Latest News

വനിതാ ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ പെണ്‍പട

ലണ്ടന്‍: ഐസിസി വനിതാ ലോകകപ്പിലെ ആവേശ പോരില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ നാണം കെടുത്തി. 95 റണ്‍സിനാണ് ഇന്ത്യ ആവേശ ജയം സ്വന്തമാക്കിയത്.[www.malabarflash.com] 

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ പാകിസ്താന്റെ പോരാട്ടം 38.1 ഓവറില്‍ 74 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റ് നേടിയ ഇക്താ ബിഷിതിന്റെ ബൗളിങ് പ്രകടനമാണ് പാക് നിരയെ തകര്‍ത്തെറിഞ്ഞത്. 

മന്‍സി ജോഷി രണ്ട് വിക്കറ്റും ജുലാന്‍ ഗോസാമി, ദീപ്തി ശര്‍മ, ഹര്‍മണ്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ ജയം വേഗത്തിലാക്കി. ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയം കൂടിയാണിത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നുന്നതായിരുന്നു ഇന്ത്യയുടെ ബാറ്റിങ് പ്രകടനം. തുടക്കം മുതലേ പാകിസ്താന്റെ ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വലിഞ്ഞ് മുറുക്കിയപ്പോള്‍ ഓപണിങിലെ മികച്ച കൂട്ടുകെട്ട് ഇത്തവണ ആവര്‍ത്തിച്ചില്ല. 

കഴിഞ്ഞ മല്‍സരത്തില്‍ വിന്‍ഡീസിനെതിരെ സെഞ്ച്വറി നേടിയ സ്മൃതി മന്ദനയാണ് ആദ്യം മടങ്ങിയത്. രണ്ട് റണ്‍സെടുത്ത മന്ദനയെ ഡിയാന ബെയ്ഗ് എല്‍ബിക്ക് മുന്നില്‍ കുരുക്കുകയായിരുന്നു. രണ്ടാമതായി ക്രീസിലെത്തിയ ദീപ്തി ശര്‍മ മികച്ച ഷോട്ടുകളുമായി തുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് ജീവന്‍വച്ചു. 

പൂനം റൗത്തുമായി (47) രണ്ടാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത ദീപ്തി ശര്‍മ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 22.2 ഓവറില്‍ രണ്ട് വിക്കറ്റിന് 74 റണ്‍സെന്ന നിലയിലായിരുന്നു.
മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ പാക് ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുന്നതിലും പിശുക്കുകാണിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് ഒച്ചിഴയും വേഗമായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജും (8) ഹര്‍മണ്‍പ്രീത് കൗറും(10) മോന മിശ്രവും (6) ചെറിയ ഇടവേളകളില്‍ മടങ്ങിയപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 36.6 ഓവറില്‍ ആറ് വിക്കറ്റിന് 111 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. 

എന്നാല്‍ മധ്യനിരയില്‍ സുഷ്മ വെര്‍മ (33) അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതാണ് ഇന്ത്യയെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 169 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്.
170 റണ്‍സെന്ന താരതമ്യേനെ ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ പാകിസ്താന്‍ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് അല്‍പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇക്താ ബിഷിത് എന്ന സ്പിന്‍ബൗളറുടെ മാന്തികതയ്ക്ക് മുന്നില്‍ പാകിസ്താന്റെ പ്രതീക്ഷകള്‍ കടപുഴകി വീണു. 
10 ഓവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടു നല്‍കി അഞ്ച് വിക്കറ്റുകളാണ് ഇക്ത എറിഞ്ഞുവീഴ്ത്തിയത്. 

29 റണ്‍സ് നേടിയ സന മിറാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. നാഹിദ ഖാനും (23) പാക് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എട്ട് പാക് താരങ്ങളാണ് രണ്ടക്കം കാണാനാവാതെ മടങ്ങിയത്. ഇതില്‍ നാല് പേര്‍ പൂജ്യത്തിനാണ് പുറത്തായത്. പാക് ടീമിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഇക്താ ബിഷിതാണ് കളിയിലെ താരം.



Keywords: Sports News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.