Latest News

മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട സ്ത്രീയെ കൊന്ന് മൃതദേഹം കക്കൂസില്‍ കുഴിച്ചിടാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍

ഹരിപ്പാട്: മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട സ്ത്രീയെ കഴുത്തില്‍ ചുരിദാര്‍ഷാള്‍ മുറുക്കി കൊന്ന കേസില്‍ കാമുകന്‍ അറസ്റ്റില്‍. ഭരണിക്കാവ് പുത്തന്‍പുരയില്‍ പടീറ്റതില്‍ ഭാനുവിന്റെ മകള്‍ പുഷ്പകുമാരി(43)യാണ് കൊല്ലപ്പെട്ടത്. ഹരിപ്പാട് പൊത്തപ്പള്ളി ശാന്താഭവനം വേണു(39)വിനെ കൊലപാതകം നടന്ന വാടകവീട്ടില്‍നിന്ന് പോലീസ് അറസ്റ്റ്‌ചെയ്തു.[www.malabarflash.com ]

ഹരിപ്പാട് നഗരമധ്യത്തില്‍ മാധവാ ജങ്ഷന് സമീപത്തെ വീട്ടില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാമുകിയെ കൊലപ്പെടുത്തിയശേഷം രാത്രിയില്‍ വേണു സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം കക്കൂസില്‍ കുഴിച്ചിടാന്‍ ശ്രമിച്ചു. സുഹൃത്ത് വിവരം തന്ത്രപൂര്‍വം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.

പുഷ്പകുമാരിയുടെ ഭര്‍ത്താവ് പത്തനംതിട്ട മുറിപ്പാറ സ്വദേശി അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. പിന്നീട് ഇവര്‍ ഭരണിക്കാവിലെ കുടുംബവീട്ടിലായിരുന്നു താമസം. സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുണ്ടെന്നുപറഞ്ഞ് ഇടയ്ക്കിടെ വീട്ടില്‍നിന്ന് മാറിത്താമസിക്കാറുണ്ടായിരുന്നു. ഇങ്ങനെ രണ്ടുദിവസം മുമ്പാണ് വേണു വാടകയ്‌ക്കെടുത്ത വീട്ടിലെത്തിയത്.

ബുധനാഴ്ച രാത്രി പുഷ്പകുമാരിക്ക് വന്ന ഫോണ്‍കോളിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും വേണു ഇത് ചോദ്യംചെയ്തു. തുടര്‍ന്ന് പുഷ്പകുമാരി ആത്മഹത്യഭീഷണി മുഴക്കിയപ്പോള്‍ വേണു ഷാള്‍ കഴുത്തില്‍ മുറുക്കി കൊന്നതായാണ് പോലീസ് പറയുന്നത്.

പള്ളിപ്പാട് സ്വദേശി മഹേശന്‍ എന്ന സുഹൃത്തിനെയാണ് വേണു കുഴിയെടുക്കാന്‍ വിളിച്ചത്. മൃതദേഹം മറവുചെയ്യാനാണെന്ന് മനസ്സിലായപ്പോള്‍ പിക്കാസ് എടുത്ത് വരാമെന്നപേരില്‍ സ്ഥലംവിട്ട മഹേശന്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.

പുഷ്പകുമാരിയെ മിസ്ഡ്‌കോളിലൂടെയാണ് പരിചയപ്പെട്ടതെന്ന് പ്രതി പോലീസിനെ അറിയിച്ചു. രണ്ടുവര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീട് ഇടയ്ക്കിടെ വേണു ഇവരെ താമസസ്ഥലത്ത് വിളിച്ചുവരുത്താറുണ്ടായിരുന്നു. പുഷ്പകുമാരിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അവര്‍ താത്പര്യം കാട്ടിയിരുന്നില്ലെന്നാണ് പ്രതിയുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു.

വേണു കൂലിപ്പണിക്കാരനാണ്. വീട്ടുകാരുമായി ബന്ധമില്ലാതെ വാടകവീടുകളിലായിരുന്നു താമസം. 

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.