കാഞ്ഞങ്ങാട്: ആറു പതിറ്റാണ്ട് മുന്‍പ് പ്രവർത്തനാരംഭിച്ച കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി ഭരണ സമിതി പ്രതിസന്ധിയിൽ. നിലവിലുള്ള പ്രസിഡന്റ് ജില്ലാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് അംഗമായ സോമി മാത്യു ഭരണസമിതിയിലെ ഭിന്നതയേത്തുടർന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജി വച്ചു.[www.malabarflash.com]
പ്രസിഡന്റിനെതിരേ 11 അംഗ ഭരണസമിതിയിൽ പത്തുപേർ നല്കിയ അവിശ്വാസ നോട്ടീസിനെത്തുടർന്നു 26 ന് ചർച്ച നടക്കാനിരിക്കെയാണ് സോമിമാത്യു പത്രസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ്-ലീഗ്-ബിജെപി ഭരണ സമിതിയിലാണ് സൊസൈറ്റി ഭരണം നടക്കുന്നത്. കോണ്‍ഗ്രസിന് അഞ്ചും ബിജെപിക്ക് നാലും ലീഗിന് രണ്ടും ഡയറക്ടർമാരാണുള്ളത്. ഇതിൽ 10 പേരും പ്രസിഡന്റിനെതിരേ അവിശ്വാസ നോട്ടീസിൽ ഒപ്പുവച്ചതായാണറിയുന്നത്.
ഡയറക്ടർമാരുടെ അവിഹിത ഇടപെടലുകളാണ് തന്നെ രാജിയിലെത്തിച്ചതെന്നു സോമി മാത്യു പറഞ്ഞു. നേരത്തെ, ചെയ്യാത്ത കുറ്റത്തിന് വിജിലൻസ് കേസിൽ പ്രസിഡന്റും സെക്രട്ടറിയും പെട്ടിരുന്നു. നാളികേര സംഭരണവുമായി ബന്ധപ്പെട്ട ആരോപണമാണ് കേസിനു വഴിയൊരുക്കിയത്.
ഈ ആരോപണത്തിന് പിന്നിലും കോണ്‍ഗ്രസ് ഡയറക്ടർമാരാണെന്നു സോമി മാത്യു ആരോപിച്ചു. പരാതിയിൽ കഴന്പില്ലെന്നു ചൂണ്ടിക്കാട്ടി കോടതി കേസ് തള്ളുകയായിരുന്നു. അതിനുശേഷവും നിയമപരമല്ലാത്ത കാര്യത്തിന് ഡയറക്ടർമാർ നിർബന്ധിച്ചപ്പോൾ വഴങ്ങാത്തതാണ് അവിശ്വാസ നോട്ടീസിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഏഴുവർഷം മുന്‍പ് കഴിഞ്ഞ ഭരണസമതിയുടെ കാലത്ത് സർവീസിലിരിക്കെ മരണപ്പെട്ട ജീവനക്കാരന്റെ മകൾക്ക് ആശ്രിത നിയമനം നൽകുന്നതിനു പകരം വൈസ് പ്രസിഡന്റും ബിജെപി ഡയറക്ടറുമായ വ്യക്തിയുടെ സഹോദരപുത്രിക്ക് നിയമനം നൽകിയതിനെ പ്രസിഡന്റ് എതിർത്തിരുന്നു. വർഷങ്ങൾക്കുശേഷം നിയമനടപടികളിലൂടെ ആശ്രിത നിയമനം നേടിയതും പ്രസിഡന്റിനോടുള്ള എതിർപ്പ് രൂക്ഷമാകാൻ കാരണമായതായി ചൂണ്ടിക്കാട്ടുന്നു.
ഏറ്റവുമൊടുവിൽ വാച്ച്മാൻ തസ്തികയിൽ റാങ്ക് ലിസ്റ്റിൽപ്പെടാത്ത ഒരു ഡയറക്ടറുടെ ബന്ധുവിന് ജോലി നൽകണമെന്ന നിർദേശവും പ്രസിഡന്റ് നിരസിക്കുകയുണ്ടായി. അടുത്തയിടെയുണ്ടായ ഏതാനും ഒഴിവുകളിലേക്ക് തന്നിഷ്ടപ്രകാരം നിയമനം നടത്താനാണ് തന്നെ പുറത്താക്കാനുള്ള ശ്രമത്തിന്റെ പിന്നിലെ ഉദ്ദേശമെന്നും സോമിമാത്യു ആരോപിച്ചു.
25 നു മുന്‍പ് രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെത്തുടർന്നു പ്രതിസന്ധിയിലാകുന്ന രണ്ടാമത്തെ സഹകരണ സ്ഥാപനമാണ് കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി.
പുല്ലൂർ സഹകരണ ബാങ്കിന്റെ ഭരണസമിതിയിലാണ് നേരത്തെ ഗ്രൂപ്പ് വഴക്കിനെത്തുടർന്ന് വിവാദങ്ങളുണ്ടായത്. ഇത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനുതന്നെ തലവേദന സൃഷ്ടിച്ചിരിക്കയാണ്.
No comments:
Post a Comment