Latest News

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ തന്നെ

ദുബൈ: സാമ്പത്തിക കുറ്റകൃത്യത്തിന് ​ദുബായ് ജയിലിൽ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ എം.എം. രാമചന്ദ്ര​ൻ ​(7​6)​ മോചിതനായെന്ന വാർത്ത തെറ്റാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.[www.malabarflash.com] 

ചില മാധ്യമങ്ങ​ളിൽ പ്രചരിക്കുന്നത് ശരിയായ വാർത്തയല്ല. ​പണം നൽകാനുള്ള ബാങ്കുകളുമായി ​ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നു​ണ്ടെന്നത് ശരിയാണ്​​.​എന്നാല്‍​ അദ്ദേഹം​​ ​ജയില്‍ മോചിതനായിട്ടി​ല്ല​.​ ഉടൻ അതു സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ അറിയിച്ചു.

ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂർ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രനെ ​2015 ഡിസംബർ 11ന് ​ദുബൈ ​കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്.

പതിനഞ്ചിലേറെ ബാങ്കുകളിൽനിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിർഹം (ആയിരം കോടിയോളം രൂപ) വായ്‌പയെടുത്തത്. അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബൈയിലുള്ളത്. ഇതിൽ ഒന്ന് 3.4 കോടി ദിർഹത്തിന്റെ ചെക്കാണത്രേ. യുഎഇ ബാങ്കുകൾക്കു പുറമെ, ദുബായിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽനിന്നും വായ്‌പയെടുത്തിരുന്നു.​ ​ജയില്‍ മോചിതനായാല്‍ ബാങ്കുമായുള്ള കട ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നാണ്​ അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നത്. മസ്‌കറ്റിലെ ആശുപത്രി​പ്രമുഖ വ്യവസായി ഡോ. ​ബി​.​ആര്‍​.​ഷെട്ടി​ക്ക് ​​വിറ്റ പണം കടം വീട്ടാനുപയോഗി​ക്കും​​. ​

​രാമചന്ദ്രന്റെ മകളും ഭര്‍ത്താവും ​വിവിധ കേസുകളുമായി ബന്ധപ്പെട്ട് ​ജയിലിലാണ്.​ ഭാര്യ മാത്രമാണ് പുറത്തുള്ളത്. അടുത്തിടെ അവർ രാമചന്ദ്രന്റെ ദയനീയാവസ്ഥ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ​ജയിലിൽ രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നാണ് വിവരം.

22 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ സമവായത്തിന് തയ്യാറായിട്ടുണ്ട്. മൂന്ന് ബാങ്കുകളും കൂടി സമവായത്തിന് തയ്യാറാവാനുണ്ട്. രാമചന്ദ്രന്റെ അഭിഭാഷകര്‍ ഇവരുമായി ചര്‍ച്ച നട​ത്തിവരുന്നു​. മൂന്ന് ബാങ്കുകള്‍ കൂടി സമ്മതിച്ചാല്‍ രാമചന്ദ്രന് ഏതു നിമിഷവും പുറത്തുവരാനാകുമെ​ന്നാണ് ​​ബന്ധുക്കളുടെ പ്രതീക്ഷ.​

2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു​ ദുബൈ പോലീസ് രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. 1​5 ബാങ്കുകളുടെയും അധകൃതർ യോഗം ചേർന്ന്, യുഎഇ സെൻട്രൽ ബാങ്കിനെ സമീപിക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. യുഎഇയിലെ ഒരു സ്വകാര്യ നിക്ഷേപ ഗ്രൂപ്പുമായി ചേർന്ന് പ്രശ്ന പരിഹാരത്തിന് അറ്റ്ലസ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടി​രുന്നില്ല​.

മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അൻപതോളം ശാഖകളുണ്ട്; യുഎഇയിൽ മാത്രം 12 ഷോറൂമുകൾ. കേരളത്തിലും ശാഖകളുണ്ട്. ഹെൽത്ത്കെയർ, റിയൽ എസ്‌റ്റേറ്റ്, ചലച്ചിത്രനിർമാണ മേഖലകളിലും അറ്റ്‌ലസ് സാന്നിധ്യമുറപ്പിച്ചിരുന്നു.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.