ഗുരുവായൂർ ക്ഷേത്രനടയിലാണ് ഞായറാഴ്ച രാവിലെ 10.30ഓടെ സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. കൊടുങ്ങല്ലൂരിൽ നിന്നണ് വരന്റെ സംഘം. മുല്ലശേരി ഭാഗത്തു നിന്ന് വധു. വീട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ താലികെട്ട് കഴിഞ്ഞ് തൊഴുത് പ്രാർഥിക്കാൻ ദീപസ്തംഭത്തിനടുത്തേക്ക് പോകുമ്പോഴാണ് തന്റെ കാമുകനും സുഹൃത്തുക്കളും നിൽക്കുന്നത് വധു വരന് കാണിച്ചുകൊടുത്തത്. തനിക്കിഷ്ടം അയാളെ വിവാഹം കഴിക്കാനായിരുന്നുവെന്നും അവൾ അയാളോട് പറഞ്ഞു. ഇത് തനിക്ക് ഇഷ്ടമില്ലാത്ത വിവാഹമാണെന്നും പറഞ്ഞുവത്രെ. ഞെട്ടിപ്പോയ വരൻ ഇക്കാര്യം തന്റെ അമ്മയെ അറിയിച്ചു.
നിമിഷങ്ങൾക്കകം സംഭവം പാട്ടായി. കാര്യം പന്തിയല്ലെന്ന് കണ്ട് വധുവിന്റെ സംഘത്തിലെ കാരണവന്മാർ വരനെയും വധുവിനെയും ബന്ധുക്കളെയും വിവാഹ സൽക്കാരം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതോടെ ഇരുപക്ഷവും തമ്മിലുള്ള ചർച്ച വാക്കേറ്റത്തിലായി.
ഇത് കൈയാങ്കളിയുടെ വക്കത്തെത്തിയതോടെ മണ്ഡപക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ടെമ്പിൾ പോലീസ് സി.ഐ യു.എച്ച്. സുനിൽദാസും സംഘവുമെത്തി ബന്ധുക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ വധുവിന് ചാർത്തിയ താലി വരന്റെ ബന്ധുക്കൾ ഊരിവാങ്ങി. പെൺകുട്ടിയുടെ വീട്ടുകാർക്ക് മുമ്പേ അറിയാമായിരുന്ന വിവരം മറച്ചുവെച്ച് തങ്ങളെ കബളിപ്പിക്കുകയാണെന്ന് വരന്റെ ബന്ധുക്കൾ ആരോപിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment