Latest News

മലയാളിക്ക് നാട്ടിലെത്താന്‍ ഷാര്‍ജ പോലീസിന്റെ അതിവേഗ സഹായം

ഷാര്‍ജ: അത്യാവശ്യമായി നാട്ടില്‍ പോകാനാണ് പുനലൂര്‍ സ്വദേശിയും അല്‍ഐനില്‍ ബിസിനസുകാരനുമായ സനില്‍ കെ മാത്യു ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ചൊവ്വാഴ്ച പുറപ്പെട്ടത്. ഭാര്യയെ ജോലി സ്ഥലത്താക്കി അല്‍ഐനില്‍ നിന്ന് വാഹനം എടുക്കുമ്പോള്‍ വൈകീട്ട് 4.30. രാത്രി 8.45നുള്ള ഷാര്‍ജ - തിരുവനന്തപുരം എയര്‍ ഇന്ത്യാ എക്‌സ്പ്രസിലാണ് നാട്ടിലേക്ക് പോകേണ്ടത്.[www.malabarflash.com]

അടുത്ത ദിവസം തന്നെ തിരിച്ച് വരുന്നതിനാല്‍ സ്വന്തം വാഹനത്തില്‍ ഒറ്റക്കായിരുന്നു വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. പക്ഷെ കണക്കുകൂട്ടലെല്ലാം തെറ്റിക്കുന്നതായിരുന്നു ഗതാഗത കുരുക്ക്. വലിയ വാഹന നിരയാണ് മുന്നിലുള്ളതെന്നും വാഹനങ്ങള്‍ അനങ്ങുന്നുപോലുമില്ലെന്നും സൃഹൃത്ത് ഷിബുവിനെ വിളിച്ചു സങ്കടം പറഞ്ഞു. സമയം 7.25 ആയിരുന്നു. 7.30ന് ചെക്കിങ് കൗണ്ടര്‍ അടക്കും. യാത്ര മുടങ്ങുമെന്ന് ഏതാണ്ടുറപ്പ്. ഷിബുവിനാണ് അപ്പോള്‍ ആ ആശയം തോന്നിയത്. 

യു.എ.ഇ പോലീസിന്റെ നന്‍മയില്‍ വിശ്വാസമര്‍പ്പിച്ച് 999 ല്‍ വിളിച്ച് സഹായം തേടി. പോലീസിനോട് അറിയാവുന്ന അറബിയില്‍ ഷിബു കാര്യങ്ങള്‍ പറഞ്ഞു. പോലീസ് സനിലിന്റെ വാഹന നമ്പറും നിറവും ചോദിച്ചു. വാഹനമെത്തിയ സ്ഥലം കൃത്യമായി അറിയില്ലായിരുന്നു. വിമാനത്താവള റോഡിലാണെന്ന് പറഞ്ഞപ്പോള്‍ ഉടനെ അവിടെയെത്താമെന്ന്പറഞ്ഞ് പോലീസ് ആശ്വസിപ്പിച്ചു.

മിനിട്ടുകള്‍ക്കകം പോലീസ് വാഹനം കുതിച്ചെത്തി സനിലിന്റെ വണ്ടിക്ക് വഴിയൊരുക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ബീക്കണ്‍ ലൈറ്റുകളും സൈറണും മുഴക്കി പോലീസ് വാഹനവും പിറകെ വശത്തെ മഞ്ഞവരയിട്ട ലൈനിലൂടെ സനിലും കുതിച്ചു. 

വിമാനത്താവളത്തില്‍ എത്തിയപ്പോളാണ് ശരിക്കും ഞെട്ടിയത്. സനിലിനെ സ്വീകരിക്കാനും ആശ്വസിപ്പിക്കാനും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കാത്തു നില്‍ക്കുന്നു. ഉടനെ തന്നെ സനിലിനെ ചെക്കിങ് കൗണ്ടറില്‍ എത്തിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന അറബിയോട് പോലീസുകാര്‍ കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഇടപ്പെടല്‍മൂലം അരമണിക്കൂര്‍ മുമ്പ് അടച്ച കൗണ്ടറില്‍ നിന്ന് 8:05 ന് ബോര്‍ഡിങ് പാസ് നല്‍കി. എന്നിട്ട് സനിലിനെയും കൊണ്ട് എമിഗ്രേഷന്‍ കൗണ്ടറില്‍ ചെന്ന് പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് സീല്‍ വച്ചതിന് ശേഷം പോലീസുകാരന്‍ പറഞ്ഞത് 'നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു' എന്ന്. അത് കേട്ടപ്പോള്‍ കോരിത്തരിച്ച് പോയെന്ന് സനില്‍. 

മുടങ്ങുമെന്ന് കരുതിയ യാത്ര പോലീസിന്റെ സഹായത്താല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത യാത്രയായി മാറിയ നിര്‍വൃതിയിലാണ് ഈ യുവാവ് ഇപ്പോഴും. ഈ വിവരം സുഹൃത്ത് ഷിബുവാണ് സാമൂഹിക മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. അത് വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.