Latest News

ലീഗ് നേതാവിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം; യുവാവിനെതിരെ കേസ്‌

കാഞ്ഞങ്ങാട്: വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പ്രവാസി യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.[www.malabarflash.com]

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മുസ്‌ലിംലീഗ് മുന്‍ നിയോജക മണ്ഡലം പ്രസിഡണ്ടുമായ നോര്‍ത്ത്ചിത്താരി വെള്ളിക്കോത്ത് ഹൗസില്‍ ബശീര്‍ വെള്ളിക്കോത്തിന്റെ പരാതിയില്‍ കല്ലൂരാവിയില്‍ താമസിക്കുന്ന ഗോള്‍ഡന്‍ കരിം എന്ന അബ്ദുള്‍ കരീമിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇരുന്നൂറിലധികം പേര്‍ അംഗങ്ങളായുള്ള കെഎംസിസി-ഐയുഎംഎല്‍-എംവൈഎല്‍-എംഎസ്എഫ് എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലും നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലുമായി ഇരുന്നൂറ്റമ്പതോളം പേര്‍ അംഗങ്ങളായിട്ടുള്ള കാഞ്ഞങ്ങാട് കൂട്ടായ്മ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലും ബശീര്‍ വെള്ളിക്കോത്തിനെതിരെ നിരന്തരം അപവാദങ്ങള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തി എന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ രണ്ടര മാസത്തോളമായി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കരീമിന്റേതായി പ്രത്യക്ഷപ്പെട്ട വോയ്‌സ് മെസേജുകളും ടെക്സ്റ്റ് മെസേജുകളും സഹിതമാണ് ബശീര്‍ വെള്ളിക്കോത്ത് പോലീസിനെ സമീപിച്ചത്. ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് അപവാദം പ്രചരിപ്പിക്കുകയും അതുവഴി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് അടക്കമുള്ള സംവിധാനത്തെ തന്നെ അവമതിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതടക്കമുള്ള നിരവധി കാര്യങ്ങള്‍ നിരത്തിയാണ് കരീമിനെതിരെ പരാതി നല്‍കിയിട്ടുള്ളത്.

2017 മെയ് മാസം 11-ാം തീയതി മുതല്‍ നാളിതുവരെ കരീമിന്റേതായി പുറത്തുവന്ന അശ്ലീലങ്ങളടങ്ങിയ സന്ദേശങ്ങളും വംശീയ അധിക്ഷേപങ്ങളുടെയും പകര്‍പ്പുകള്‍ പരാതിക്കാരന്‍ സമര്‍പ്പിച്ചിരുന്നു. ഇവയൊക്കെയും പരിശോധിച്ചതിന് ശേഷമാണ് അബ്ദുള്‍ കരീമിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് വെളളിയാഴ്ച രാവിലെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെ മോശക്കാരനായി ചിത്രീകരിച്ച് സമൂഹത്തില്‍ നിന്നും ഇല്ലായ്മ ചെയ്യാനും ഒറ്റപ്പെടുത്താനും അപമാനിക്കാനും കരീം അടക്കമുള്ള നിഗൂഢശക്തികള്‍ ഗൂഢാലോചന നടത്തിയെന്ന് പരാതിക്കാന്‍ ബോധിപ്പിച്ചിട്ടുണ്ട്. 

അശ്ലീലവും ആഭാസത്തരവും ലൈംഗിക ആരോപണങ്ങളും പ്രചരിപ്പിക്കുക വഴി താനും മൂന്നുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബം ഏറെ മാനസിക പ്രയാസത്തോടെയാണ് ജീവിക്കുന്നതെന്നും പരാതിയിലുണ്ട്.
ഇന്ത്യന്‍ ശിക്ഷാനിയമം 294 (ബി), കേരളാ പോലീസ് ആക്ട് 120 (ഒ), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.