Latest News

ഹാള്‍മാര്‍ക്ക് ചെയ്യാന്‍ കൊണ്ടുവരുന്നതിനിടെ അരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

കോഴിക്കോട്: ഹാള്‍മാര്‍ക്ക് ചെയ്യാന്‍ കൊണ്ടുവരുന്നതിനിടെ അരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. തിങ്കളാഴ്ച രാവിലെ 8.35ന് രാമനാട്ടുകരയില്‍ നിന്ന് കോഴിക്കോട്ടക്കുള്ള ബസ്‌യാത്രക്കിടെയാണ് 1.68 കിലോ സ്വര്‍ണം നഷ്ടമായത്.[www.malabarflash.com]

സംഭവവുമായി ബന്ധപ്പെട്ടു കസബ സി.ഐ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു.

രാമനാട്ടുകരയിലെ മുബാറക്ക് ജ്വല്ലറിയിലെ ജീവനക്കാരനായ അബ്ദുല്‍ ഗഫൂറാണ് സ്വര്‍ണം ഹാള്‍മാര്‍ക്ക് ചെയ്യാനായി ചിന്താവളപ്പിലെ സ്ഥാപനത്തിലേക്ക് കൊണ്ടുവന്നത്. രണ്ടു വര്‍ഷമായി ഇയാള്‍തന്നെയാണ് ഹാള്‍മാര്‍ക്കിങ്ങിനുള്ള സ്വര്‍ണം കൊണ്ടുവരാറുള്ളത്. കെ.എസ്.ആര്‍.ടി.സി ബസിലാണ്സ്ഥിരമായി യാത്ര.

തിങ്കളാഴ്ചയും കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി. തിരക്കായതിനാല്‍ ചവിട്ടുപടിക്കും കണ്ടക്ടറുടെ സീറ്റിനുമിടയിലുള്ള സ്ഥലത്ത് ബാഗ് വെച്ച് തൊട്ടടുത്തുതന്നെ നിന്നു. വഴിക്കടവില്‍നിന്നും കോഴിക്കോട്ടേക്കുള്ള റൂട്ടില്‍ സ്വകാര്യ ബസ് സര്‍വിസ് മുടങ്ങിയതിനാല്‍ ബസില്‍ സാധാരണയിലും കൂടുതല്‍ തിരക്കുണ്ടായിരുന്നു. മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിയ ശേഷം ബാഗുമായി പുറത്തിറങ്ങി നടക്കുന്നതിനിടെയാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരമറിയുന്നത്.തുടര്‍ന്നു കസബ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്വര്‍ണം സൂക്ഷിച്ച ബാഗിനു പൂട്ടുണ്ടായിരുന്നില്ല. സിബ് തുറന്ന് സ്വര്‍ണമെടുത്ത ശേഷം അത് അടക്കുകയും ചെയ്തിട്ടുണ്ട്. രാമനാട്ടുകരയില്‍ ബസ് നിര്‍ത്തിയതിന് ശേഷം പിന്നീട് ആറു സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടുണ്ട്. ഇവിടുത്തെ കടകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുകയാണ്. സ്ഥിരം മോഷ്ടാക്കളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്.

ഇതിനു പുറമേ സമീപ കാലത്ത് ജയിലില്‍നിന്ന് പുറത്തിറങ്ങിയ പ്രതികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും അബ്ദുല്‍ ഗഫൂര്‍ സ്വര്‍ണം ഹാള്‍മാര്‍ക്ക് ചെയ്യാന്‍ എത്താറുണ്ട്. ഇത് മുന്‍കൂട്ടി അറിയാവുന്ന ആരെങ്കിലുമാണോ കവര്‍ച്ച നടത്തിയതെന്നും പോലീസ് പരിശോധിച്ചുവരുകയാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.