Latest News

നാറാത്ത് കേസ്: തീവ്രവാദക്കുററം ചുമത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ നാറാത്ത് ആയുധ പരിശീലന കേസില്‍ തീവ്രവാദക്കുററം ചുമത്താന്‍ കഴിയില്ലെന്ന് ജസ്‌ററിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വിധിച്ചു. നാറാത്ത് കേസിലെ തിവ്രവാദ വകുപ്പും മതവിദ്വേഷ വകുപ്പും റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ എന്‍.ഐ.എ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്.[www.malabarflash.com]

അബ്ദുല്‍ അസീസ്, പി.സി ഫഹദ്, കെ.കെ ജംഷീര്‍, പി.പി അബ്ദുല്‍ സമദ്, പി. മുഹമ്മദ് സരീദര, പി.എം അജ്മല്‍, എ.പി. മിസാജ്, സി. നൗഫല്‍, സി. റികാസുദ്ദീന്‍, പി.ജംഷീദ്, ഒ.കെ. ആഷിഖ്, എ.ടി. ഫൈസല്‍, കെ.പി. റബാഹ്, വി. ഷിജിന്‍ (സിറാജ്), എ.കെ. സുഹൈര്‍, പി. സഫീഖ്, ഇ.കെ. റഷീദ്, വി.പി. മുഹമ്മദ് അബ്ഷീര്‍, കെ.സി. ഹാഷിം, സി.പി. നൗഷാദ്, സി.എം. അജ്മല്‍, എ.വി. ഖമറുദ്ദീന്‍ എന്നീ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കുമേല്‍ ചുമത്തിയ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) വകുപ്പും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാനിയമം 153ാം വകുപ്പും നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ ഹൈകോടതി വിധി തെറ്റാണെന്ന് തെളിയിക്കാവുന്ന ഒന്നും കേന്ദ്ര സര്‍ക്കാര്‍ മുഖേന എന്‍.ഐ.എ സമര്‍പ്പിച്ച ഹരജിയിലില്ലെന്ന് ഉത്തരവില്‍ ഇരുവരും വ്യക്തമാക്കി.

അതിനാല്‍ എന്‍.ഐ.എയുടെ പ്രത്യേകാനുമതി ഹരജി തള്ളുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും ഇനി നിലനില്‍ക്കില്ലെന്നും എല്ലാം തീര്‍പ്പാക്കിയെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

പ്രതികളില്‍ ഖമറുദ്ദീനെ എന്‍.ഐ.എ കോടതി നേരത്തേ വിട്ടയച്ചിരുന്നു. 2013 ഏപ്രില്‍ 23ന് കണ്ണൂര്‍ നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ നിന്നാണ് പോലീസ് 22 പേരെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് തീവ്രവാദ കേസ് ആക്കി മാറ്റിയതോടെ സംസ്ഥാന സര്‍ക്കാര്‍ എന്‍.ഐ.എക്ക് കൈമാറി.

തുടര്‍ന്ന് എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എയിലെ 18, 18എ വകുപ്പും മതസ്പര്‍ധ, ദേശവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (എ), 153 (ബി) വകുപ്പുകളും ചുമത്തി കേസിന്റെ കാഠിന്യമേറ്റി.

അറസ്റ്റിലായവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സംഘംചേരല്‍, ആയുധനിയമത്തിലെ 25, 27 വകുപ്പുകള്‍, സ്‌ഫോടകവസ്തു നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ എന്നിവക്ക് പുറമെയായിരുന്നു ഇത്. എന്നാല്‍, കുറ്റം ചുമത്തുന്നതിനുള്ള തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി കേരള ഹൈകോടതി ഭീകരക്കേസുകള്‍ക്കുള്ള യു.എ.പി.എ വകുപ്പുകളും മതസ്പര്‍ധ, ദേശവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവക്കുള്ള ഐ.പി.സി 153 (എ), 153 (ബി) വകുപ്പുകളും റദ്ദാക്കി. 

ഇതുകൂടാതെ ആയുധനിയമത്തിലെ ആയുധം ഉപയോഗിച്ചത് സംബന്ധിച്ച 27 വകുപ്പും ഒഴിവാക്കി. ഇതിനെതിരെയാണ് എന്‍.ഐ.എ കേന്ദ്ര സര്‍ക്കാര്‍ മുഖേന സുപ്രീംകോടതിയിലെത്തിയത്. എന്‍.ഐ.എക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, മുതിര്‍ന്ന അഭിഭാഷകരായ ബിനു തംത, പി.കെ. ദേ എന്നിവരും അഡ്വ. ബി. കൃഷ്ണപ്രസാദും ഹാജരായിരുന്നു. 

കേസ് ദുര്‍ബലമെന്നു കണ്ടെത്തി പ്രതികളുടെ ഭാഗം പോലും കേള്‍ക്കാതെയാണ് എന്‍.ഐ.എയുടെ ഹരജി കോടതി തള്ളിയത്.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.