Latest News

വ്യാജ രേഖകൾ ഹാജരാക്കി കോൺഗ്രസ് നേതാവിന്റെ ഭാര്യ സഹകരണ ബാങ്കിൽനിന്ന് 8 ലക്ഷം തട്ടിയെടുത്തെന്ന് പരാതി

കാസർകോട്: വ്യാജ രേഖകൾ ഹാജരാക്കി ഡിസിസി ജനറൽ സെക്രട്ടറിയുടെ ഭാര്യ സഹകരണ ബാങ്കിൽനിന്ന് എട്ടുലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. കുമ്പള സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.സുരേഖയാണ് പരാതിയുമായി കുമ്പള സിഐയെ സമീപിച്ചത്.[www.malabarflash.com]

വീടിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖ വ്യാജമായി തയാറാക്കി ഡിസിസി സെക്രട്ടറിയുടെ ഭാര്യ വായ്പ തരപ്പെടുത്തിയെന്നാണ് പരാതി. 2009ൽ ആണ് ബാങ്കിൽനിന്ന് എട്ട് ലക്ഷം രൂപ വായ്പയെടുത്തത്.

വീട് പൂർത്തിയായെന്നു കാണിച്ചാണ് വായ്പയ്ക്ക് അപേക്ഷിച്ചത്. വീടിന്റെ ഉടമസ്ഥാവകാശമുള്ള രേഖയും ഹാജരാക്കി. രണ്ടര ഏക്കർ ഭൂമിയും വീടും ഈടായി വച്ചു. വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ബാങ്ക് അധികൃതർ വായ്പയെടുത്തവർക്ക് നോട്ടിസ് നൽകിയിരുന്നു. തുടർന്ന്, വായ്പ തിരിച്ചടച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് വീട്ടിലെത്തി അറിയിച്ചപ്പോഴാണ് വീടിന്റെ ഉടമസ്ഥാവകാശം വായ്പയെടുത്തവരുടെ പേരിലല്ലെന്ന് കണ്ടെത്തുന്നത്.

ബാങ്ക് ഭരണസമിതി കുമ്പള പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ വായ്പയ്ക്കായി നൽകിയ ഉടമസ്ഥാവകാശ സാക്ഷ്യപത്രത്തിൽ പറയുന്ന വീട് ഇവരുടെ ബന്ധുവിന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകുന്നത്. നേരത്തേ കോൺഗ്രസ് ഭരണസമിതിയുടെ ഭരണത്തിലായിരുന്ന ബാങ്ക് ഇപ്പോൾ കോൺഗ്രസ് ബിജെപി സഖ്യമാണ് ഭരിക്കുന്നത്. 

നിരവധി ക്രമക്കേടുകളെ തുടർന്ന് സെക്രട്ടറിയെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. അന്നത്തെ ബാങ്ക് ഭരണസമിതിയുടെ ഒത്താശയോടെയാണ് തട്ടിപ്പെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഭരണസമിതി പ്രസിഡന്റ് കെ.ശങ്കർ ആൽവ ആവശ്യപ്പെട്ടു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.