Latest News

ഗതാഗതക്കുരുക്കുണ്ടാക്കി വിവാഹ ഘോഷയാത്ര; വരനടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്

അമ്പലപ്പുഴ: വിവാഹം കഴിഞ്ഞുള്ള ആദ്യയാത്ര തന്നെ മണ്ണുമാന്തി യന്ത്രത്തിലാക്കി കൂട്ടുകാര്‍ വധൂവരന്മാര്‍ക്ക് അപ്രതീക്ഷിത 'സമ്മാനം' നല്‍കി. പിന്നാലെ, ഗതാഗത തടസ്സമുണ്ടാക്കിയതിനു വരന്റെ പേരില്‍ കേസെടുത്തു പോലീസിന്റെ വക ബോണസ് 'സമ്മാനം'. വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പു തന്നെ പോലീസ് കേസ് റജിസ്റ്ററായി. കൂട്ടുകാരൊരുക്കിയ സമ്മാനത്തിന്റെ ഫലം വാങ്ങാന്‍ ഇപ്പോള്‍ വരന്‍ മാത്രമായി.[www.malabarflash.com ]

ഞായറാഴ്ച ഉച്ചയ്ക്കാണു സംഭവം. വിവാഹ മുഹൂര്‍ത്തമായിരുന്ന ഞായറാഴ്ച ആലപ്പുഴ നഗരത്തിലും പരിസരങ്ങളിലുമായി ഒട്ടേറെ വിവാഹങ്ങളും അതിന്റെ ഫലമായി ദേശീയപാതയിലുള്‍പ്പെടെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കുമായിരുന്നു. 

അതിനിടയിലാണു ദേശീയപാതയിലൂടെ വധൂവരന്മാരെ സുഹൃത്തുക്കള്‍ മണ്ണുമാന്തി യന്ത്രത്തില്‍ കയറ്റി ഘോഷയാത്ര നടത്തിയത്. ആലപ്പുഴ നഗരത്തില്‍ വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്കു പോകുകയായിരുന്ന വധൂവരന്മാരെ തൂക്കുകുളം ജംഗ്ഷനില്‍ തടഞ്ഞ സുഹൃത്തുക്കള്‍ ഇരുവരെയും മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിലേക്കു കയറ്റുകയായിരുന്നു.
കൗതുകം മാത്രം ലക്ഷ്യമിട്ടു നടത്തിയ വേറിട്ട ഘോഷയാത്ര പക്ഷേ, മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കാത്തുകിടക്കേണ്ടി വന്ന യാത്രക്കാര്‍ക്കു തീരെ ഇഷ്ടമായില്ല. ചിലര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു പുന്നപ്ര പോലീസ് സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്തു. 

വരന്‍ പുന്നപ്ര വടക്ക് പറവൂര്‍ അറയ്ക്കല്‍വെളി രാജപ്പന്റെ മകന്‍ അരുണ്‍കുമാര്‍ (30), മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ കര്‍ണാടക സ്വദേശി ചിന്നപ്പന്‍ (24), ഉടമ ആലപ്പുഴ സ്വദേശി സാം മോന്‍ (40) എന്നിവര്‍ക്കെതിരെ കേസെടുത്ത പോലീസ് ചിന്നപ്പനെയും സാം മോനെയും അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.
വിവാഹദിനത്തിന്റെ പരിഗണന നല്‍കി വരനെ അടുത്ത ദിവസം സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി വിട്ടു. 

മണ്ണുമാന്തി യന്ത്രത്തിലെ ഘോഷയാത്ര കാരണം അര മണിക്കൂറോളം വടക്ക് ആലപ്പുഴ നഗരം വരെയും തെക്ക് പുന്നപ്ര ചന്ത ജംക്ഷന്‍ വരെയും വാഹനങ്ങള്‍ ഇരുഭാഗത്തും കുരുക്കില്‍പ്പെട്ടു. വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനങ്ങള്‍ക്കു പുറമെ മറ്റു വാഹനങ്ങളും ഘോഷയാത്രയ്‌ക്കൊപ്പം ചേര്‍ന്നതോടെയാണു ഗതാഗതക്കുരുക്ക് ഉണ്ടായത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.