Latest News

മഴയെക്കുറിച്ച് പറയാന്‍ നിനകകെന്തവകാശം..?

കണ്‍മുന്നില്‍ മഴ വീണ്ടും പാടുന്നു...വെളുത്ത ആകാശത്തിനിപ്പോള്‍ കറുത്ത നിറമാണ്...കവിതയാണ് മഴയെന്ന് ഞാന്‍പറയും....എഡാ, എന്നോടിനി ചോദിക്കരുത് മഴയെക്കുറിച്ചെന്തിനിങ്ങനെ എഴുതിവെക്കുന്നുവെന്ന്, അല്ലെങ്കിലും ഞാനല്ലാതെ പിന്നെ ആരാ മഴയെപറ്റി പറയേണ്ടത്? [www.malabarflash.com]
എസി വെച്ച മുറിയില്‍ തണുപ്പും ചൂടുമില്ലാതെ ഇന്റര്‍നെറ്റ് സൈറ്റില്‍ മഴ ചിത്രം കാണുന്ന പ്രിയ കൂട്ടുകാര നിനക്കുള്ളതല്ല ഈ മഴകളൊന്നും, പ്ലീസ് നീ അതിനെക്കുറിച്ച് വാചലമാകരുത്...

കടലാസു തോണിയൊഴുക്കാന്‍ കാത്തുനില്‍ക്കാതെ മഴയെ തൊടാന്‍ പേടിക്കുന്ന കുഞ്ഞനുജത്തിക്ക് എന്തിനാണ് നീ മഴയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നത്....? 

ഇന്റര്‍ലോക് പാകിയ മുറ്റത്ത് മുത്തംവെക്കാനാവാതെ മഴ വിതുമ്പി മടങ്ങുമ്പോള്‍ മാര്‍ബിള്‍ പതിച്ച സിറ്റൗട്ടിലിരുന്ന് ചിരിക്കുന്ന കൂട്ടുകാര, മഴയെക്കുറിച്ച് പറയാന്‍ നിനക്കെന്ത് അവകാശമാണ്..... ?

ഗ്ലാസ് താഴ്ത്താത്ത നിന്റെ ഫുള്‍ ഓപ്ഷന്‍ കാറിന്റെ വൈപ്പറുകൊണ്ട് മഴത്തുള്ളികളെ തല്ലിയോടിച്ച നിനക്ക് മഴയെക്കുറിച്ച് പറയാന്‍ ആരാണ് അവകാശം തന്നത്....? 

ഈ മഴ നനഞ്ഞ് നിനക്കെപ്പോഴെങ്കിലും ഇളം പനി വന്നിട്ടുണ്ടോ?
ചോദിച്ചോട്ടെ, കോണ്‍ക്രീറ്റുകൊണ്ട് പ്രതിരോധം തീര്‍ത്ത നിന്റെ വീടിനുള്ളിലേക്ക് എന്നെങ്കിലും മഴയുടെ സംഗീതം എത്തിയിട്ടുണ്ടോ? മഴ വീണ് മുറ്റം വികൃതമാകാതിരിക്കാന്‍ ടെറസ്സിനുമുകളിലെ വെള്ളത്തെ നീ അഴുക്കുചാലിലേക്ക് പൈപ്പുവെച്ച് കൊടുത്തില്ലെ....? 

പ്രിയ സുഹൃത്തെ ശരീരമാസകലം മറയുന്ന ജാക്കറ്റണിഞ്ഞ് പുത്തന്‍ ബൈക്കില്‍ പായുന്ന നീ മഴയെ തോല്‍പ്പിച്ചവനാണ്...ഓട്ടവീണ കുടപിടിച്ച് വീടണയുന്ന ഞങ്ങള്‍ക്കുള്ളതാണി മഴകളത്രയും...ആസ്വദിക്കുക മാത്രമല്ല കെട്ടിപിടിച്ചുമ്മവെക്കുകയാണ് ഞങ്ങളീ മഴയെ!
നല്ല നിലവാരമുള്ള നിന്റെ ബാഗിലെ പുസ്തകം ഒരിക്കലും നനഞ്ഞിട്ടുണ്ടാവില്ല. പക്ഷെ, ഞങ്ങള്‍ക്കെന്നും അടുപ്പിനരികില്‍ വെച്ച് അതിന്റെ നനവെടുക്കണം. എന്നിട്ടും മഴയെ ശപിച്ചിട്ടില്ല ഞങ്ങള്‍....അതെ, മഴ പെയ്യുന്നത് ഞങ്ങളുടെ മനസ്സിലേക്കാണ്...

നീ എപ്പോഴെങ്കിലും മഴചെളിയില്‍ വഴുതി വീണിട്ടുണ്ടോ? നിന്റെ ഒറ്റചെരുപ്പ് ഒഴുകിപോയിട്ടുണ്ടോ...? 

ചോദിച്ചോട്ടെ, കാറ്റിനെസഹിക്കാനാവാതെ ഒരു പെരുമഴയത്രയും നീ നിന്നു നനഞ്ഞിട്ടുണ്ടോ....? കുട മടക്കിവെച്ച് ഓടിയിട്ടുണ്ടോ നീ...? 

നിര്‍ത്താതെ പെയ്യുന്ന നാളുകളില്‍ ഇടക്കിടെ ക്ലാസ് കട്ടാകുമ്പോള്‍ മാവേലിയെന്നുപറഞ്ഞ് നിങ്ങളെന്നെ കളിയാക്കും. നനഞ്ഞുകുതിര്‍ന്ന ഉടുപ്പണിഞ്ഞ് അല്ലെങ്കിലും ഞാനെങ്ങനെയാഡ വാനില്‍ വരാന്തയില്‍ വന്നിറങ്ങുന്ന നിങ്ങളുടെ അരികിലിരിക്കുക?
അറിയാം, നല്ല മഴവരുമ്പോള്‍ നീ ബിരിയാണിയും ചിക്കന്‍ തന്തൂരിയുമൊരുക്കും. വെളിയിലിറങ്ങാതെ സുഖിച്ച് കഴിച്ചുകൊണ്ടിരിക്കാന്‍! സുഹൃത്തെ, അപ്പോള്‍ ഞാന്‍ ആധിയോടെ മഴയെ നോക്കുകയാവും...

നിനക്കറിയുമോ ഈ മഴപെയ്യുന്നത് എന്റെ നെറുകയിലേക്കാണ്, പക്ഷെ മഴയെ വെറുക്കില്ല ഞാന്‍, വെള്ളം കുടിച്ചെങ്കിലും ജീവിക്കാമല്ലോ. അപ്പോള്‍ നീ കണക്കുകൂട്ടുന്നത് വെള്ളം കുപ്പിയിലാക്കി എങ്ങനെ കീശനിറക്കാമെന്നതിനെക്കുറിച്ചായിരിക്കുമല്ലെ....? 
സുഹൃത്തെ മഴ വരുമ്പോള്‍ ഞാന്‍ ഒന്നും മിണ്ടാതെ മഴയെ മാത്രം നോക്കിയിരിക്കും. അതേഡ, ഓരോ മഴത്തുള്ളിയിലും എന്റെ ബാല്യമുണ്ട്, ഓരോ മഴത്തുള്ളിക്കുമുന്നിലും ഞാനെന്റെ അമ്മയുടെ കുഞ്ഞുമോനാവുന്നുണ്ട്. 

ചോരുന്ന കുടിലില്‍ ഉറങ്ങാതെ നേരം പുലര്‍ന്നതും ഉണ്ണാതെ കാത്തിരുന്നതുമെല്ലാം ഓര്‍ക്കുമ്പോള്‍ സുഹൃത്തെ എനിക്കല്ലാതെ പിന്നെയാര്‍ക്കാണ് മഴയെക്കുറിച്ചെഴുതാന്‍ അവകാശമുള്ളത്?
മഴവെള്ളത്തില്‍ ബ്രേക്കുറക്കാത്ത നേരം ഏതോ ഒരു കുട്ടി നടുറോഡില്‍ മരിച്ചുവീണപ്പോള്‍ ട്രാഫിക് ജാമില്‍ കുടങ്ങിയ നേരത്തായിരിക്കും നീ അല്‍പ്പമെങ്കിലും മഴയെ കണ്ടത്!
തിമിര്‍ത്തുപെയ്യുന്നൊരു കര്‍ക്കിടകത്തില്‍ സ്‌കൂള്‍ വിട്ട് പേടിച്ചുപായുമ്പോള്‍ നാട്ടുവയലിലെ ഒറ്റയടിപ്പാലത്തില്‍ നിന്ന് തോട്ടിലേക്ക് വീണുപോയിട്ടുണ്ട് ഞാന്‍. അന്ന് മഴയെയും മഴവെള്ളത്തേയും ഭീതിയോടെ നോക്കി നിന്നു ഒരുപാട് നേരം..മഴയെ ആസ്വദിക്കുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു ഞാന്‍...
മഴക്കാലം വരുമ്പോള്‍ ചളിപുരണ്ട് പാവാതിരിക്കാന്‍ നീ നിന്റെ ബൈക്ക് വില്‍ക്കുകയോ കയറ്റിവെക്കുകയോ ചെയ്യും...അനങ്ങാതെ ഒരു മഴക്കാലമത്രയും ഒതുങ്ങിയിരിക്കാന്‍ നിനക്ക് വീടും നല്ല ഭക്ഷണവുമുണ്ടല്ലോ...ഞാനന്നേരം പാടത്ത് പണിക്കുപോവാന്‍ ഒരു ഓട്ടക്കുട തേടുകയാവും...
വീടു വിട്ടാലും മഴ നിനക്ക് കുളിരു തരുമല്ലോ? എനിക്കറിയാം, മഴ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് നീ കൂട്ടുകാരനോട് വാട്‌സ്അപ്പില്‍ ചാറ്റുമായിരിക്കും വെറുതെ...
എപ്പോഴും മഴ എന്റെ ഉള്ള് തൊടും, നാട്ടിലെ പൊളിഞ്ഞു വീഴാറായ വീട്, എന്നെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന ഉമ്മ..പ്രിയ കൂട്ടുകാര ഇനിയെങ്കിലും സമ്മതിക്കൂ, ഞാനല്ലാതെ പിന്നെയാരാണ് മഴയെക്കുറിച്ച് പറയേണ്ടത്?

_എബി കുട്ടിയാനം

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.