Latest News

അധ്യാപിക അപകടത്തില്‍ മരിച്ചതായി വ്യാജ സന്ദേശം; അന്വേഷണം തുടങ്ങി

കൊടുവള്ളി: കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപിക വാഹനാപകടത്തില്‍ മരിച്ചതായി സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. സ്‌കൂളിലെ ജീവശാസ്ത്രം അധ്യാപിക ടി. ബീനയാണ് കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയത്.[www.malabarflash.com]

കഴിഞ്ഞ വ്യാഴാഴ്ചയാണ് അധ്യാപികയും കുടുംബവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ട് അധ്യാപിക മരിച്ചതായും ഭര്‍ത്താവും മകളും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായും വാട്‌സ്ആപ് വഴി വാര്‍ത്ത പ്രചരിച്ചത്. സംഭവം വലിയ പരിഭ്രാന്തി പടര്‍ത്തുകയും നിജസ്ഥിതി അറിയാന്‍ നിരവധി പേര്‍ വീടുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണം സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മേലധികാരികള്‍ക്കും അധ്യാപിക പരാതി നല്‍കിയിട്ടുണ്ട്.

വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എസ്.എല്‍.സി ജീവശാസ്ത്രം മൂല്യനിര്‍ണയ കേന്ദ്രമായ നടക്കാവ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകര്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കെ. ശോഭന (കെ.എസ്.ടി.എ), കെ.എം. മണി (കെ.പി.എസ്.ടി.എ), സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ (കെ.എസ്.ടി.യു), ജയന്‍ നന്മണ്ട, ജലീല്‍ ഉള്ള്യേരി, പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.