Latest News

വ്യാപാരിയെ കടയില്‍ കയറി വെട്ടി കൊന്നു

കുമ്പള: കാറിലെത്തിയ സംഘം പട്ടാപ്പകല്‍ വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കയ്യാര്‍ മണ്ടേക്കാപ്പിലെ ജി.കെ.ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യ (52)യാണ് കൊല്ലപ്പെട്ടത്. [www.malabarflash.com]

അഞ്ചു ദിവസത്തിനുള്ളില്‍ കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ടാമത്തെ കൊലപാതകമാണിത്.

ബന്തിയോട്–ധര്‍മത്തടുക്ക റോഡില്‍ കയ്യാര്‍ മണ്ടേക്കാപ്പില്‍ വ്യാഴാഴ്ച പകല്‍ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘത്തില്‍ ഒരാള്‍ സിഗരറ്റ് ആവശ്യപ്പെട്ടു. ഇതു നല്‍കിയതിനുശേഷം പിന്നാലെയെത്തിയ മറ്റൊരാള്‍ ചോദിച്ച മാങ്ങ എടുക്കുന്നതിനിടെ രാമകൃഷ്ണയെ വെട്ടുകയായിരുന്നു.

നിലവിളി കേട്ടു പരിസരവാസികളെത്തുന്നതിനു മുന്‍പ് സംഘം കാറില്‍ കടന്നുകളഞ്ഞു. പരുക്കേറ്റ രാമകൃഷ്ണയെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മരിച്ചു.
കറുത്ത കാറില്‍ എത്തിയ നാലുപേരാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് നിഗമനം. സംഭവ സമയത്ത് കടയില്‍ മറ്റാരുമുണ്ടായിരുന്നില്ല. കടയിലെത്തിയവരെ സമീപവാസികളായ രണ്ടുപേര്‍ കണ്ടതായി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
കവര്‍ച്ചക്കേസിലെ പ്രതികളാണ് കൊലയ്ക്കു പിന്നിലെന്നു പോലീസ് സംശയിക്കുന്നു. വാള്‍ കൊണ്ടു കഴുത്തിനാണ് വെട്ടേറ്റത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. 

കടയുടെ പിന്നില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശനം 29നു നടക്കേണ്ടതായിരുന്നു.
സംഭവമറിഞ്ഞ് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍, ഡിവൈഎസ്പിമാരായ എം.വി.സുകുമാരന്‍, പി.ബാലകൃഷ്ണന്‍നായര്‍, സിഐമാരായ വി.വി.മനോജ്കുമാര്‍, സി.എ.അബ്ദുല്‍റഹീം എന്നിവരടക്കമുള്ളവര്‍ സ്ഥലത്തെത്തി.
സുബ്ബ മൂല്യ–ഭാഗിരഥി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട രാമകൃഷ്ണ മൂല്യ. ഭാര്യ: ഗീത. മക്കള്‍: മനീഷ, ചിത്രാക്ഷ. സഹോദരങ്ങള്‍: ചന്തപ്പമൂല്യ, ലക്ഷ്മി, ശേഷപ്പ, ലീലാവതി, വാസന്തി.

UPDATE

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.