Latest News

ദുരിതമനുഭവിക്കുന്ന ജന വിഭാഗങ്ങള്‍ക്ക് സഹായങ്ങളെത്തിക്കാന്‍ പെരുന്നാള്‍ സുദിനം പ്രയോജനപ്പെടുത്തണം: കാന്തപുരം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജന വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും സഹായങ്ങളെത്തിക്കാനും ബലി പെരുന്നാള്‍ സുദിനം പ്രയോജനപ്പെടുത്തണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.[www.malabarflash.com] 

പലയിടങ്ങളിലും സംഘര്‍ഷഭരിതമാണ് വിശ്വാസികളുടെ ജീവിതങ്ങള്‍. നമ്മുടെ പ്രാര്‍ഥനകളില്‍ അവരുണ്ടാകണം. സഹായ ഹസ്തങ്ങള്‍ എല്ലാവരിലേക്കുമെത്തണം. കുടുംബങ്ങളിലും അയല്‍വീടുകളിലും പോയി ബന്ധങ്ങള്‍ ദൃഢമാക്കണം. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും അനുപമമായ ഒത്തുചേരലാണ് പെരുന്നാളിലൂടെ നടക്കുന്നത്. 

വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ലോകത്ത് ജീവിക്കുന്ന വിശ്വാസികള്‍ എല്ലാ വ്യത്യാസങ്ങള്‍ക്കുമപ്പുറം ഒരേ മന്ത്രവും വസ്ത്രധാരണവും ചുവടു വെപ്പുകളുമായി ഹജ്ജ് കര്‍മം നിര്‍വഹിക്കുന്ന സന്ദര്‍ഭമാണിത്. ഹജ്ജിന്റെയും ബലി പെരുന്നാളിന്റെയും പിന്നിലുള്ള മതപരമായ താത്പര്യം സദാ സ്രഷ്ടാവിന് വഴിപ്പെട്ടുകൊണ്ട് ജീവിച്ച ഇബ്‌റാഹീം നബിയെയും കുടുംബത്തെയും അനുസ്മരിക്കുക എന്നതാണ്. 

ജീവിതം സാര്‍ഥകമാക്കിയവരെ അല്ലാഹു എത്രത്തോളം പരിഗണിക്കുന്നു എന്നുകൂടി ഹജ്ജ് കര്‍മം ഉണര്‍ത്തുന്നു. ലോകത്തുള്ള രണ്ടു മില്ല്യനിലധികം ജനങ്ങള്‍ സംഗമിച്ച് ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ മാനവികതയുടെയും ഐക്യത്തിന്റേയും ഉദാത്തമായ ആവിഷ്‌കാരമാണ് സംഭവിക്കുന്നത്-കാന്തപുരം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.