Latest News

സഹായം അഭ്യർഥിച്ചുള്ള മൊബൈൽ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് ദുബൈ പൊലീസ്

ദുബൈ: സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള മൊബൈല്‍ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നു ദുബൈ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാനാണ് പോലീസ് നീക്കം.[www.malabarflash.com]

സാധുക്കളെ സഹായിക്കാന്‍ എന്ന വ്യാജേന പണം തട്ടാന്‍ ശ്രമിക്കുന്ന സംഘങ്ങളാണ് വ്യതസ്ത വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നിലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. റമസാന്‍ മാസത്തില്‍ ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുക പതിവാണ്. ജനങ്ങളുടെ ഔദാര്യ മനസ്ഥിതി ചൂഷണം ചെയ്താണ് ‘സാധു സംരക്ഷണ’ സംഘം പണാപഹരണംനടത്തുന്നത്. വാട്സ് ആപ്, ഫെയ്സ്ബൂക് തുടങ്ങിയ സമൂഹ മാധ്യമ ശൃംഖലകള്‍ വഴിയും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കും.

‘പാവങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അല്‍പം പണത്തിന്റെ കുറവുണ്ട്’ എന്നു അഭ്യര്‍ഥിച്ചശേഷം വായിക്കുന്നവന് സംശയം തോന്നാതിരിക്കാന്‍ ‘ അര ലക്ഷം ദിർഹമില്‍ അധികം ആവശ്യമില്ല’ എന്ന വ്യവസ്ഥയും വച്ചാണ് ചില സന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ എത്തുക. റമസാനിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പണം ആവശ്യപ്പെടും. വിധവകളുടെയും അനാഥകളുടെയും പുനരധിവാസം എന്നിവയും പണം തട്ടുന്നവരുടെ ഇഷ്ട വിഷയങ്ങളാണ്. 

ഈ സന്ദേശങ്ങള്‍ വരുന്ന മൊബൈല്‍ നമ്പരുകള്‍ പലതും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പണം തട്ടുന്നതിനു പുറമേ സ്ത്രീകളെ ചതിക്കുഴിയില്‍ ചാടിക്കാനും ഇത്തരം മൊബൈല്‍ സന്ദേശങ്ങളുടെ ലക്ഷ്യമാണെന്ന് ദുബൈ ക്രിമിനല്‍ കേസ് അന്വേഷണ വകുപ്പ് ഉപമേധാവി ബ്രിഗേ. മേജര്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി അറിയിച്ചു.

വിധവകളുടെ സംരക്ഷകരായി വേഷമിടുന്ന വ്യാജ സന്ദേശക്കാരില്‍ ചിലര്‍ പാസ്പോര്‍ട്ട് പകര്‍പ്പ് ആവശ്യപ്പെടാറുണ്ട്. ഭര്‍ത്താവ് ജയിലില്‍ കഴിയുന്നവരെ കുടുക്കാനും സന്ദേശങ്ങള്‍ വഴിവയ്ക്കും. ഓരോരുത്തരുടെയും കുടുംബ, സാമൂഹിക ചുറ്റുപാടുകള്‍ പഠിച്ചു കബളിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് മേജര്‍ ഖലീല്‍ സൂചിപ്പിച്ചു.

സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ രാജ്യത്തെ അംഗീകൃത സാമൂഹിക സഹായ സ്ഥാപനങ്ങളെയാണ്സമീപിക്കേണ്ടത്. ദാന ധര്‍മങ്ങള്‍ നല്‍കുന്നതും സ്വീകരിക്കുന്നതും സര്‍ക്കാര്‍ സന്നദ്ധ സ്ഥാപനങ്ങള്‍ വഴിയാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.