Latest News

ദമ്പതികളുടെ തിരോധാനം: മാസം രണ്ട് പിന്നിട്ടിട്ടും പോലീസ് ഇരുട്ടിൽ തപ്പുന്നു

കോട്ടയം: അറുപറയില്‍നിന്ന് ദമ്പതികളെ കാണാതായിട്ട് മാസം രണ്ട് പിന്നിട്ടിട്ടും പോലിസ് ഇരുട്ടില്‍തപ്പുന്നു. യാതൊരു തെളിവും ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോവാനാവാത്ത അവസ്ഥയിലാണ് പോലിസ്. [www.malabarflash.com]

ഡിജിപി ടിപി സെന്‍കുമാര്‍ ദമ്പതികളുടെ അറുപറയിലെ വീട്ടിലെത്തിയശേഷം അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയതു മാത്രമാണ് ആകെയുണ്ടായ പുരോഗതി.

ദമ്പതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു പ്രക്ഷോഭ രംഗത്താണ്. വീട്ടുകാരും നാട്ടുകാരും പറയുന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണമെല്ലാം പരാജയപ്പെടുകയായിരുന്നു.

റംസാന്‍ അവസാനിക്കുന്നതിനു മുമ്പെങ്കിലും ഇവര്‍ മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് വീട്ടുകാരും ബന്ധുക്കളും. ഏപ്രില്‍ ആറിന് ഹര്‍ത്താല്‍ ദിനത്തിലാണ് ചെങ്ങളം അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ കാണാതാവുന്നത്.

പിതാവിനോടും 13ഉം എട്ടും വയസ്സുള്ള രണ്ടു മക്കളോടും ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞാണു രാത്രി ഒമ്പതോടെ ഇവര്‍ പുറപ്പെട്ടത്. കാണാതായി രണ്ടു മാസം പിന്നിട്ട സാഹചര്യത്തില്‍ അവസാന ശ്രമമെന്ന നിലയ്ക്ക് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കാനൊരുങ്ങുകയാണ് ഹാഷിമിന്റെ കുടുംബം.

തടവില്‍ പാര്‍പ്പിച്ചയാളെ വിട്ടുകിട്ടുന്നതിനായാണ് ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുന്നത്. ഇവിടെ ആരും തടവില്‍ പാര്‍പ്പിച്ചതായി വിവരമൊന്നുമില്ല. അതുകൊണ്ടുതന്നെ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുന്നതിന്റെ സാധ്യത എത്രത്തോളമുണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.

ദമ്പതികളെ കണ്ടെത്തുന്നതിനായി എല്ലാ ശ്രമങ്ങളും തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി റൂബി ചാക്കോ അറിയിച്ചു. ദമ്പതികള്‍ക്കു വേണ്ടി താഴത്തങ്ങാടി ആറ്റില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

നേവിയുടെ സഹായത്താല്‍ നടത്തിയ തിരച്ചിലിലായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാല്‍, വേമ്പനാട്ടു കായലില്‍ വരെ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ദമ്പതികള്‍ ഏതെങ്കിലും തരത്തില്‍ അപകടത്തില്‍പ്പെട്ടതാണെങ്കിലും ഇതു സംബന്ധിച്ച് തെളിവുകള്‍ ലഭിക്കാത്തതു പോലിസിനെ കുഴയ്ക്കുന്നു. വിവിധ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും പുരോഗതിയൊന്നുമുണ്ടായിരുന്നില്ല.

സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഇല്ലിക്കലില്‍ നിന്ന് കാര്‍ കടന്നുപോവുന്നത് മാത്രമാണ് ആകെ ലഭിച്ച വിവരം. വീടിനു തൊട്ടുചേര്‍ന്ന് ഒറ്റക്കണ്ടത്തില്‍ സ്റ്റോഴ്‌സ് എന്ന പേരില്‍ പലചരക്കുകട നടത്തിവരികയായിരുന്നു ഹാഷിം.

ഒരുമാസം മുമ്പ് വാങ്ങിയ പുതിയ ഗ്രേ കളര്‍ മാരുതി വാഗണ്‍ ആര്‍ കാറിലാണ് ഹാഷിമും ഭാര്യ ഹബീബയും പുറത്തുപോയത്. മൊബൈല്‍ ഫോണ്‍, പഴ്‌സ്, എടിഎം കാര്‍ഡ്, ലൈസന്‍സ് എന്നീ രേഖകളൊന്നുമില്ലാതെയാണ് ഹാഷിം വീട്ടില്‍ നിന്നു പോയത്.

ഡിവൈ.എസ.പി ഗിരീഷ് പി സാരഥി, വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസ്, കുമരകം എസ്.ഐ ജി രജന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 30 പേരടങ്ങുന്ന സംഘമാണു സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.