മലപ്പുറം: കടുത്ത പരീക്ഷണ ഘട്ടത്തിലും ആദര്‍ശപാതയില്‍ പതറാതെ കാരുണ്യവും വിവേകവും മുറുകെ പിടിച്ച് മുന്നോട്ടു പോകുന്നവര്‍ക്കാണ് അന്തിമ വിജയമെന്ന സന്ദേശമാണ് ഈദുല്‍ അസ്ഹ പകര്‍ന്നു നല്‍കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.[www.malabarflash.com]
ലോകത്തെവിടെയായാലും മനുഷ്യത്വം മാനിക്കപ്പെടണം. നീതിയിലും നന്മയിലും അധിഷ്ഠിതമായിരിക്കണം സമൂഹം. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും ഉത്കൃഷ്ട മാതൃകയാണ് ഹജ്ജും അതിന് അനുബന്ധമായ ബലിപെരുന്നാളും.
ഹസ്രത്ത് ഇബ്രാഹിം നബി (അ) മാനവ സമൂഹത്തിന് കാണിച്ചുകൊടുത്ത ആദര്‍ശ പാതയാണത്. ഒരേ വേഷവും ഒരേ ലക്ഷ്യവും ഒരേ മന്ത്രവുമായി ലോകത്തിന്റെ പരിഛേദം വിശുദ്ധ ഹജ്ജിനെത്തി. കറുത്തവനും വെളുത്തവനും, സമ്പന്നനും ദരിദ്രനും, പണ്ഡിതനും പാമരനും തുടങ്ങി വൈവിധ്യത്തിന്റെ മനോഹാരിതയിലും സമത്വത്തിന്റെ മാനവീക ദൃശ്യമാണ് ഹജ്ജ് സമ്മാനിക്കുന്നത്.
പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ അറഫയിലെ വിടവാങ്ങല്‍ പ്രസംഗം മനുഷ്യാവകാശത്തിന്റെ സമ്പൂര്‍ണ വിളംബരമായിരുന്നു. നീതി നിഷേധത്തിനും സാമ്പത്തിക ചൂഷണത്തിനും ഹിംസക്കുമെതിരെ മാനവികത ഉയര്‍ത്തി പിടിക്കാനായിരുന്നു ആ ആഹ്വാനം. വിശ്വാസി പിന്തുടരേണ്ടതും പകര്‍ന്നു നല്‍കേണ്ടതും ഈ മനുഷ്യ നന്മയുടെ മാര്‍ഗമാണ്.
നീതി നിഷേധിക്കപ്പെടുന്ന എല്ലാ മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതുണ്ട്. ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തം നീട്ടുക. സമൂഹത്തിലെങ്ങും ഐക്യവും സമാധാനവും ശാന്തിയും നിലനിര്‍ത്തി പുരോഗതിയിലേക്കുള്ള പ്രയാണത്തിന് കരുത്ത് പകരുക. വര്‍ഗീയ, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഒരു രാജ്യത്തിനും സമൂഹത്തിനും രക്ഷയാകില്ല. മനുഷ്യവര്‍ഗത്തിന്റെ സമൂല നാശത്തിലേക്കാണത് നയിക്കുക.
മനുഷ്യാവകാശങ്ങളുടെ പക്ഷത്ത് നില്‍ക്കാനും മാനവിക ഐക്യത്തിനായി നിലകൊള്ളാനും ഈ സുദിനത്തില്‍ പ്രതിജ്ഞ പുതുക്കുക.
എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.
അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്
എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.
അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്
No comments:
Post a Comment