Latest News

ഹാദിയ കേസ്: എന്‍.ഐ.എ അന്വേഷിക്കണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് സുപ്രിം കോടതി. മതംമാറിയ ഡോ. ഹാദിയ എന്ന പെണ്‍കുട്ടിയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് സുപ്രിംകോടതി കേസ് എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്.[www.malabarflash.com]

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹാദിയയെ വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിയുമെന്നും സുപ്രിം കോടതി അറിയിച്ചു. എന്‍.ഐ.എ അന്വേഷണത്തെ കോടതിയില്‍ കേരളം എതിര്‍ത്തില്ല. വിരമിച്ച ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടിലാകും അന്വേഷണം.

തന്റെയോ ഭാര്യ ഹാദിയയുടെയോ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതിയുടെ വിധിയെന്നു ചൂണ്ടിക്കാട്ടിയാണ് ഷെഫിന്‍ ജഹാന്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. വിവാഹം അസാധുവാക്കാനുള്ള കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലെന്നതാണ്.

എന്നാല്‍, മുസ്‌ലിം വിവാഹ നിയമപ്രകാരം വധുവിന്റെ മാതാപിതാക്കള്‍ അമുസ്‌ലിംകള്‍ ആണെങ്കില്‍ താല്‍ക്കാലിക രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ വിവാഹം നടത്താവുന്നതാണ്. അതിനാല്‍ താല്‍ക്കാലിക രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ നടന്ന വിവാഹം മുസ്‌ലിം വ്യക്തിനിയമപ്രകാരം സാധുവാണെന്നുമാണ് ഹരജിക്കാരന്റെ വാദം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.