തൃക്കരിപ്പൂര്‍: റോഡരികില്‍ നില്‍ക്കുകയായിരുന്ന അച്ഛനെയും മകനെയും അമിതവേഗതയില്‍ ഓടിച്ചുവന്ന ടിപ്പര്‍ ലോറി ഇടിച്ചു കൊല്ലാന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഇടയിലക്കാടാണ് സംഭവം.[www.malabarflash.com]
ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇടയിലക്കാട് സ്വദേശികളായ എം. ഗംഗാധരന്‍ (49) മകന്‍ മിഥുന്‍ (24) എന്നിവരെ ചെറുവത്തൂരിലെ കെ എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം നിര്‍ത്താതെ ഓടിച്ചു പോയ ടിപ്പര്‍ ലോറി തൊട്ടടുത്ത കടയിലും പരിസരത്തും ഉണ്ടായിരുന്ന നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി.
രോഷാകുലരായ ആളുകള്‍ ടിപ്പര്‍ ലോറിയുടെ ഗ്ലാസുകള്‍ അടിച്ചുപൊളിച്ചു. ഗംഗാധരന്റെ പറമ്പിലെ തെങ്ങുകളും ടിപ്പര്‍ ലോറി ഇടിച്ചു മുറിച്ച നിലയിലാണ്.
വലിയപറമ്പ് കടപ്പുറം ജില്ലി ഇറക്കിയ ശേഷം തിരിച്ചുവരികയായിരുന്നു 500 അടിയുടെ കൂറ്റന്‍ ടിപ്പര്‍ ലോറി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചന്തേര പോലീസ് ടിപ്പര്‍ ലോറി കസ്റ്റഡിയില്‍ എടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇതിന് മുമ്പും ഈ ടിപ്പര്‍ ലോറി ഇടയിലക്കാട് ഭാഗത്തെ നിരവധി പേരുടെ പറമ്പിലെ തെങ്ങുകള്‍ കുത്തിയിട്ടിരുന്നു. ഗംഗാധരന്റെ പറമ്പിലെ തെങ്ങുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മുമ്പ് പ്രശ്‌നമുണ്ടായിരുന്നു.
ഈ തര്‍ക്കം ചന്തേര പോലീസ് ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയത്. ഈ വൈരാഗ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ബോധപൂര്‍വ്വം തന്നെയും മകനെയും അപായപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഗംഗാധരന്‍ പറയുന്നു.
ചീറിപ്പായുന്ന ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലിന്റെ ഭീതിയിലാണ് ഇടയിലക്കാടുള്ളവര്‍ കഴിയുന്നത്. അതിനിടെ നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ലോറി ഡ്രൈവര്‍ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment