അഡൂര്‍ : എസ്.പി.സി. സ്ഥാപകദിനമായ ആഗസ്‌റ്റ് രണ്ടിന് വ്യത്യസ്ഥങ്ങളായ സമ്മാനപ്പൊതികളുമായാണ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടിപോലീസുകാര്‍ സ്‌കൂളിലെത്തിയത്.[www.malabarflash.com]
പൊതികള്‍ തുറന്നപ്പോള്‍ അതില്‍ നിറയെ കുട്ടികള്‍ നാട്ടിലെ വീടുകളില്‍ നിന്ന് ശേഖരിച്ച വിവിധ ഭാഷകളിലുള്ള വ്യത്യസ്ഥ എഴുത്തുകാരുടെ മനോഹരങ്ങളായ പുസ്തകങ്ങളായിരുന്നു. കഥകള്‍, കവിതകള്‍, നോവലുകള്‍ തുടങ്ങി കുഞ്ഞുമനസ്സുകളെ സ്വാധീനിച്ച പുസ്തകങ്ങള്‍.എല്ലാം ഒരുമിച്ചുകൂട്ടി അവരത് സ്‌കൂള്‍ ലൈബ്രറിയിലേക്ക് എസ്.പി.സി.യുടെ ജന്മദിനസമ്മാനമായി നല്‍കി.
സ്‌കൂളിലെ പ്രീ-പ്രൈമറി ക്ലാസിലെ കൊച്ചുകൂട്ടുകാരോടൊപ്പം കേക്ക് മുറിച്ച് പാട്ടുകള്‍ പാടിയും സ്‌കൂള്‍ വളപ്പില്‍ പ്ലാവ്, മാവ്, ഞാവല്‍, പുളി തുടങ്ങിയ ഫലവൃക്ഷങ്ങള്‍ ഓര്‍മ്മമരങ്ങളായി നട്ടുപിടിപ്പിച്ചും സ്‌റ്റൂഡന്റ് പോലീസിന്റെ സ്ഥാപകദിനത്തെ നന്മയുടെ നല്ല പാഠങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയാണ് അവര്‍ വീടുകളിലേക്ക് മടങ്ങിയത്.
ദേലമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി. ഗംഗാധര പതാക ഉയര്‍ത്തിയതോടുകൂടിയാണ് സ്ഥാപകദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പി.ടി.എ. പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കമലാക്ഷി, സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ എന്നിവര്‍ ചേര്‍ന്ന് ലൈബ്രറിയിലേക്കുള്ള പുസ്‌തകങ്ങള്‍ ഏറ്റുവാങ്ങി.
കേഡറ്റുകളായ എ.എസ്. ഷാനിബ, എസ്. ശഫാഅത്തുള്ള, ആതിര,സൗമ്യ എന്നിവര്‍ നേതൃത്വം നല്‍കി. അധ്യാപകരായ ഖലീല്‍ അഡൂര്‍, എം. സുനിത, എ.എം. അബ്‌ദുല്‍ സലാം ആശംസകളര്‍പ്പിച്ചു. എസ്.പി.സി. എ.സി.പി.ഒ. പി.ശാരദ സ്വാഗതവും സി.പി.ഒ. എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment