Latest News

വിറയാര്‍ന്ന കൈകളാല്‍ സ്വര്‍ണം ഏറ്റുവാങ്ങുമ്പോള്‍ ഹസൈനാര്‍ മുസ്‌ല്യാരുടെ കണ്ണു നിറഞ്ഞു

കാഞ്ഞങ്ങാട്: ഉള്ളതെല്ലാം സ്വരുക്കൂട്ടി ഭാര്യക്കും മകള്‍ക്കുംവേണ്ടി വാങ്ങിയ ഇത്തിരിപ്പൊന്നുകളഞ്ഞുപോയപ്പോള്‍, മദ്രസാധ്യാപകന്‍ പരപ്പ ക്ലായിക്കോട്ടെ ഹസൈനാര്‍ മുസ്‌ല്യാരുടെ കണ്ണുനിറഞ്ഞു. കാഞ്ഞങ്ങാട് ടൗണിലെത്തി ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം വാങ്ങി അധികസമയം കഴിയുന്നതനുമുന്‍പെ അതു നഷ്ടപ്പെട്ടു. സ്വര്‍ണം വാങ്ങിയ ജ്വല്ലറിമുതല്‍ നടന്നതും ഓട്ടോയില്‍ പോയതും തുടങ്ങി എല്ലാ സ്ഥലങ്ങളിലും സ്വര്‍ണം അന്വേഷിച്ചുനടന്നു.[www.malabarflash.com]

മനസ്സും ശരീരവും തളര്‍ന്ന് മേടച്ചൂടില്‍ അവശനായി ഇരിക്കുമ്പോഴാണ് ലിറ്റില്‍ ഫഌര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നൊരു കോള്‍. മറുതലയില്‍നിന്ന് കേട്ടത് ഒരു പഴ്‌സ് കിട്ടിയിട്ടുണ്ടെന്ന വിവരം. ഉടന്‍ സ്‌കൂളിലെത്തി. അപ്പോഴേക്കും ഹൊസ്ദുര്‍ഗ് സ്‌റ്റേഷനില്‍നിന്ന് പോലീസുകാരും എത്തിയിരുന്നു. സ്വര്‍ണം ഹസൈനാര്‍ മുസ്‌ല്യാരുടെതുതന്നെ. പോലീസും ഉറപ്പുവരുത്തി. സ്വര്‍ണം വിറയാര്‍ന്ന കൈകളാല്‍ ഏറ്റുവാങ്ങുമ്പോള്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഹസൈനാര്‍ മുസ്‌ല്യാരുടെ കണ്ണു നിറഞ്ഞു.

ലിറ്റില്‍ ഫഌര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്ദു ഇടത്തട്ടയും ഹെല്പര്‍ കല്ലംചിറയിലെ പി.ശൈലയും പുതിയകോട്ട ജങ്ഷനില്‍നിന്ന് നടന്നുവരുമ്പോഴാണ് പഴ്‌സ് കണ്ടത്. കമ്മലും മാലയുമൊക്കെ പഴ്‌സിലുണ്ടെന്ന് അറിഞ്ഞതോടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം നടത്തി. പഴ്‌സിന്റെ പുറത്തുള്ള ജ്വല്ലറിയില്‍ വിളിച്ചാണ് സ്‌കൂളുകാര്‍ സ്വര്‍ണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തിയത്. പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ ഹെല്പര്‍ ശൈല ഹസൈനാര്‍ക്ക് സ്വര്‍ണം കൈമാറി. സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.സി.ഖലീഫ്, ജി.ബിജു, കെ.ഉണ്ണികൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.