Latest News

ഞമ്മക്കിതിനെ ഉമ്മ മെരാന്ന് വിളിക്കാ.... നിങ്ങോ ഒന്ന് പറഞ്ഞേ... ഉദുമ ഇസ്‌ലാമിയ സ്‌കൂളിലെ വേപ്പുമരം ഇനി മുതല്‍ 'ഉമ്മ'മരം

ഉദുമ: ഐക്യ രാഷ്ട്രസഭയുടെ ഈ വര്‍ഷത്തെ പരിസ്ഥിതി നയമായ പ്രകൃതിയിലേക്ക് വീണ്ടും എന്നതിനെ പ്രമേയമാക്കി ഉദുമ ഇസ്ലാമിയ എ.എല്‍. പി സ്‌കൂളിലെ ജൈവ പാര്‍ക്കിലെ വേപ്പു മരത്തെ ഉമ്മ മരമായി പ്രഖ്യാപിച്ചു.[www.malabarflash.com]

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊക്കിള്‍ കൊടി ബന്ധം തിരിച്ചു പിടിക്കാന്‍ അമ്മയുടെ പൊക്കിള്‍കൊടി ബന്ധത്തിലേക്ക് ഈ വേപ്പു മരത്തെ ബന്ധപ്പെടുത്തിയാണ് ഔഷധ വൃക്ഷമായ വേപ്പിനെ ഉമ്മ മരമായി പ്രഖ്യാപിച്ചത്. 

എല്ലാ രോഗങ്ങള്‍ക്കും ഔഷധമായ വേപ്പ് ഉമ്മയെ പോലെ മനുഷ്യനെ പ്രകൃതിയിലേക്ക് അടുപ്പിക്കുന്നു.
ഉദുമ ഇസ്ലാമിയ സ്‌കൂളില്‍ 1940 ല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന എണ്‍പതു വയസ്സു തികഞ്ഞ നാലാംവാതുക്കലിലെ ആയിഷാബി ഉമ്മയാണ് സ്‌കൂളിലെത്തി ജൈവ പാര്‍ക്കിലെ അറുപതോളം മരങ്ങളിലൊന്നായ വേപ്പിനെ ഉമ്മ മരമായി പ്രഖ്യാപിച്ചത്.

ഞാമ്പടിച്ച സ്‌കൂളില് ബന്ന് ഈ എമ്പതാം വയസ്സില് എന്റെ കുഞ്ഞി മക്കളെ കാണാന്‍ കയ്ഞ്ഞതില്‍ എന്റെ പിര് സം ഞാനറിയിക്ക്ന്ന്. പ്രഖ്യാപനത്തിന് ശേഷം അവര്‍ കുട്ടികളോട് പറഞ്ഞു.
ഞാന് ചെറിയ പ്രായത്തില് നിങ്ങളെ പ്പോലെ ഈ സ്‌കൂളിലാണ് പഠിച്ചത്. ഞാന്‍ ഈ വേപ്പുമരത്തിന്റടീല് ഇരിക്കുമ്പം എനക്ക് ബെല്യ സന്തോസം ഇണ്ട്. എന്ത് ന്നറിയോ, ഈ മരം ണ്ടല്ലോ നിങ്ങളെ ഉമ്മാനെപ്പോലെ നിങ്ങക്ക് സ്‌നേഹൂം സന്തോസും തെര്ന്ന മരം. ഞമ്മക്കിതിനെ ഉമ്മ മരം ന്ന് വിളിക്കാ നിങ്ങോ ഒന്ന് പറഞ്ഞേ - ഉമ്മ മരം കുട്ടികള്‍ ഏറ്റു പറഞ്ഞപ്പോള്‍ ആയിഷാബി ഉമ്മയുടെ മുഖത്ത് സന്തോഷം പകര്‍ന്നു.

കുട്ടികളുടെ ചോദ്യത്തിന് അവര്‍ മറുപടി പറഞ്ഞു. സ്‌കൂള്‍ വളപ്പില്‍ നടുന്ന നൂറ്റമ്പതോളം വേപ്പിന്‍ മരതൈകളുടെ വിതരണം ആയിഷാബി ഉമ്മ നിര്‍വഹിച്ചു.

മുന്‍ ഹെഡ്മാസ്റ്റര്‍ എം. ശ്രീധരന്‍ പാര്‍ക്കിലെ മലേഷ്യന്‍ ചെടിയെ പക്ഷി മരമായും പ്രഖ്യാപിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പ്രൊഫ. എം.എ. റഹ്മാന്‍, പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര, ഷെരീഫ് എരോല്‍, ശംസുദ്ധീന്‍ ബങ്കണ, സത്താര്‍ മുക്കുന്നോത്ത്, കെ.എ. ഷുക്കൂര്‍, കെ.എസ്. മുഹമ്മദ് ഹബീബുല്ല, അബ്ദുല്ലക്കുഞ്ഞി ഉദുമ, ഹംസ ദേളി, സിദ്ദീഖ് ഈച്ചിലിങ്കാല്‍, അധ്യാപകരായ പി. സുജിത്ത്, സി ടി.ലീലാമ്മ, എ. ബിന്ദു, കെ.എ. അസീസ് റഹ്മാന്‍, പി.പ്രിജിന, എം. ബവിത, എ. ഗീത, എ.പി. മുക്കീമുദ്ദീന്‍, സി.ശ്രീജ, കെ.പ്രീതി സംബന്ധിച്ചു.
മദര്‍ പി.ടി.എ യോഗം ചേരാനും അത്യാവശ്യം ക്ലാസ് എടുക്കാനും മരച്ചുവട് ഉപയോഗിക്കുതരത്തിലാണ് ഉമ്മ മരം ഒരുക്കുന്നത്. ഉമ്മ മരത്തിനു ചുറ്റും ചെങ്കല്ല് കൊണ്ട് ഇരിപ്പിടം നിര്‍മ്മിക്കും. പക്ഷി മരത്തില്‍ പറവകള്‍ക്ക് കുടിക്കാന്‍ ചട്ടിയില്‍ വെള്ളം കെട്ടിവെക്കും.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.