Latest News

ചുവപ്പിന് തിളക്കം കൂട്ടി മട്ടന്നൂര്‍ നഗരസഭ വീണ്ടും എല്‍ ഡി എഫിന്

കണ്ണൂര്‍: കഴിഞ്ഞ തവണത്തേതിനെക്കാള്‍ മികച്ച വിജയവുമായി മട്ടന്നൂര്‍ നഗരസഭാ ഭരണം തുടര്‍ച്ചയായ അഞ്ചാം തവണയും എല്‍ ഡി എഫിന്. ആകെയുള്ള 35 സീറ്റുകളില്‍ 28 സീറ്റുകള്‍ നേടിയാണ് എല്‍ ഡി എഫ് മൃഗീയ ഭൂരിപക്ഷം നേടിയത്. [www.malabarflash.com]

കഴിഞ്ഞ തവണ 13 സീറ്റുകളുണ്ടായിരുന്ന യു ഡി എഫിന് ഇത്തവണ നേടാനായത് ഏഴ് സീറ്റുകള്‍ മാത്രം. ഏഴ് സിംറ്റിംഗ് സീറ്റുകള്‍ എല്‍ ഡി എഫിന് അടിയറ വെക്കേണ്ടി വന്നപ്പോള്‍ മൂന്ന് സീറ്റുകളില്‍ ബി ജെ പിക്ക് പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് യു ഡി എഫിന് വന്‍ തിരിച്ചടിയായി.
മട്ടന്നൂര്‍ നഗരസഭ നിലവില്‍ വന്ന 1997 മുതല്‍ ഭരണം ഇടത് മുന്നണിയുടെ കൈകളിലാണ്. 35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്.
മട്ടന്നൂരിലെ ജനങ്ങള്‍ രാജ്യത്തിന് കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് നല്‍കിയതെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രതികരിച്ചു. ബി ജെ പിക്ക് ദയനീയ തിരിച്ചടിയാണ് ലഭിച്ചത്. മട്ടന്നൂരില്‍ അക്കൗണ്ട് തുറക്കണമെന്ന ഉദ്ദേശത്തോടെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തിച്ചത്. എന്നാല്‍ രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂവെന്ന് മട്ടന്നൂരിലെ ജനങ്ങള്‍ തെളിയിച്ചിരിക്കുകയാണ്. ആര്‍ എസ് എസിന്റെ അക്രമത്തിനും അഴിമതിക്കുമെതിരായ വിധിയെഴുത്താണ് മട്ടന്നൂരിലെ ജനങ്ങള്‍ നല്‍കിയത്. 

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലിംലീഗിന്റെ നയങ്ങള്‍ ശരിയല്ലെന്നതിന്റെ തെളിവാണ് യു ഡി എഫിന്റെ പ്രത്യേകിച്ച്, ലീഗിന്റെ കോട്ടയായ മൂന്ന് വാര്‍ഡുകളില്‍ എല്‍ ഡി എഫ് സ്വന്തമാക്കിയ ജയമെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.