Latest News

തൊഗാഡിയയെ കണ്ടെത്തിയില്ലെന്ന് പോലീസ്; എസ്‌ഐ നേരിട്ട് ഹാജരാവണമെന്ന് കോടതി

കാഞ്ഞങ്ങാട്: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പ്രതിയായ വിശ്വഹിന്ദു പരിഷത്ത് ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയെ കോടതിയില്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഹൊസ്ദുര്‍ഗ് എസ്‌ഐയെ ഈ മാസം 23ന് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ഉത്തരവിട്ടു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (ഒന്ന്) മജിസ്‌ട്രേറ്റ് എം ബാലകൃഷ്ണനാണ് ഉത്തരവിട്ടത്.[www.malabarflash.com]

2011 ഏപ്രില്‍ 30ന് കാഞ്ഞങ്ങാട് വ്യാപാരിഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പ്രവീണ്‍ തൊഗാഡിയ വിവാദപരമായ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നേരിട്ട് കേസെടുക്കുകയായിരുന്നു.

എന്നാല്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ഹൊസ്ദുര്‍ഗ് പോലീസിന് കഴിഞ്ഞിരുന്നില്ല.
അറസ്റ്റ് ചെയ്യാനോ തൊഗാഡിയ കോടതിയില്‍ ഹാജരാകുകയോ ചെയ്യാത്തിനെ തുടര്‍ന്ന് നേരത്തെ തന്നെ ഇദ്ദേഹത്തിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
തിങ്കളാഴ്ച കേസ് കോടതിയുടെ പരിഗണനക്ക് വന്നപ്പോഴാണ് തൊഗാഡിയയെ കണ്ടുകിട്ടാന്‍ കഴിയുന്നില്ലെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചത്. പോലീസിന്റെ ഈ അപേക്ഷയെ കോടതി അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
രാജ്യം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രമുഖ നേതാവിനെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന വിശദീകരണമാണ് കോടതിയെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് 23ന് എസ്‌ഐ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.
വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഭാരതം ഹിന്ദുക്കളുടേത് മാത്രമാണെന്നും രാമജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രമേ പണിയാന്‍ പാടുള്ളൂവെന്നുമാണ് തൊഗാഡിയ പരാമര്‍ശിച്ചത്.
പോലീസ് നേരിട്ട് ചാര്‍ജ് ചെയ്ത കേസില്‍ 23 സാക്ഷികളാണുള്ളത്. ആദ്യം സമര്‍പ്പിച്ച കുറ്റപത്രം തെറ്റുകുറ്റങ്ങള്‍ നിറഞ്ഞതിനാല്‍ കോടതി തിരിച്ചയച്ചിരുന്നു. പിന്നീട് തിരുത്തിയ കുറ്റപത്രമാണ് രണ്ടാമതായി സമര്‍പ്പിച്ചത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.