടന്നത്. ബന്തിയോട്, കൈക്കമ്പ ഭാഗങ്ങളില്‍ ഓട്ടോ റിക്ഷ ഓടിക്കുന്ന യുവാവാണ് യുവതിയേയും കൂട്ടി പെട്രോള്‍ പമ്പിന് സമീപം എത്തിയത്. തട്ടുകടക്കാരനായ മറ്റൊരു യുവാവിന് സ്ത്രീയെ കൈമാറുന്നതിനിടയിലാണ് തര്‍ക്കം നടന്നത്.
നേരത്തെ പറഞ്ഞുറപ്പിച്ച 4000 രൂപ ഓട്ടോ ഡ്രൈവര്‍ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ യുവതി തടഞ്ഞു. പണം തനിക്ക് അവകാശപ്പെട്ടതാണെന്നും ഓട്ടോ ഡ്രൈവര്‍ക്ക് ചെലവിനുള്ള കാശ് നല്‍കിയാല്‍ മതിയെന്നും യുവതി പറഞ്ഞതോടെ തര്‍ക്കമായി. യുവതിയും യുവാക്കളും തമ്മില്‍ തര്‍ക്കിക്കുന്നത് കണ്ട് നാട്ടുകാര്‍ ഇടപെട്ടു. അതോടെയാണ് പെണ്‍വാണിഭ സംഘമാണെന്ന് തിരിച്ചറിഞ്ഞത്.
നാട്ടുകാരെ കണ്ട് തട്ടുകടക്കാന്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നപ്പോള്‍ ബൈക്ക് തെന്നി വീണ് കൈയൊടിഞ്ഞു. ഭാര്യയും മക്കളുമുള്ള തട്ടുകടക്കാരന്‍ 4000 രൂപ പെണ്‍വാണിഭ സംഘത്തിന് കൈമാറിയത് കണ്ട് നാട്ടുകാരും മൂക്കത്ത് കൈവെച്ചു. വാട്സ്ആപ്പിലൂടെയാണ് ഓട്ടോ ഡ്രൈവര്‍ കച്ചവടമുറപ്പിച്ചതെന്ന് തട്ടുകടക്കാരന്‍ പറഞ്ഞു.
യുവതിയുടെ നഗ്ന ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെ അയച്ചുകൊടുത്താണത്രെ കച്ചവടം ഉറപ്പിച്ചത്. കൊച്ചി മാതൃകയിലുള്ള പെണ്‍വാണിഭ സംഘമാണിതെന്നാണ് സംശയിക്കുന്നത്. പോലീസില്‍ ഏല്‍പ്പിച്ചാല്‍ കേസ് തിരിച്ചാകുമെന്ന് കരുതിയാണ് വിട്ടയച്ചതെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു.


No comments:
Post a Comment