Latest News

മൂന്നു പവന്‍ സ്വര്‍ണ്ണത്തിന് വേണ്ടി സഹോദരിയെ അമ്മിക്കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊട്ടാരക്കര: സഹോദരിയെ അമ്മിക്കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന വയോധികനായ സഹോദരന്‍ അറസ്റ്റില്‍. കൊല്ലം കുരീപ്പുഴ ഐക്കരതെക്കേതില്‍ വീട്ടില്‍ മണിയന്‍ എന്നറിയപ്പെടുന്ന ശശിധരന്‍പിള്ള (70 )യെയാണ് പോലീസ് അറസ്റ്റചെയ്തത്.[www.malabarflash.com]

കഴിഞ്ഞ ശനിയാഴ്ച രാവിലെ 6.30ന് ശാസ്താംകോട്ട മൈനാഗപ്പള്ളി കടപ്പ കുതിരപ്പന്തി പടിഞ്ഞാറ്റതില്‍ വീട്ടില്‍ തങ്കമണിപിള്ളയുടെ ഭാര്യ സുമതിക്കുട്ടിയമ്മ(67 )വീട്ടു മുറ്റത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തിലുള്ള അന്വഷണത്തിലാണ് മണിയന്‍ പിടിയിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വീടിന് തൊട്ടടുത്തു പെട്ടിക്കട നടത്തുന്ന സുമതിക്കുട്ടിയമ്മയുടെ കട തുറക്കാതായതോടെ നാട്ടുകാര്‍ വിവരം തിരക്കി. വീട്ടിലെത്തിയ നാട്ടുകാര്‍ സുമതിക്കുട്ടിയമ്മയെ വീടിനു മുന്നില്‍ നിന്നു വിളിച്ചിട്ടും ഫലമില്ലാതെവന്നപ്പോള്‍ വിവരം തിരക്കി ചെന്നവരാണ് അടുക്കളവാതില്‍ തുറന്നു കിടക്കുന്നതും കിണ്ടിയും വിളക്കും കിണറിനു സമീപത്തും കണ്ടത്. 

തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. സംഭവദിവസം വീട്ടുമുറ്റത്തുള്ള കിണറ്റില്‍ നിന്നും ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ പുറത്തെടുത്ത മൃതദേഹം പരിശോധിച്ചപ്പോള്‍ തലയ്ക്കു ക്ഷതമേറ്റതായും ധരിച്ചിരുന്ന ആഭരണങ്ങളില്‍ രണ്ടു വളയും മാലയും നഷ്ടപ്പെട്ടതായും കണ്ടെത്തി.

തുടര്‍ന്ന് സുമതിക്കുട്ടിയമ്മ താമസിച്ചിരുന്ന വീടിനകം പരിശോധിച്ചപ്പോള്‍ ഇവര്‍ കിടന്നിരുന്ന കട്ടിലിലും മുറിയിലെ ഭിത്തിയിലും രക്തക്കറ കാണുകയും ചെയ്തു. കട്ടിലിലെ മെത്തയില്‍ പൊട്ടിയനിലയില്‍ താലിയും കണ്ടു. തുടര്‍ന്നു നടത്തിയ അന്വഷണത്തില്‍, തലേദിവസം 9.30 ന് സഹോദരനായ പ്രതി സുമതിക്കുട്ടിയമ്മയുടെ വീട്ടില്‍ വന്നിരുന്നതായി രഹസ്യവിവരം ലഭിച്ചു. ഇതെത്തുടര്‍ന്നാണ് ശശിധരന്‍പിള്ളയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചു.

വെള്ളിയാഴ്ച രാത്രി സഹോദരിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാത്തതിലുള്ള വിരോധത്താല്‍ രാത്രി ഭക്ഷണം കഴിഞ്ഞു ഉറങ്ങിക്കിടന്ന സഹോദരിയെ അടുക്കളയില്‍ നിന്നും അമ്മിക്കല്ലുകൊണ്ടു തലക്കടിച്ചു വീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്നശേഷം ബെഡ് ഷീറ്റില്‍ പൊതിഞ്ഞു കിണറ്റില്‍ തള്ളുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം പുലര്‍ച്ചെ മൂന്നിന് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. 

സുമതിക്കുട്ടിയമ്മ പൂജാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കിണ്ടി കിണറ്റുകരയില്‍ കൊണ്ടുവച്ചശേഷം അതു മറിച്ചിട്ടു കിണറ്റില്‍ കാല്‍വഴുതി വീണതെന്നു വരുത്തി അന്വഷണം വഴിതെറ്റിക്കാനും ശ്രമം നടത്തിയതായി കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റൂറല്‍ പോലീസ് മേധാവിക്കുലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊട്ടാരക്കര ഡിെവെ.എസ്.പി. ബി.കൃഷ്ണകുമാര്‍, ശാസ്താംകോട്ട സി.ഐ.പ്രസാദ്, ശാസ്താംകോട്ട എസ്.ഐ. ആര്‍ .രാജീവ്,ഷാഡോ പോലീസ് സബ് ഇസ്‌പെക്ടര്‍മാരായ എസ്.ബിനോജ് ,വിദ്യാധിരാജ് ,നാസര്‍,എ.എസ്.ഐ മാരായ എ.സി.ഷാജഹാന്‍ ,ശിവശങ്കരപിള്ള ,അജയകുമാര്‍ ,രാധാകൃഷ്ണപിള്ള, ആഷിര്‍ കോഹൂര്‍,ദേവപാല്‍,രാജേഷ്,സുനില്‍കുമാര്‍, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.