Latest News

കോട്ടയത്ത് നിന്നും പഠനയാത്ര പോയ ബസ് ചിക്കമംഗളൂരുവില്‍ മറിഞ്ഞു; രണ്ട് വിദ്യാര്‍ഥിനികള്‍ മരിച്ചു

ചിക്കമഗളൂരു∙ കേരളത്തിൽനിന്നു വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് കർണാടകത്തിലെ ചിക്കമഗളൂരുവിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ഇവരിൽ 10 പേരുടെ നില ഗുരുതരമാണ്. കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളജിൽനിന്നു പഠനയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.[www.malabarflash.com]

അമൽജ്യോതി എൻജിനീയറിങ് കോളജിലെ ബിടെക് ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥികളായ ചങ്ങനാശേരി മാടപ്പാട് സ്വദേശി മെറിൻ സെബാസ്റ്റ്യൻ, വയനാട് സ്വദേശി ഐറിൻ മരിയ ജോർജ് എന്നിവരാണു മരിച്ചതെന്നു ചിക്കമഗളൂരു പോലീസ് അറിയിച്ചു. 

വെള്ളിയാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു അപകടം. ഓണം അവധി പ്രമാണിച്ച് കോളജിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള വിദ്യാർഥികൾ പല സംഘങ്ങളായി വിനോദയാത്രയ്ക്കും പഠനക്യാംപിനുമായി പുറപ്പെട്ടിരുന്നു. ഈ സംഘത്തിലെ ഒരു ബസാണ് അപകടത്തിൽപ്പെട്ടത്.

മാഗഡി അണക്കെട്ടിനു സമീപം ബസ് നിയന്ത്രണംവിട്ടു ചതുപ്പിലേക്കു മറിയുകയായിരുന്നു. കനത്ത മഴയെത്തുടർന്നു ബസ് റോഡിൽനിന്നു തെന്നിമാറി എന്നാണ് അറിയുന്നത്. എതിരെ വന്ന ട്രാക്ടറിനു സൈഡ് കൊടുക്കുന്നതിനിടെയാണു ബസ് ഡാമിലേക്കു മറിഞ്ഞതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പരുക്കേറ്റവരെ ഹാസനിലെ ജില്ലാ ആശുപത്രിയിലും ചിക്കമംഗളൂരുവിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. തൊട്ടുപിന്നാലെയെത്തിയ പോലീസും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ബെംഗളൂരു, കുടക്, ഊട്ടി എന്നിവിടങ്ങളിലേക്കായിരുന്നു വിദ്യാർഥികളുടെ യാത്ര. അപകടത്തിൽപ്പെട്ട ബസിൽ 36 വിദ്യാർഥികളും രണ്ട് അധ്യാപകരും ഒരു രക്ഷാകർതൃ പ്രതിനിധിയുമുണ്ടായിരുന്നു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.