Latest News

തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം; താന്ത്രിക ജ്ഞാനയജ്ഞം തുടങ്ങി

ഉദുമ : സ്വഭാവത്തിന് യോജിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാണ് മാനവരാശിയുടെ രക്ഷയ്ക്ക് ഉത്തമമെന്ന് ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രിക ഗവേഷണകേന്ദ്രം ചെയര്‍മാന്‍ എല്‍.ഗിരീഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. ഉത്തരകാശിയെന്ന് ഖ്യാതികേട്ട തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രത്തിലെ താന്ത്രിക ജ്ഞാനയജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

ഓരോവ്യക്തിയും അവരവരുടെ സ്വഭാവത്തെ തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതാണ് അഭികാമ്യം. കുടുംബത്തെ ശിഥിലീകരിക്കുന്നതിനും മാനവരാശിയുടെ അന്ത്യത്തിനുവഴിയൊരുക്കുംവിധവും നമ്മുടെ വിദ്യാഭ്യാസം മാറുകയാണോ എന്ന് സംശയിക്കേണ്ടതായും അദ്ദേഹം പറഞ്ഞു.

വൈകുന്നേരം ആചാര്യവരവേല്‌പോടെയാണ് നാലുദിവസം നീളുന്ന പരിപാടി തുടങ്ങിയത്. ക്ഷേത്രം തന്ത്രി ഉളിയത്ത് വിഷ്ണുഅസ്ര ഭദ്രദീപം കൊളുത്തിയതോടെ ആദ്യദിവസത്തെ താന്ത്രികജ്ഞാനയജ്ഞം തുടങ്ങി. മേല്‍ശാന്തി നവീന്‍ ചന്ദ്ര കയര്‍ത്തായ പ്രാര്‍ഥന നടത്തി. 

ആഘോഷക്കമ്മിറ്റി പ്രസിഡന്റ് ശിവരാമന്‍, സെക്രട്ടറി ബാലു, ഖജാന്‍ജി യു.കൃഷ്ണന്‍, യു.എ.ഇ. കമ്മിറ്റി സെക്രട്ടറി മുരളി പുത്യക്കോടി എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിന് ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രഭാഷണാനന്തരം നിറമാലയും പ്രസാദവിതരണവും ഉണ്ടായിരുന്നു.

രണ്ടാംനാളായ വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് എല്‍.ഗിരീഷ്‌കുമാറിന്റെ പ്രഭാഷണം തുടങ്ങും. ഭാരതീയ സംസ്‌കാരം നിത്യജീവിതത്തില്‍, ക്ഷേത്രസങ്കല്പം എന്നിവയാണ് വിഷയം. രാത്രി നിറമാലയും പ്രസാദവിതരണവും ഉണ്ടായിരിക്കും. ഞായറാഴ്ചയാണ് സമാപനം.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.