Latest News

ഹാഫിളുകള്‍ക്കിടയില്‍ വിസ്മയമായിസഅദിയ്യ വിദ്യാര്‍ത്ഥി അഹമ്മദ് ഖൈസ്

കാസര്‍കോട്: സഅദിയ്യ ഹിഫ്‌ള് കോളേജിലെ വിദ്യാര്‍ത്ഥിയായ പതിമൂന്നുകാരന്‍ ഖുര്‍ആനിലെ ഓരോ സൂറത്തിന്റേയും അവസാന ആയത്ത് മുതല്‍ ആദ്യ ആയത്ത് വരെ അനായാസം ഓതിക്കാണ്ട് വിസ്മയിപ്പിക്കുന്നത്.[www.malabarflash.com]

ഖുര്‍ആന്‍ പൂര്‍ണ്ണമായും കാണാതെ ഓതുന്നവര്‍ കേരളീയ സാഹചര്യത്തില്‍ പുത്തരിയല്ലെങ്കിലും ഇത്തരമൊരു കഴിവുള്ളവര്‍ ഇല്ലെന്ന് തന്നെ പറയാം. അത്തരം അപൂര്‍വ്വ നേട്ടവുമായി കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയുമായ ഹാഫിള് അഹമ്മദ് ഖൈസാണ് അത്ഭുതമാകുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് മാത്രം കേട്ടു കേള്‍വിയുള്ള ഈ അത്യപൂര്‍വ്വ ശേഷി കേരളത്തില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഖുര്‍ആനിലെ ഏത് സൂറത്തുകളും എളുപ്പത്തില്‍ മനപാഠമോതാന്‍ കഴിവുള്ള ഈ വിദ്യാര്‍ത്ഥിവെറും 8 മാസങ്ങള്‍ കൊണ്ടാണ് ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പാഠമാക്കിയത് എന്ന പ്രത്യേകത കൂടിയുമുണ്ട്. 

സാധാരണ ഗതിയില്‍ സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ മനപാഠമാക്കാന്‍ ചുരുങ്ങിയത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലയളവ് വേണമെന്നിരിക്കെ കുറഞ്ഞ മാസങ്ങള്‍ കൊണ്ട് ഈ നേട്ടം കൈവരിച്ച ഈ വിദ്യാര്‍ത്ഥിയെ നേരത്തെ സഅദിയ്യയില്‍ നടന്ന പണ്ഡിത ദര്‍സില്‍ അഖിലേന്ത്യസുന്നി ജംഇയ്യത്തുല്‍ ഉലമ ജന:സെക്രട്ടറി കാന്തപുരം എ.പിഅബൂബക്കര്‍ മുസ്‌ലിയാര്‍ ആദരിച്ചിരുന്നു.
സംസ്ഥാന തലത്തില്‍ നടന്ന വിവിധ ഖുര്‍ആന്‍ ഹിഫ്‌ള് മത്സരങ്ങളിലും ഈ വിദ്യാര്‍ത്ഥി തന്റെ പ്രതിഭാത്വം തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആലപ്പുഴ ഹാശിമിയ്യയില്‍ നടന്ന അഖില കേരള ഹിഫ്‌ള് മത്സരത്തിലും, ഈ മാസം ആദ്യ വാരത്തില്‍ തിരുവനന്തപുരം വര്‍ക്കലയില്‍ നടന്ന തമാം ഹോളി ഖുര്‍ആന്‍ മത്സരത്തിലും, സഅദിയ്യയില്‍ നടന്ന ആയത്ത് മത്സരത്തിലും ഈ വിദ്യാര്‍ത്ഥി ജേതാവായിരുന്നു.
സഅദിയ്യ ഹിഫ്‌ള് കോളേജിലെ ഫൈനല്‍ വിദ്യാര്‍ത്ഥിയായ ഈ കൊച്ചു ബാലന്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണ്. 

പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന അഹമ്മദ് ഖൈസ് തന്റെ കഠിനമായ പ്രയത്‌നത്തിലൂടെയാണ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ച തെന്ന് ഉസ്താദുമാരായ ഹാഫിള് അഹമ്മദ് സഅദി, ഹാഫിള് മുഹമ്മദ് സഅദി, ഹാഫിള് അന്‍വര്‍ സഖാഫി, ഹാഫിള് ലത്വീഫ് മുസ്‌ലിയാര്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു. മഞ്ചേശ്വരം കടമ്പാര്‍ ഗാന്ധി നഗറിലെ മുഹമ്മദ്-സ്വഫിയ്യ ദമ്പതികളുടെ മകനാണ് അഹ്മദ് ഖൈസ്.
കഴിഞ്ഞ വര്‍ഷം വെറും 8 മാസം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കി സഅദിയ്യയിലെ മുഹമ്മദ് റാഫി എന്ന മറ്റൊരു വിദ്യാര്‍ത്ഥിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
സഅദിയ്യ കേന്ദ്ര കമ്മിറ്റി അഹ്മദ് ഖൈസിനെ പ്രത്യേകം അനുമോദിച്ചു. പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉപഹാരം നല്‍കി. ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, കെ.പി.ഹുസൈന്‍ സഅദി , പള്ളങ്കോട് അബ്ദല്‍ ഖാദര്‍ മദനി, എം.എ.അബ്ദുല്‍ വഹാബ്, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, ഹാഫിള് അഹ്മദ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.