Latest News

ആള്‍ദൈവത്തെ ജയിലിലെത്തിച്ചത്‌ കാസര്‍കോട്‌ സ്വദേശിയായ സി ബി ഐ ഉദ്യോഗസ്ഥന്‍

കാസര്‍കോട്‌: രാജ്യമെമ്പാടുമായി കോടാനുകോടി രൂപയുടെ സമ്പത്തിന്റെ ഉടമയും ദേര സച്ചാ സൗദ നേതാവുമായ ആള്‍ ദൈവം ഗുര്‍മിത്‌ റാം റഹിം സിങ്ങിനെ ജയിലിലേക്കെത്തിച്ചതിന്‌ പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ച കാസര്‍കോട്‌ സ്വദേശിയായ സി ബി ഐ ഉദ്യോഗസ്ഥന്‍. [www.malabarflash.com]

കാസര്‍കോട്‌, ഉപ്പള, മുളിഞ്ച, സ്വദേശി നാരായണനാണ്‌ ഈ ഉദ്യോഗസ്ഥന്‍. കാസര്‍കോട്‌ ഗവ.കോളേജില്‍ വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം സി ബി ഐയില്‍ എസ്‌ ഐ റാങ്കില്‍ ജോലിയില്‍ പ്രവേശിച്ച്‌ ജോയിന്റ്‌ ഡയറക്‌ടര്‍ പദവിയോടെയാണ്‌ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചത്‌. 

ആള്‍ ദൈവത്തിന്റെ അറസ്റ്റും ശിക്ഷയും രാജ്യമെങ്ങും ചര്‍ച്ച ചെയ്യുമ്പോഴും അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച നാരായണന്‍ എന്ന സി ബി ഐ ഉദ്യോഗസ്ഥന്റെ ജന്മനാട്‌ കാസര്‍കോട്‌ ജില്ലയാണെന്ന കാര്യം ആരും അറിയുന്നില്ല. 

1970 ല്‍ കാസര്‍കോട്‌ ഗവ.കോളേജില്‍ നിന്നും സയന്‍സില്‍ ബിരുദമെടുത്ത ശേഷമാണ്‌ നാരായണന്‍ സി ബി ഐയില്‍ ചേര്‍ന്നത്‌. പിന്നീടുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതകാലം മുഴുവന്‍ വെല്ലുവിളിയുടെ നാളുകളായിരുന്നു. സര്‍വ്വീസ്‌ കാലത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസാണ്‌ ആള്‍ ദൈവത്തിനെതിരെ ഉണ്ടായതെന്നും ഇപ്പോള്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ നാരായണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.
2002 സെപ്‌തംബര്‍ മാസത്തിലാണ്‌ ആള്‍ ദൈവത്തിനെതിരെയുള്ള ബലാത്സംഗ കേസ്‌ പഞ്ചാബ്‌-ഹരിയാന ഹൈക്കോടതി സി ബി ഐയ്‌ക്ക്‌ കൈമാറിയത്‌. ആള്‍ ദൈവത്തിന്റെ പണത്തിനും പ്രതാപത്തിനും മുന്നില്‍ ആദ്യത്തെ അഞ്ചു വര്‍ഷക്കാലം ഒന്നും സംഭവിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ പേടിയും ആള്‍ ദൈവത്തിന്‌ വേണ്ടിയുള്ള ഉന്നതതല ഇടപെടലുകളുമായിരുന്നു കാരണം. ഇതോടെ കേസ്‌ വീണ്ടും കോടതിയിലെത്തി. 

സ്വീധീനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാത്ത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിന്‌ നിയോഗിക്കാന്‍ കോടതി ഉത്തരവിട്ടു. 2002 ഡിസംബര്‍ 12ന്‌ സി ബി ഐ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. അന്വേഷണം നാരായണന്റെ കൈകളിലെത്തി. മേലുദ്യോഗസ്ഥരും ജനപ്രതിനിധികളും വന്‍കിടക്കാരും സ്വാധീനങ്ങളുമായെത്തി. എല്ലാവരുടെയും ആവശ്യം കേസ്‌ അന്വേഷണവുമായി മുന്നോട്ടു പോകരുതെന്നായിരുന്നു. ഒപ്പം നാരായണന്‌ ആള്‍ ദൈവത്തിന്റെ ഭീഷണിയും ഉണ്ടായി. 

പക്ഷെ അദ്ദേഹം ഒന്നിനു മുന്നിലും തളര്‍ന്നില്ല. അന്വേഷണം ഏല്‍പ്പിച്ചത്‌ കോടതിയാണെന്ന വിശ്വാസത്തിന്റെ ബലത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോയി.മാസങ്ങളും വര്‍ഷങ്ങളും നീണ്ട അന്വേഷണത്തിനിടയില്‍ പരാതിക്കാരിയായ മുന്‍ ആശ്രമവാസിയെ നാരായണന്‍ കണ്ടെത്തി. അപ്പോഴേക്കും അതിനുമുമ്പ്‌ ആശ്രമത്തില്‍ നിന്ന്‌ രക്ഷപ്പെട്ട പരാതിക്കാരിയായ യുവതി കുടുംബ ജീവിതത്തിലേക്ക്‌ കടന്നിരുന്നു. ഒരച്ഛന്റെ സ്ഥാനത്ത്‌ നിന്നു അദ്ദേഹം യുവതിയെ മജിസ്‌ട്രേറ്റിന്‌ മുന്നിലെത്തിക്കുകയും ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മൊഴിയെടുപ്പിക്കുകയും ചെയ്‌തു. 

കേസ്‌ ഭാവിയില്‍ ദുര്‍ബലപ്പെടാതിരിക്കാനായിരുന്നു ഇത്‌. ആള്‍ ദൈവത്തെ ചോദ്യം ചെയ്യുകയായിരുന്നു അടുത്ത കടമ്പ. അതും നിശ്ചയദാര്‍ഢ്യം കൊണ്ട്‌ മറികടന്നു. ചോദ്യം ചെയ്യലിന്‌ അരമണിക്കൂര്‍ അനുവദിച്ച ആള്‍ ദൈവം ആദ്യം എല്ലാം മറച്ചു വെയ്‌ക്കാന്‍ ശ്രമിച്ചു. കൂര്‍ത്തു മൂര്‍ത്ത ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ ആള്‍ ദൈവത്തിന്‌ അടിപതറി, തൊണ്ടയിടറി. മറച്ചുവെച്ച കാര്യങ്ങളോരോന്നും മൂടുപടം നീക്കി പുറത്ത്‌ വന്നു. അങ്ങനെയാണ്‌ ആള്‍ദൈവം നിയമത്തിന്‌ മുന്നില്‍ കുറ്റക്കാരനായത്‌.
38 വര്‍ഷക്കാലമാണ്‌ നാരായണന്‍ സി ബി ഐയില്‍ സേവനം അനുഷ്‌ഠിച്ചത്‌. മുന്‍ പ്രധാനമന്ത്രി രാജീവ്‌ഗാന്ധി വധം, അയോധ്യ രാമക്ഷേത്ര കേസ്‌, ഖാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ കേസ്‌ എന്നിവയൊക്കെ അന്വേഷിച്ച സി ബി ഐ സംഘത്തിലെ അംഗമായിരുന്നു നാരായണന്‍.2009ല്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ച അദ്ദേഹത്തെ അതേവര്‍ഷം തന്നെ സി ബി ഐയുടെ ഉപദേഷ്‌ടാവായി നിയമിച്ചു.
38 വര്‍ഷത്തെ സര്‍വ്വീസിന്‌ ശേഷം 2009ല്‍ വിരമിച്ച നാരായണനു 1992 ല്‍ മികച്ച സേവനത്തിനുള്ള പോലീസ്‌ മെഡലും 1999 ല്‍ രാഷ്‌ട്രപതിയുടെ പോലീസ്‌ മെഡലും ലഭിച്ചിരുന്നു.
(കടപ്പാട്: കാരവല്‍)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.