കാസര്‍കോട്: പ്രവാചകന്‍ ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണകള്‍ നെഞ്ചേറ്റി വിശ്വാസികള്‍ ബലിപെരുന്നാള്‍ (ഈദുല്‍ അസ്ഹ) ആഘോഷിക്കുന്നു.[www.malabarflash.com]
ഹജജ് കര്‍മത്തിനു പോയവരും വെളളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നതോടെ നാടിനൊപ്പം ഗള്‍ഫ് രാജ്യങ്ങളും ആഘോഷത്തിലാണ്.
കൂടാതെ വെള്ളിയാഴ്ച ദിവസം ബലിപെരുന്നാളായതിന്റെ സന്തോഷം കൂടിയുണ്ട്. ഇബ്രാഹിം നബിയുടെ സ്മരണകള്‍ ഉള്‍ക്കൊണ്ടു മനസ്സിനെയും ശരീരത്തെയും നവീകരിക്കാനുള്ള അവസരമാണു ബലിപെരുന്നാള്‍.
വാര്‍ധക്യത്തില്‍ ലഭിച്ച പ്രിയമകനെ ബലി നല്‍കണമെന്നു നിര്‍ദേശം ലഭിച്ചപ്പോള്‍ വിശ്വാസത്തിന്റെ ദൃഢതയില്‍ ഇബ്രാഹിം നബി അതിനു തയാറായി. ആ വിശ്വാസം പരമകാരുണികന്‍ അംഗീകരിച്ചതോടെ മകനു പകരം ഒരു ആടിനെ ബലി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആ ദൃഢതയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചും ഏതു പ്രതികൂല സാഹചര്യത്തിലും സത്യത്തിന്റെ വഴിയില്‍ ഉറച്ചുനില്‍ക്കണമെന്നുള്ള സന്ദേശം ഉള്‍ക്കൊണ്ടുമാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നതും മൃഗങ്ങളെ ബലിയറുത്തു നല്‍കുന്നതും.
ബലി നല്‍കാനുള്ള മൃഗങ്ങളെ ദിവസങ്ങള്‍ക്കു മുന്‍പേ ഒരുക്കിയിട്ടുണ്ട്. ഓരോ മഹല്ലുകളുടെ കീഴിലും ഒറ്റയ്ക്കും ബലികര്‍മങ്ങള്‍ നടക്കുന്നുണ്ട്. പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷം ബലികര്‍മത്തിനുള്ള നടപടികള്‍ ആരംഭിച്ചു. വെള്ളിയാഴ്ച ദിവസമായതിനാല്‍ പലയിടങ്ങളിലും ബലി ശനിയാഴ്ചയാണു നടക്കുന്നത്. തുടര്‍ന്ന് അവകാശികള്‍ക്കു മാംസം എത്തിച്ചുനല്‍കും.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു ഗവര്‍ണര്‍ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ആഹ്ലാദപൂര്‍ണമായ ബക്രീദ് ആശംസിച്ചു. ത്യാഗത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് ഈദുല്‍ അസ്ഹയും ഹജ് കര്‍മവും നല്‍കുന്നത്. ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു.
ഈദുല്‍ അസ്ഹ പ്രമാണിച്ചു ഗവര്‍ണര്‍ പി.സദാശിവം സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ആശംസ നേര്‍ന്നു. ബക്രീദ് ആഘോഷങ്ങള്‍ ഉല്‍കൃഷ്ടമായ ചിന്തയിലൂടെയും പ്രവൃത്തികളിലൂടെയും സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും ശക്തിപ്പെടുത്താന്‍ നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് അദ്ദേഹം ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
No comments:
Post a Comment