Latest News

മതത്തെ കച്ചവടച്ചരക്കാക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ല: സാദിഖലി തങ്ങള്‍

തിരുവനന്തപുരം: മതത്തെ കച്ചവടച്ചരക്കാക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്നും മതേതരത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടപാതയിലാണ് മുസ്‌ലിംലീഗെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ മുസ്‌ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

സ്വന്തം രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് പഠിക്കാത്തതാണ് നരേന്ദ്രമോദിയുടെ ഏറ്റവും വലിയ പോരായ്മ. അദ്ദേഹം മറ്റ് രാജ്യങ്ങളില്‍ സഞ്ചരിച്ച് അവരുടെ സംസ്‌കാരം പഠിച്ച് സ്വന്തമായി പേരെടുക്കാന്‍ ശ്രമിക്കുകയാണ്. ഭരണഘടനക്ക് അതീതനായി പ്രവര്‍ത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ഭരണഘടനക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

ദലിത്- ന്യൂനപക്ഷ വേട്ടയില്‍ ആഹ്ലാദം കൊള്ളുന്ന ഭരണകൂട വിഭാഗീയതക്കെതിരെ രാജ്യത്തെ സമാധാന കാംക്ഷികള്‍ സംഘടിക്കുകയാണ്. ആഹാരത്തിന്റെ കാര്യത്തിലും ഫാസിസം കടന്നുകയറുന്നത് അംഗീകരിക്കാനാവില്ല.
ബ്രീട്ടീഷുകാര്‍ ഇന്ത്യയെ ഭൂമിശാസ്ത്രപരമായാണ് വെട്ടിമുറിച്ചത്. എന്നാലിപ്പോള്‍ ശാരീരികമായി വെട്ടിമുറിക്കുകയാണ്. രാജ്യം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നീങ്ങുമ്പോള്‍ മുസ്‌ലിം ലീഗും രാജ്യത്തെ മതേതരകക്ഷികളും ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട ഘട്ടമാണിത്. അതിന് തുടക്കമെന്ന നിലയിലാണ് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ലത്തിന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം, ശശിതരൂര്‍ എം.പി, വി.കെ ഇബ്രാഹിം കുഞ്ഞ്, കെ.പി.എം.എസ് വര്‍ക്കിംഗ് പ്രസിഡന്റ് ടി.എ വേണു, കവി മുരുകന്‍ കാട്ടാക്കട, പി.കെ ഫിറോസ്, ഇസ്ഹാഖ് കുരുക്കള്‍, ബീമാപള്ളി റഷീദ്, തോന്നക്കല്‍ ജമാല്‍, എ. യൂനിസ് കുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

പുളിമൂട് ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ അണിനിരന്നു. തലസ്ഥാനത്തെ വിവിധ മത, സാമൂഹിക, സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി. രാജ്യത്തൊട്ടാകെ ദലിതുകളും ന്യൂനപക്ഷങ്ങളും അകാരണമായി വേട്ടയാടപ്പെടുന്നതിന്റെ ഫാസിസ്റ്റ് രാഷ്ട്രീയമുഖം തുറന്നുകാട്ടിയാണ് നേതാക്കള്‍ സദസിനെ അഭിസംബോധന ചെയ്തത്. 

രാജ്യത്തെ മര്‍ദ്ദിത ജനതയോടൊപ്പം നില്‍ക്കാന്‍ മുന്നിട്ടിറങ്ങുന്ന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുസ്‌ലിം ലീഗ് മുന്‍നിരയിലുണ്ടാകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞത് സദസ് കൈയ്യടിയോടെയാണ് സ്വീകരിച്ചത്. 

വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ഫാസിസ്റ്റ് രാഷ്ട്രീയം വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.