Latest News

നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു. പഴയ ബസ്സ്റ്റാന്റ് ലോപ്ലസ് റെഡിമെയ്ഡ് കടയിലെ മാനേജര്‍ ഉളിയത്തടുക്ക പുളിക്കൂര്‍ പള്ളിക്ക് സമീപത്തെ മുഹമ്മദ് ബാസിത്ത്(24) ആണ് മരിച്ചത്.[www.malabarflash.com]

ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് അപകടം നടന്നത്. അണങ്കൂരില്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. ഉഗ്രശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിലുള്ള രണ്ട് പേര്‍ ഓടിയെത്തിയപ്പോള്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലും ടെലഫോണ്‍ പോസ്റ്റിലും ഇടിച്ച് നില്‍ക്കുന്നതാണ് കണ്ടത്.

മുന്‍സീറ്റില്‍ യുവാവ് വീണ് കിടക്കുന്നത് കണ്ടു. ഡോര്‍ തുറക്കാനായില്ല. ഉടന്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി പരിശ്രമിച്ചിട്ടും ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. സിറ്റിയറിംഗിലുള്ള എയര്‍ബാഗും തൊട്ടടുത്ത സീറ്റിന് മുന്നിലെ ഡാഷ് ബോര്‍ഡിലുള്ള എയര്‍ബാഗും പുറത്ത് വന്ന നിലയിലായിരുന്നു. ഇത് രണ്ടും പൊട്ടിച്ചാണ് പരിക്കേറ്റ യുവാവിനെ പുറത്തെടുത്തത്. ഉടന്‍ കെയര്‍വെല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

കാറിലുണ്ടായിരുന്ന നമ്പറില്‍ നോക്കി വിളിച്ചപ്പോള്‍ ഉടമ ഹബീബാണ് ഫോണെടുത്തത്. ഹബീബ് എത്തിയതോടെയാണ് മരിച്ചത് ബാസിത്താണെന്ന് തിരിച്ചറിഞ്ഞത്. 

ഹബീബും ബാസിത്തും സുഹൃത്തുക്കളാണ്. രണ്ട് ദിവസം മുമ്പ് കുടുംബസമേതം നോമ്പു തുറക്ക് പോകാനുണ്ടെന്ന് പറഞ്ഞാണത്രെ ഹബീബിന്റെ കെ.എല്‍ 14 ക്യു 3213 കാര്‍ വാങ്ങിയത്. തിങ്കളാഴ്ച പത്ത് മണിക്ക് കട അടച്ചിരുന്നു. പിന്നീട് പള്ളിയില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. 

കാര്‍ നല്ല വേഗത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. ആദ്യം ടെലഫോണ്‍ പോസ്റ്റിലിടിച്ച കാര്‍ തൊട്ടടുത്ത പ്ലൈവുഡ് ഹാര്‍ഡ്‌വെയര്‍ കടയുടെ ചെങ്കല്‍ ഭിത്തിയും നേരത്തെയുണ്ടായിരുന്ന മദ്യഷോപ്പിന്റെ കമ്പിവേലിയും തകര്‍ത്ത് ഇ.എസ്.ഐ. ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കുള്ള കോണ്‍ക്രീറ്റ് ഏണിപ്പടിയിലേക്ക് ഇടിച്ചു പിന്നോട്ട് നീങ്ങി ഇലക്ട്രിക് പോസ്റ്റിനും ടെലഫോണ്‍ പോസ്റ്റിനുമിടയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു. 

ഹാര്‍ഡ്‌വെയര്‍ കടയുടെ മുന്നിലെ ടിന്‍ഷീറ്റ് സ്ഥാപിച്ച ഇരുമ്പ് തൂണ്‍ കാറിന്റെ ബോണറ്റിലേക്ക് തുളഞ്ഞു കയറിയ നിലയിലാണ്. കടയുടെ ഷട്ടര്‍ ഇടിയുടെ ആഘാതത്തില്‍ ചുളിഞ്ഞു. ചാറ്റല്‍ മഴയില്‍ റോഡില്‍ നിന്ന് കാര്‍ തെന്നിയതാവാനാണ് സാധ്യത.

മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പുളിക്കൂറിലെത്തിക്കും. പൊതുദര്‍ശനത്തിന് വെച്ച ശേഷം പുളിക്കൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

പി.എഫ്. അബ്ദുല്‍ഖാദര്‍-ഫൗസിയ ദമ്പതികളുടെ മകനാണ് ബാസിത്ത്. സഹോദരങ്ങള്‍: ശിഹാബ്, ഫവാസ് (ഇരുവരും ബഹ്‌റൈന്‍), ഷാഹുല്‍ ഹമീദ്, ഷായിദ, ഷഹറാന.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.