Latest News

കാസര്‍കോട് സിനാന്‍ വധക്കേസ് : 17ന് വിധി പറയും

കാസര്‍കോട്: ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 17ന് വിധി പറയും.[www.malabarflash.com]

നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മാമു-ആയിഷ ദമ്പതികളുടെ മകനും കാസര്‍കോട് സിടിഎം പെട്രോള്‍ പമ്പിലെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് സിനാനെ(19) കുത്തികൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത്. 

2008 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് 2.45ഓടെയാണ് സംഭവം. വീട്ടിലേക്ക്  ഉച്ചഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പോകുന്ന വഴിയില്‍ അസുഖബാധിതനായി കഴിയുന്ന സുഹൃത്തിന്റെ വീടായ ആനവാതുക്കലില്‍ പോയി സുഹൃത്തിനെ സന്ദര്‍ശിച്ച് മടങ്ങും വഴി ആനവാതുക്കലിന് സമീപം ഓവര്‍ബ്രിഡ്ജിന് അടുത്ത് വച്ചാണ് മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി കുത്തികൊലപ്പെടുത്തിയത്. 

കാസര്‍കോട് പോലിസ് രജിസ്റ്റര്‍ ചെയ്ത 292/08 കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ സിഐ കെ ദാമോദരനാണ് പ്രതികളെ മംഗളുരുവിലെ പമ്പുവയലില്‍ വച്ച് 2008 മേയ് മൂന്നിന് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം കര്‍ണാടക സുബ്രഹ്മണ്യയിലെ ഒരു ആരാധനാലയത്തില്‍ എത്തിയ പ്രതികള്‍ പോലിസ് പിന്തുടര്‍ന്നുവെന്ന് മനസ്സിലാക്കി അവിടെ നിന്ന് ബംഗളൂരുവിലേക്ക് രക്ഷപ്പെടുന്നതിനിടയിലാണ് പിടിയിലായത്. 

നുള്ളിപ്പാടി ജെപി കോളനിയിലെ ജ്യോതിഷ്, കിരണ്‍കുമാര്‍, നിതിന്‍ കുമാര്‍ എന്നിവരാണ് പ്രതികള്‍. 

2008 ഏപ്രില്‍ 14ന് വിഷുദിന രാത്രിയില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം വച്ച് പള്ളം അച്ചപ്പ കോംപൗണ്ടിലെ സന്ദീപ് കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കാസര്‍കോട് നഗരത്തില്‍ സാമുദായിക സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് സിനാന്‍, സന്ദീപ് അടക്കം നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. സിനാനെ കൊലപ്പെടുത്താന്‍ കാരണം സന്ദീപിനെ കൊലപ്പെടുത്തിയതിന്റെ വിരോധമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 

കാസര്‍കോട് നടക്കുന്ന സാമുദായിക കൊലപാത കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തിയാല്‍ മാത്രമേ കാസര്‍കോട് സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനാവുകയുള്ളുവെന്ന് നാട്ടുകാര്‍ പറയുന്നു. 

സിനാന്‍ വധക്കേസില്‍ മൊത്തം 48 സാക്ഷികളാണ് ഉണ്ടായിരുന്നത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി എന്‍ ഇബ്രാഹിമിന്റെ അപേക്ഷ പരിഗണിച്ച് മൂന്ന് സാക്ഷികളെ കൂടി കോടതി ഉള്‍പ്പെടുത്തിയിരുന്നു. 23 പേരേയാണ് കോടതി വിസ്തരിച്ചത്. 

കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച വിചാരണ ഈ മാസമാണ് പൂര്‍ത്തിയായത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി അന്വേഷണ സംഘം തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തിന് വേണ്ടി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ് ഹാജരായത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.