Latest News

സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനലായ റിപബ്ലിക് ടിവി. [www.malabarflash.com ]

ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം മരണം നടന്ന സ്ഥലത്തുനിന്ന് മാറ്റപ്പെട്ടുവെന്നാണ് വൈകിട്ട് ഏഴു മണിക്ക് സൂപ്പര്‍ എക്‌സ്‌ക്ലൂസീവായി പുറത്തുവിട്ട വാര്‍ത്തയില്‍ അര്‍ണാബ് ആരോപിച്ചത്. 

ഹോട്ടലിലെ 307ാംനമ്പര്‍ മുറിയില്‍നിന്ന് 345ാം മുറിയിലേക്കു മൃതദേഹം മാറ്റിയെന്നാണ് ആരോപിച്ചിരിക്കുന്നത്. മരണം നടന്ന സ്ഥലത്തെ ക്രൈം സീനില്‍ മാറ്റം വരുത്തിയെന്നും ആരോപിക്കുന്നു. 

ആരോപണം വ്യാജമാണെന്നും കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും ശശി തരൂര്‍ പ്രതികരിച്ചു.

മരണം നടന്ന ദിവസത്തെയും തലേ ദിവസത്തെയും ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടുകൊണ്ടാണ് അര്‍ണാബ് ഗോസ്വാമിയും റിപബ്ലിക് ടിവിയും ആരോപണം ഉന്നയിച്ചിരിക്കുന്നത്. സുന്ദയുടേത് അടക്കം 19 പേരുമായുള്ള ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. 

മലയാളി മാധ്യമപ്രവര്‍ത്തകയും മുമ്പ് ടൈംസ് നൗ ചാനലിലും ഇപ്പോള്‍ റിപബ്ലിക് ടിവിയിലും ജോലി ചെയ്യുന്ന പ്രേമ ശ്രീദേവി തന്റെ ഫോണില്‍നിന്നു നടത്തുന്ന സംഭാഷണങ്ങളാണ് ഇത്. സുനന്ദ പുഷ്‌കര്‍ അടക്കമുള്ളവരുടെ ശബ്ദം ടേപ്പിലുണ്ട്. ഭൂരിഭാഗം സംഭാഷണങ്ങളും തരൂരിന്റെ സഹായി നാരായണന്‍ സിംഗുമായിട്ടുള്ളതാണ്. സുനന്ദ മരിച്ച 2014 ജനുവരി 17 ലെയും തലേദിവസത്തേയും ഫോണ്‍ സംഭാഷണങ്ങളാണിവ.

സുനന്ദ സംസാരിക്കാന്‍ ആഗ്രിച്ചപ്പോള്‍ തരൂര്‍ തടുത്തുവെന്നത് ടേപ്പില്‍ നിന്നു വ്യക്തമാകുന്നു. എല്ലാം വെളിപ്പെടുത്തണമെന്ന് സുനന്ദ ആഗ്രഹിച്ചിരുന്നുവെന്നാണ് പ്രേമ ശ്രീദേവി വെളിപ്പെടുത്തിയത്. എന്നാല്‍ തരൂര്‍ ഇത് തടയുകയായിരുന്നുവത്രേ. ഇതാദ്യമായാണ് ഈ ഓഡിയോ സംഭാഷണങ്ങള്‍ പുറത്തുവരുന്നത്. അര്‍ണാബ് ഗോസ്വാമി നയിക്കുന്ന സുപ്പര്‍ എക്‌സ്‌ക്ലൂസീവ് വാര്‍ത്താ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

മരണത്തിന്റെ തലേന്ന് സുനന്ദയുമായി നടത്തുന്ന ഫോണ്‍ സംഭാഷണമാണ് ആദ്യത്തെ ഓഡിയോ ടേപ്പ്. വീട്ടില്‍ കീടനാശിനി പ്രയോഗിക്കുകയാണെന്നും അതിനാല്‍ ഇപ്പോള്‍ ലീലാ ഹോട്ടലിലാണെന്നും സുനന്ദ പറയുന്നു. താന്‍ ഹോട്ടലിന്റെ ഒമ്പതാം നിലയിലാണെന്നും സുനന്ദ പറയുന്നുണ്ട്. വളരെ ക്ഷീണിച്ച ശബ്ദത്തിലാണ് സുനന്ദ സംസാരിക്കുന്നത്. ഒമ്പതരയോടെ ശ്രീദേവി സുനന്ദയെ കാണാനായി ഹോട്ടലിലെത്തി. 9.45ന് തരൂരിന്റെ സഹായിയായ നാരായണനുമായുള്ള സംഭാഷണങ്ങളാണ് തുടര്‍ന്നുള്ള ഓഡിയോ ടേപ്പുകള്‍.

ഇപ്പോള്‍ സുനന്ദയുടെ അഭിമുഖം എടുക്കാന്‍ പറ്റില്ലെന്ന് നാരായണന്‍ പറയുന്നു. മാഡത്തിന് ഫോണ്‍ കൊടുക്കാമോ എന്ന ചോദ്യത്തിന് പറ്റില്ലെന്നും മറുപടി പറയുന്നു. സുനന്ദയെ കാണാന്‍ പ്രേമ ശ്രമിക്കുമ്പോള്‍ തരൂരിന്റെ മറ്റൊരു സഹായി ആര്‍.കെ. ശര്‍മ തടഞ്ഞു. അപ്പോള്‍ മുറിയില്‍ തരൂര്‍ ഉണ്ടായിരുന്നുവെന്നാണ് പ്രേമ പറയുന്നത്.

തുടര്‍ന്ന് ആര്‍.കെ. ശര്‍മയുമായി പ്രേമ നടത്തുന്ന ഫോണ്‍ കോള്‍ ആണ് അടുത്ത സംഭാഷണം. എന്നാല്‍ സുനന്ദയുമായി സംസാരിക്കാന്‍ തരൂര്‍ അനുവദിച്ചില്ലെന്ന് പ്രേമ ആരോപിക്കുന്നു. തുടര്‍ന്ന് നാരായണനുമായിട്ടുള്ളതാണ് അടുത്ത ഫോണ്‍. പിറ്റേന്ന് വൈകിട്ട് അഞ്ചിനും ആറിനും ഇടയ്ക്ക് തങ്ങള്‍ വീട്ടിലേക്കു മടങ്ങിയേക്കുമെന്ന് നാരായണന്‍ പറയുന്നു.

രാവിലെ 6.30ന് ഹോട്ടല്‍വിട്ട തരൂര്‍ 9.30ന് തിരിച്ചെത്തിയതായി നാരായണനുമായി നടത്തിയ അടുത്ത കോളില്‍ പ്രേമ ശ്രീദേവി പറയുന്നു. ഇക്കാര്യം തരൂര്‍ പോലീസിനോടു പറഞ്ഞുവോയെന്നു വ്യക്തമല്ലെന്നും പ്രമ പറയുന്നു. സുനന്ദ പുറത്തുപോയിട്ടില്ലെന്നും മുറിയില്‍ തന്നെ ഉണ്ടായിരുന്നുവെന്നും അടുത്ത ഓഡിയോ ടേപ്പില്‍ നാരായണന്‍ വെളിപ്പെടുത്തുന്നു. ഞങ്ങള്‍ വീട്ടില്‍ പോകും എന്നാണ് അടുത്ത ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നത്.

കീടനാശിനി പ്രയോഗം കഴിഞ്ഞുവെന്നും വൈകിട്ട് അഞ്ചിനും ആറിനും ഇടയ്ക്ക് വീട്ടിലേക്കു മടങ്ങുമെന്നും തുടര്‍ന്നുള്ള കോളില്‍ നാരായണന്‍ പ്രേമയെ അറിയിക്കുന്നു. തുടര്‍ന്നുള്ള കോളില്‍ സുനന്ദ എഴുന്നേല്‍ക്കുന്നില്ലെന്ന് നാരായണ്‍ പ്രേമയോടു പറയുന്നു. സുനന്ദയുടെ മുറിയില്‍നിന്നാണ് ഈ സംഭാഷണം നാരായണന്‍ നടത്തുന്നത്. സുനന്ദ രാത്രിയില്‍ ഉറങ്ങിയില്ലെന്നും നാരായണന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

വൈകിട്ട് അഞ്ചു മണിയോടെ വീണ്ടും പ്രേമ വിളിക്കുമ്പോള്‍ നാരായണന്‍ പരിഭ്രാന്തനാണ്. അടുത്ത കോള്‍ വൈകിട്ട് ആറു മണിയോടെയാണ്. സുനന്ദയെ വിളിക്കേണ്ടയെന്നും ഉറങ്ങട്ടെയെന്നും തരൂര്‍ നിര്‍ദ്ദേശം നല്കിയതായി നാരായണന്‍ അറിയിക്കുന്നു. ഞാനിപ്പോള്‍ 307ാം നമ്പര്‍ മുറിയിലാണെന്നും കോള്‍ കട്ട് ചെയ്യുകയായാണെന്നും നാരായണന്‍ പറയുന്നു.

ഹോട്ടലിനു പുറത്തിറങ്ങിയ തരൂര്‍ വൈകിട്ട് 8.20ഓടെയാണ് തിരിച്ചെത്തുന്നത്. 307ാം നമ്പര്‍ മുറിയിലായിരുന്ന സുനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്  345 മുറിയില്‍നിന്ന് ആണെന്ന് പ്രേമ പറയുന്നു. 307ാം നമ്പര്‍ മുറിയിലാണ് സുനന്ദ ഉണ്ടായിരുന്നതെന്ന് നാരായണന്‍ വ്യക്തമായി പറഞ്ഞിരുന്നതാണ്. 307ാം നമ്പര്‍ മുറിയില്‍നിന്ന് 345ലെത്താന്‍ മൂന്നു മിനിട്ടു മതി. സുനന്ദയുടെ മരണത്തില്‍ ആസൂത്രിക ഗൂഢാലോചന ഉണ്ടെന്നും അതിന്റെ ഭാഗമായാണ് മൃതദേഹം മരണം നടന്ന മുറിയില്‍നിന്ന് മാറ്റിയതെന്നും പ്രേമ പറയുന്നു.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നു ശശി തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കും ചാനലിന്റെ റേറ്റിങ് ഉയര്‍ത്താനുമായി ഒരു മാനുഷിക ദുരന്തത്തെ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. തനിക്കെതിരായ വ്യാജ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാനും തരൂര്‍ വെല്ലുവിളിച്ചു.

2014 ജനുവരി 17നാണ് ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം നടന്ന് മൂന്നു വര്‍ഷവും മൂന്നര മാസവും പിന്നിടുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. സുനന്ദയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.

സുനന്ദയുടെ മരണം നടക്കുമ്പോള്‍ കേന്ദ്ര മാനവവിഭശേഷി സഹമന്ത്രിയായിരുന്നു ശശി തരൂര്‍. സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ(എയിംസ്) ഫോറന്‍സിക് വിഭാഗം മേധാവി ഡോ.സുധീര്‍ ഗുപ്ത വ്യക്തമാക്കിയിരുന്നു. 

ഡോ. ഗുപ്തയുടെ നേതൃത്വത്തിലുള്ള എയിംസിലെ ഡോക്ടര്‍മാരുടെ സംഘമാണ് സുനന്ദ പുഷ്‌കറുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. നേരത്തെ ഫോറന്‍സിക്ക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ അമിതമായി മരുന്ന് കഴിച്ചതിനാലാണ് മരണം സംഭവിച്ചതെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത് എന്നാല്‍ പോലീസ് ഈ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയതിനാല്‍ വീണ്ടും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ദുബായിലെ ടീകോം ഇന്‍വെസ്റ്റ്‌മെന്റിന്റെ ഡയറക്ടറും റാന്‍ഡേവൂ സ്‌പോര്‍ട്‌സ് വേള്‍ഡിന്റെ സഹ ഉടമയുമായിരുന്ന സുനന്ദ പുഷ്‌കറിനെ 2010 ആഗസ്തില്‍ സുനന്ദയെ കേന്ദ്ര മന്ത്രിയായ ശശി തരൂര്‍ വിവാഹം ചെയ്തു. ഇരുവരുടെയും മൂന്നാംവിവാഹമായിരുന്നു ഇത്.

Keywords: National  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.