Latest News

സന ഫാത്തിമയെ കണ്ടെത്താന്‍ ദുരന്തനിവാരണ സേന പാണത്തൂരിലേക്ക്

പാണത്തൂര്‍: പാണത്തൂരില്‍ കാണാതായ സന ഫാത്തിമ എന്ന നാലുവയസ്സുകാരിയെ കണ്ടെത്താന്‍ ചൊവ്വാഴ്ച സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരെത്തുമെന്നു ജില്ലാ കലക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു.[www.malabarflash.com]

രാവിലെ പാണത്തൂരിലെത്തുന്ന സംഘം ഓവുചാലില്‍ കൂടി കുട്ടി ഒഴുകിപ്പോയി എന്നു പറയുന്ന ബാപ്പുങ്കയം പുഴയില്‍ സ്‌കൂബ് ക്യാമറ ഉപയോഗിച്ചു പരിശോധന നടത്തും.
വെള്ളത്തിലിറക്കുന്ന ക്യാമറയില്‍ നൂറു മീറ്റര്‍ ദൂരത്തിലുള്ള വസ്തുക്കള്‍ പതിയും. ഇത്തരത്തിലുള്ള പരിശോധനയിലൂടെ പുഴയിലെ അടിത്തട്ടില്‍ വരെ തിരച്ചില്‍ നടത്താനാകും. ഇത്തരം പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് സ്‌കൂബ് ക്യാമറയുടെ സഹായം തേടേണ്ടിവരുന്നത്.

ഏഴിന് വൈകിട്ട് നാലുമണിയോടെയാണ് പാണത്തൂര്‍ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തുനിന്നു സന ഫാത്തിമയെ കാണാതാകുന്നത്. ശക്തമായ മഴയില്‍ മുറ്റത്തെ ഓവുചാലില്‍ നിറയെ വെള്ളമായിരുന്നു. കുട്ടിയുടെ കുടയും ചെരിപ്പും ഓവുചാലിനു സമീപത്തുനിന്നു കണ്ടതിനാലാണ് കുട്ടി ഓവുചാലില്‍ വീണ് ഒഴുകിപ്പോയതായിരിക്കാമെന്ന് പോലീസ് പറയുന്നത്. മറ്റു രീതിയില്‍ കാണാതാകാന്‍ സാധ്യതയില്ലെന്നും പോലീസ് കരുതുന്നു.

ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, കലക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

സംഭവദിവസം പ്രദേശത്ത് നാടോടികളെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് സംസ്ഥാനത്തും പുറത്തും ഉള്ള എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും വിവരം നല്‍കിയിരുന്നു. തിങ്കളാഴ്ച നീലേശ്വരത്തു തമ്പടിച്ചിരിക്കുന്ന, പാണത്തൂര്‍ ഭാഗത്തേക്കു സ്ഥിരമായി പോകുന്ന മൂന്നു നാടോടികളെ ചോദ്യം ചെയ്തു. സന ഫാത്തിമയുടെ വീടിന് ചുറ്റുപാടുമുള്ള വീടുകളില്‍ പോലീസ് നടത്തുന്ന പരിശോധന തുടരുന്നു.

പുഴയില്‍ മൂന്നു ദിവസം അഗ്‌നിശമന സേനയും രണ്ടു ദിവസം നീലേശ്വരം തീരരക്ഷാ സേനയും തിരച്ചില്‍ നടത്തിയെങ്കിലും സൂചനകള്‍ ലഭിച്ചിട്ടില്ല. ഇതോടെയാണ് സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ടത്.

പി.കരുണാകരന്‍ എംപി തിങ്കളാഴ്ച സന ഫാത്തിമയുടെ വീട്ടിലെത്തി സര്‍ക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

അന്വേഷണത്തിന് വെള്ളരിക്കുണ്ട് സിഐ എം.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
പാണത്തൂരില്‍ സന ഫാത്തിമയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ മാധ്യമവാര്‍ത്തകളെത്തുടര്‍ന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവര്‍ 15 ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.


Monetize your website traffic with yX Media

 Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.