Latest News

പളളിക്കരയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് മോഷണം ശ്രമം

ബേക്കൽ: ജ്വല്ലറിയുടമകളും വ്യാപാരികളും ജാഗ്രത പാലിക്കുക. ചുമര്‍ തുരന്ന് കവര്‍ച്ച നടത്തുന്ന സംഘം ജില്ലയില്‍ തമ്പടിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ പള്ളിക്കരയിലെ മൂകാംബിക ജ്വല്ലറി തുരക്കാനുള്ള ശ്രമം തലനാരിഴക്കാണ് ഒഴിവായത്.[www.malabarflash.com]

ബന്തടുക്കയിലെ സുമംഗലി ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 569.44 ഗ്രാം സ്വര്‍ണവും 4.352 ഗ്രാം വെള്ളിയും 34,000 രൂപയും കവര്‍ന്നത് ഏപ്രില്‍ 20നാണ്. ഒരാഴ്ച മുമ്പ് വളപട്ടണത്തെ ഒരു ജ്വല്ലറിയിലും ചുമര്‍ തുരന്ന് കവര്‍ച്ചാ ശ്രമം നടന്നിരുന്നു. ഇതേ സംഘമാകാം വീണ്ടും ജില്ലയില്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് സംശയിക്കുന്നത്.
പൂഴി ലോറിക്ക് അകമ്പടി പോകുന്നവരാണെന്ന് കരുതി പൊലീസ് ഓടിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് പള്ളിക്കരയിലെ മൂകാംബിക ജ്വല്ലറിയുടെ പിറക് വശത്ത് രണ്ട് പേര്‍ പതുങ്ങി നില്‍ക്കുന്നത് ബൈക്കില്‍ പോവുകയായിരുന്ന പോലീസുകാരാണ് കണ്ടത്. ഈ ഭാഗത്ത് വ്യാപകമായി മണല്‍ കടത്ത് നടക്കുന്നുണ്ട്. മണല്‍ കടത്തിന് അകമ്പടിപോകാനായി കടയുടെ വരാന്തയിലും ഊടുവഴികളിലും മറ്റും ആള്‍ക്കാര്‍ നില്‍ക്കാറുണ്ട്. കടയുടെ പിറകില്‍ ആളനക്കം കണ്ടാണ് ബൈക്ക് നിര്‍ത്തി പോലീസ് ടോര്‍ച്ച് അടിച്ചത്. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. നേരം പുലര്‍ന്നപ്പോഴാണ് കമ്പിപ്പാര ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ചുമര്‍ കുത്തിയിളക്കാന്‍ ശ്രമിച്ചതിന്റെ അടയാളവും കണ്ടു. പോലീസ് തക്ക സമയത്ത് അവിടെയെത്തിയില്ലായെങ്കില്‍ ജ്വല്ലറിയിലെ മൊത്തം ആഭരണങ്ങളും കവരുമായിരുന്നു.
ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കുണ്ടംകുഴിയിലെ അശോകന്റെ ബന്തടുക്കയിലെ സുമംഗലി ജ്വല്ലറി കുത്തിത്തുറന്ന് 18.41 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഇതുവരെ തുമ്പൊന്നും ലഭിച്ചില്ല. ഏപ്രില്‍ 20നാണ് കവര്‍ച്ച നടന്നത്. 

എട്ടു മാസം മുമ്പ് കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറി കുത്തിത്തുറന്ന് സമാനരീതിയില്‍ ആഭരണങ്ങള്‍ കവര്‍ന്നിരുന്നു. ഉത്തരേന്ത്യക്കാരായ സംഘത്തിലെ ഒരാളെയും ഒരു കാസര്‍കോട് സ്വദേശിയെയും പിടിച്ചെങ്കിലും ഇതുവരെ ബാക്കിയുള്ള പ്രതികളെ കണ്ടെത്താനോ നഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരിച്ചു പിടിക്കാനോ കഴിഞ്ഞിട്ടില്ല.
ഇതരസംസ്ഥാനത്ത് നിന്നെത്തുന്നവരെ ഉപയോഗിച്ച് ജ്വല്ലറി കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതായാണ് സംശയിക്കുന്നത്. കാസര്‍കോട്ടെ ചില കവര്‍ച്ചാ കേസ് പ്രതികള്‍ ഇതിന് പിന്നിലുണ്ടെന്നാണ് നിഗമനം. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം നടത്തി നാട്ടുകാരായ കള്ളന്മാരെ പിടിക്കാന്‍ പോലീസിന് എളുപ്പം സാധിക്കുമെന്നതിനാലാണ് ഇതര സംസ്ഥാനക്കാരെ ഇതിന് ഉപയോഗിച്ച് തന്ത്രപൂര്‍വ്വം രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടാക്കുന്നതെന്നാണ് പോലീസ് കരുതുന്നത്.
പലരും വ്യാപാര സ്ഥാപനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാറുണ്ടെങ്കിലും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താറില്ല. പലപ്പോഴും നിലവാരമുള്ള ക്യാമറകള്‍ സ്ഥാപിക്കാനും മടിക്കുന്നു. വിലക്കുറവ് നോക്കിയും വ്യക്തതയില്ലാത്ത ക്യാമറകളാണ് സ്ഥാപിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരെ നിര്‍ത്തുന്നതും കവര്‍ച്ച തടയാന്‍ സഹായകമാവും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.