Latest News

ആയിരം വൃക്ഷതൈകള്‍ കൊണ്ട് അമ്മയ്ക്ക് പ്രണാമം

പനത്തടി: മണ്ണിനോട് പടവെട്ടി മക്കളെ ഉയരങ്ങളിലെത്തിച്ച അമ്മക്ക് മക്കളുടെ പ്രണാമം മരങ്ങളിലൂടെ......[www.malabarflash.com]

കൃഷിയെ ജീവിതത്തിന്റെ ഭാഗമായി കണ്ട സ്‌നേഹനിധിയായ അമ്മ മണ്ണിലേക്ക് മടങ്ങിയപ്പോള്‍ ബലിതര്‍പ്പണത്തിനൊപ്പം പ്രകൃതി സംരക്ഷണവും അമ്മക്കുള്ള പ്രണാമമാകുമെന്ന് മക്കള്‍ തിരിച്ചറിയുകയായിരുന്നു .

കഴിഞ്ഞ 13 ന് ചെറുപനത്തടിയില്‍ നിര്യാതയായ കൂക്കള്‍ വീട്ടില്‍ കേക്കടത്ത് പാട്ടിയമ്മയുടെ മരണാനന്തരചടങ്ങ് ചൊവ്വാഴ്ചയായിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ക്ക് മക്കള്‍ ഓരോ വൃക്ഷ തൈകള്‍ കൂടി സമ്മാനിച്ചാണ് മടക്കി അയച്ചത്.

പാട്ടി അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തലമുറകളോളം പച്ച പിടിച്ചു നില്ക്കാന്‍ നിലമ്പൂര്‍ തേക്കിന്‍ തൈകള്‍ തന്നെയാണ് കൂടുതലായി വിതരണം ചെയ്തത്. മരം ഒരു വരമെന്നു കരുതുന്ന മലയോരത്തെ കര്‍ഷകര്‍ ഈ വൃക്ഷതൈകള്‍ നിറഞ്ഞ മനസ്സോടെ ഏറ്റു വാങ്ങുകയും ചെയ്തു .

അഞ്ചു പതിറ്റാണ്ട് മുമ്പ് പറക്കമുറ്റാത്ത ആറ് മക്കളെ പാട്ടിയമ്മയുടെ കൈകളിലേല്‍പിച്ച് ഭര്‍ത്താവ് കൂക്കള്‍ നാരായണന്‍ നായര്‍ ലോകത്തോട് വിട പറഞ്ഞു. തോല്‍ക്കാന്‍ മനസ്സില്ലാത്ത പാട്ടിയമ്മ സ്വന്തം കൃഷിയിടത്തില്‍ പണിക്കാര്‍ക്കൊപ്പം എല്ലുമുറിയെ പണിയെടുത്തു. പാറ കൂട്ടങ്ങളെ പിന്തള്ളി തെങ്ങും കവുങ്ങും റബ്ബറുമെല്ലാം ഇവരുടെ പറമ്പില്‍തല ഉയര്‍ത്തി നിന്നു.

ഒഴിവ് സമയങ്ങളില്‍ നന്നായി വായിച്ച് പോരാട്ട വഴിയില്‍ പിടിച്ചു നില്‍ക്കാന്‍ ശക്തിനേടി. മക്കളെല്ലാം സുരക്ഷിതരായികഴിഞ്ഞ്, രണ്ടാഴ്ച മുമ്പ് 85ാം വയസ്സില്‍ നിത്യതയിലേക്ക് മടങ്ങി.

ഈ അമ്മക്ക് വേണ്ടിയാണ് മക്കള്‍ 1000 വൃക്ഷ തൈകള്‍ കൊണ്ട് പ്രണാമമൊരുക്കിയത്. 700 നിലമ്പൂര്‍ തേക്കിന്‍ തൈകളും, 100 മുള്ളാത്ത(ലക്ഷ്മണപ്പഴം), തൈകളും, ലഷ്മിതരുവുമാണ് അമ്മയുടെ ഓര്‍മ്മക്ക് ചൊവ്വാഴ്ച വിതരണം ചെയ്തത് .

പ്രവാസിയും, നാടകനടനും, ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജാവുമുള്‍പ്പടെ മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കൂക്കള്‍ രാഘവന്‍, പൊതുപ്രവര്‍ത്തകനും, കാസര്‍കോട്ടെ എല്‍.ഐ.സി. ഏജന്റുമായ കൂക്കള്‍ ബാലകൃഷ്ണന്‍, യു.എ.ഇ യിലെ ഒപ്പല്‍ ലാന്‍ഡ് സ്‌കേപിംഗ് സ്ഥാപനത്തിന്റെ ഉടമ കൂക്കള്‍ രാമചന്ദ്രന്‍, പരപ്പയിലെ ദാക്ഷായണി നാരായണന്‍, മാലോം ദര്‍ഘാസിലെ രമണി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട്ടെ രുഗ്മിണി ദാമോദരന്‍ എന്നിവരാണ് മക്കള്‍.

അയല്‍വാസിയും, കുടുംബ സുഹൃത്തും, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കൂടിയായ പി.രാജന്‍ ആദ്യത്തെ വൃക്ഷ തൈ കൈമാറി. തുടര്‍ന്ന് കുടുംബ സുഹൃത്തുക്കളായപനത്തടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം. വി കൃഷ്ണന്‍, വി .വി. കുമാരന്‍ എന്നിവരും തൈകള്‍ നല്‍കി. കര്‍ഷകരായ ചെറുപനത്തടിയിലെ ടി .രാജേഷ്, മുഹമ്മദ് കുഞ്ഞി,പി കെ. ശ്രീധരന്‍, പി .വി.കുഞ്ഞിക്കണ്ണന്‍, തുടങ്ങിയര്‍ ഏറ്റുവാങ്ങി.
-ബാബു പാണത്തൂര്‍Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.